Monday, July 18, 2011

സഭയില്‍ മാണിയെ ഒതുക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

ഭൂപരിഷ്കരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബജറ്റ്പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന മന്ത്രി കെ എം മാണിയുടെ വെളിപ്പെടുത്തല്‍ യുഡിഎഫിലെ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ബജറ്റിനെ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയുള്ള മാണിയുടെ തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇതേതുടര്‍ന്ന് നിയമസഭയില്‍ മാണിയെ ഒതുക്കാന്‍ കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞിരിക്കുകയാണ്. തോട്ടങ്ങള്‍ ടൂറിസംപദ്ധതിക്ക് വിട്ടുകൊടുക്കുന്നതടക്കമുള്ള ഭൂപരിഷ്കരണ ഭേദഗതിനിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് ശനിയാഴ്ച മാണി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട്കെപിസിസി പ്രസിഡന്റിനെയും മാണി പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിലെ എല്ലാ വിഭാഗവും മാണിക്കെതിരായി മാറിയത്. തിങ്കളാഴ്ചയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭൂപരിഷ്കരണവിഷയം സഭയില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കും. ഇതായിരിക്കും കോണ്‍ഗ്രസിന്റെ നിലപാടെന്ന് ഒരു പ്രമുഖ നേതാവ് "ദേശാഭിമാനി"യോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാലാണ് മാണിയുടെ നിലപാടില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും തിരുവഞ്ചൂര്‍ പരസ്യമായി പ്രതികരിക്കാത്തത്. എന്നാല്‍ , നിയമസഭയില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് പാര്‍ടി അനുവാദം നല്‍കിയിട്ടുണ്ട്. ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് തന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പരാതിപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നാണ് മാണി തുറന്നടിച്ചത്. കോണ്‍ഗ്രസുകാരുടെ പരാതി മുഖ്യമന്ത്രി തീര്‍ക്കട്ടെ, അല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ്് രമേശ് ചെന്നിത്തലയോട് ചോദിക്കട്ടെ- ഇതാണ് മാണിയുടെ നിലപാട്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനുപകരമുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ ചര്‍ച്ചയ്ക്കുവരും. തിരുവഞ്ചൂരാണ് ബില്‍ അവതരിപ്പിക്കുന്നത്. പരിസ്ഥിതിസംരക്ഷണ വിഷയങ്ങളും ബില്ലിന്റെ ചര്‍ച്ചയില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍തന്നെ ബജറ്റ് പ്രഖ്യാപനത്തിനെതിരായി സംസാരിക്കും. ബജറ്റ് അവതരിപ്പിച്ചതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഉന്നയിച്ചിരുന്നു. വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്നോട് ചര്‍ച്ച ചെയ്യാതെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയതെന്ന് തിരുവഞ്ചൂര്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഈ പ്രതിഷേധം ബന്ധപ്പെട്ട വേദിയില്‍ ഉന്നയിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. സഭാസമ്മേളനം തീരുന്ന ബുധനാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗംവീണ്ടും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് വിഷയത്തില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കേണ്ടിവരുമെന്നതിനാലാണ് നിയമസഭാ വേദി തെരഞ്ഞെടുക്കാന്‍ തിരുവഞ്ചൂര്‍ തീരുമാനിച്ചതെന്നാണ് വിവരം. ലീഗിന്റെ പിന്തുണ ഇക്കാര്യത്തില്‍ മാണിക്ക് ലഭിക്കാന്‍ സാധ്യതയില്ല. പ്രശ്നം പാര്‍ടി ചര്‍ച്ചചെയ്തിട്ടില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ "ദേശാഭിമാനി"യോട് പറഞ്ഞു.

മാണിയുമായുള്ള ഇന്റര്‍വ്യൂ 3 ഭാഗങ്ങള്‍ ഇവിടെ

Venu Balakrishnan - close encounter part 1 [ Reporter HD ]
Venu Balakrishnan - close encounter part 2 [ Reporter HD ]
Venu Balakrishnan - close encounter part 3 [ Reporter HD ]

1 comment:

  1. ഭൂപരിഷ്കരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബജറ്റ്പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന മന്ത്രി കെ എം മാണിയുടെ വെളിപ്പെടുത്തല്‍ യുഡിഎഫിലെ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ബജറ്റിനെ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയുള്ള മാണിയുടെ തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഇതേതുടര്‍ന്ന് നിയമസഭയില്‍ മാണിയെ ഒതുക്കാന്‍ കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞിരിക്കുകയാണ്.

    ReplyDelete