Sunday, July 17, 2011

കേന്ദ്രത്തിന്റെ വെപ്രാളം കള്ളപ്പണക്കാരെ രക്ഷിക്കാന്‍

സുപ്രീംകോടതിയില്‍ പിന്‍വലിക്കല്‍ ഹര്‍ജി നല്‍കിയതോടെ രാജ്യത്തെ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനുള്ള വ്യഗ്രത ഒരിക്കല്‍ക്കൂടി വ്യക്തമായി. കള്ളപ്പണക്കാരെ കണ്ടെത്താനും കള്ളപ്പണം തിരികെകൊണ്ടുവരാനും പ്രത്യേകാന്വേഷണസംഘത്തിന് രൂപംനല്‍കിയതിനോട് തുടക്കംമുതല്‍ അസഹിഷ്ണുത പ്രകടിപ്പിച്ച കേന്ദ്രം ഉത്തരവ് പിന്‍വലിക്കാന്‍ പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി അധികാരപരിധി ലംഘിക്കുന്നെന്ന ആക്ഷേപമാണ് കേന്ദ്രം ഇതിനു മുന്നോട്ടുവയ്ക്കുന്നത്.

സ്വിസ് ബാങ്കുകള്‍ അടക്കമുള്ള പല വിദേശബാങ്കുകളിലും ഇന്ത്യക്കാരുടേതായി ലക്ഷക്കണക്കിനു കോടി രൂപ നിക്ഷേപമുണ്ടെന്നത് നേരത്തെ വ്യക്തമായതാണ്. വിദേശബാങ്കുകളിലെ കള്ളപ്പണത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ഇന്ത്യാക്കാര്‍തന്നെ. കള്ളപ്പണത്തിന്റെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. അഞ്ചുലക്ഷം കോടിമുതല്‍ അഞ്ഞൂറു ലക്ഷം കോടിവരെ ഉണ്ടാകുമെന്നാണ് കണക്ക്. സ്വിസ് ബാങ്കുകളിലെമാത്രം കള്ളപ്പണം ഒന്നരലക്ഷം കോടി ഡോളര്‍വരും. നിക്ഷേപകരുടെ പേരുവിവരങ്ങള്‍ ഒരിക്കലും പുറത്തുവിടില്ലെന്ന ഉറപ്പാണ് സ്വിറ്റ്സര്‍ലന്‍ഡിലെയും മറ്റും ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഇന്ത്യാക്കാരെ പ്രേരിപ്പിക്കുന്നത്. തങ്ങളുടെ ബാങ്കുകളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്ന് സ്വിസ് ബാങ്ക് വെളിപ്പെടുത്തിയതോടെയാണ് രാജ്യത്ത് കള്ളപ്പണവിവാദം സജീവമായത്. മുതിര്‍ന്ന അഭിഭാഷകനായ രാം ജെത്മലാനി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി യില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന കേന്ദ്രസമീപനത്തെ കോടതി വിമര്‍ശിച്ചത്.

ഇന്ത്യക്കാരായ കള്ളപ്പണനിക്ഷേപകരില്‍ പ്രധാനിയാണ് പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹസന്‍ അലിഖാന്‍ . കാശിനാഥ് തപൂരിയയാണ് മറ്റൊരാള്‍ . ഹസന്‍ അലിഖാനുമാത്രം 50,000 കോടിയോളം രൂപയുടെ നിക്ഷേപം വിദേശബാങ്കുകളിലുണ്ട്. ഇയാളുടെ വഴിവിട്ട നീക്കങ്ങള്‍ ആദായനികുതി വകുപ്പിനും മറ്റും വ്യക്തമായി അറിയാമെങ്കിലും നടപടിയുണ്ടാകാറില്ല. 2007ല്‍ അനധികൃത സ്വത്തുസമ്പാദ്യത്തിന് കേസെടുത്തിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല. രാഷ്ട്രീയനേതാക്കളടക്കം പല പ്രമുഖരുടെയും അനധികൃത സമ്പാദ്യമാണ് അലിഖാന്‍വഴി വിദേശബാങ്കുകളില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കം അലിഖാനുമായി ബന്ധമുള്ള പല രാഷ്ട്രീയ നേതാക്കളെയും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഉന്നതതലത്തില്‍ ഇടപെടലുകള്‍ കാരണം അന്വേഷണം വഴിമുട്ടി.

യൂറോപ്പിലെ ലീചന്‍സ്റ്റീന്‍ എന്ന കൊച്ചുരാജ്യം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീചന്‍സ്റ്റീന്‍ ബാങ്ക് അക്കൗണ്ടുള്ള 18 ഇന്ത്യാക്കാരുടെ പേര് സര്‍ക്കാരിന് കൈമാറിയിരുന്നു. മനോരമ കുടുംബാംഗമടക്കം പട്ടികയിലുണ്ടെന്ന് വാര്‍ത്ത വന്നു. എന്നാല്‍ , ഒരാളുടെപോലും പേര് കേന്ദ്രം വെളിപ്പെടുത്തിയില്ല. ജര്‍മനിയുമായി കരാര്‍ ഒപ്പിട്ടതിനാല്‍ പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ഇത് തള്ളിയ സുപ്രീംകോടതി ജര്‍മനിയുമായി ഒപ്പുവച്ച കരാറിന്റെ പേരില്‍ ലീചന്‍സ്റ്റീന്‍ നല്‍കിയ പേരുകള്‍ വെളിപ്പെടുത്താതിരിക്കേണ്ടതില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. പേരുകള്‍ ഉടന്‍ വെളിപ്പെടുത്താനും നിര്‍ദേശിച്ചു. സര്‍ക്കാരിന് വേണ്ടപ്പെട്ട പ്രമുഖരുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന ഘട്ടത്തിലാണ് കോടതിയുമായി പരസ്യ ഏറ്റുമുട്ടലിന് ഒരുങ്ങി കേന്ദ്രം പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോര്‍പറേറ്റുകള്‍ മാത്രമല്ല കള്ളപ്പണക്കാരുംകൂടിയാണ് രണ്ടാം മന്‍മോഹന്‍സിങ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നടപടി.

deshabhimani 170711

1 comment:

  1. സുപ്രീംകോടതിയില്‍ പിന്‍വലിക്കല്‍ ഹര്‍ജി നല്‍കിയതോടെ രാജ്യത്തെ കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനുള്ള വ്യഗ്രത ഒരിക്കല്‍ക്കൂടി വ്യക്തമായി. കള്ളപ്പണക്കാരെ കണ്ടെത്താനും കള്ളപ്പണം തിരികെകൊണ്ടുവരാനും പ്രത്യേകാന്വേഷണസംഘത്തിന് രൂപംനല്‍കിയതിനോട് തുടക്കംമുതല്‍ അസഹിഷ്ണുത പ്രകടിപ്പിച്ച കേന്ദ്രം ഉത്തരവ് പിന്‍വലിക്കാന്‍ പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി അധികാരപരിധി ലംഘിക്കുന്നെന്ന ആക്ഷേപമാണ് കേന്ദ്രം ഇതിനു മുന്നോട്ടുവയ്ക്കുന്നത്.

    ReplyDelete