Sunday, July 17, 2011

2ജി: ചിദംബരത്തിനെതിരായ തെളിവുകള്‍ അവഗണിക്കുന്നു

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും നേട്ടമുണ്ടായിട്ടുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളെ സിബിഐ കണ്ടില്ലെന്നു നടിക്കുന്നു. സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കത്ത് അടുത്തിടെ പുറത്തുവന്നിരുന്നു. ടെലികോംമന്ത്രിയായിരുന്ന എ രാജ 2008 നവംബര്‍ ഏഴിന് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് പുറത്തുവന്നത്.കത്തില്‍ ഇങ്ങനെ പറയുന്നു:

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം താന്‍ 2ജി സ്പെക്ട്രം ഇടപാട് വിശദമാക്കി വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. 2ജി ലൈസന്‍സ് നേടിയ സ്വാന്‍ , യുണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരിവില്‍പ്പന സംബന്ധിച്ച് ധനമന്ത്രി ചിദംബരം പറഞ്ഞതുപ്രകാരമുള്ള വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ ചേര്‍ത്തിട്ടുമുണ്ട്. സ്പെക്ട്രംവില സംബന്ധിച്ച് ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശം അന്ന് ധനമന്ത്രാലയം എതിര്‍ത്തിരുന്നെന്ന് ഇപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ജെപിസി മുമ്പാകെ തെളിവ് നല്‍കിയിരിക്കുന്നത് ചിദംബരത്തെ രക്ഷിക്കാനുള്ള ആലോചനയുടെ ഫലമാണ്.

സ്പെക്ട്രം ഇടപാട് സംബന്ധിച്ച് തീരുമാനങ്ങളെടുത്തത് ധനമന്ത്രാലയവും ടെലികോംമന്ത്രാലയവും ആലോചിച്ചാണെന്നാണ് അഴിമതി ആരോപണം ഉയര്‍ന്ന കാലത്ത് പ്രധാനമന്ത്രി പറഞ്ഞത്. ടെന്‍ഡര്‍ ക്ഷണിച്ച് കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് ലൈസന്‍സ് എന്ന മാനദണ്ഡത്തില്‍ ഉറച്ചുനിന്ന ചിദംബരം പിന്നീട് എ രാജയും കൂട്ടരും തീരുമാനിച്ച മാനദണ്ഡത്തിലേക്ക് മാറുകയായിരുന്നു. ചിദംബരത്തിന്റെ ഈ മനസ്സുമാറ്റത്തിന്റെ കാരണമെന്തെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നു. കൃത്യമായ ഉത്തരം നല്‍കാന്‍ ചിദംബരത്തിനു കഴിഞ്ഞിട്ടില്ല. സ്വാന്‍ , യുണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരിവില്‍പ്പന ധനമന്ത്രാലയം അറിഞ്ഞാണ് നടത്തിയത്. എന്നാല്‍ , സിബിഐ ഈ ഭാഗം അന്വേഷണത്തിന് പരിഗണിക്കുന്നില്ല. 2ജി അന്വേഷണം ആദ്യംമുതലേ വൈകിപ്പിക്കാന്‍ സിബിഐ ശ്രമിച്ചത് ഫയലുകള്‍ താമസിപ്പിച്ചും അപൂര്‍ണമായ ഫയലുകള്‍ നല്‍കിയുമായിരുന്നു. ഇതിനെ വിമര്‍ശിച്ച കോടതി കേസിന്റെ എല്ലാ വശവും പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കേസിന്റെ മൂന്നാമത് ഡയറി ജൂലൈ ആദ്യം കോടതിയില്‍ നല്‍കുമെന്ന് സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യവും സിബിഐയും കേന്ദ്രസര്‍ക്കാരും അവഗണിച്ചു. എ രാജയുള്‍പ്പെടെയുള്ളവരെ ജയിലിലടയ്ക്കാനും മറ്റും സിബിഐ നടപടി സ്വീകരിച്ചത് സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്.

സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദമായ എല്ലാ കൈമാറ്റങ്ങളും അക്കാലത്തെ (2007-08) ധനമന്ത്രിയായിരുന്ന ചിദംബരം അറിഞ്ഞിരുന്നെന്നാണ് ആരോപണം. ലൈസന്‍സ് അനുവദിക്കാന്‍ പോകുന്നകാര്യം, 2001ലെ നിരക്കിലാണ് വില്‍ക്കുന്നതെന്ന വിവരം, ലൈസന്‍സ് ഒപ്പിച്ചെടുത്ത സ്വകാര്യ കമ്പനികള്‍ അവരുടെ ഓഹരികള്‍ വന്‍ വിലയ്ക്ക് വിദേശകമ്പനികള്‍ക്ക് മറിച്ചുവില്‍ക്കാന്‍ തുടങ്ങിയകാര്യം എന്നിവ ചിദംബരത്തിന്റെ അറിവോടെയായിരുന്നു. എന്നാല്‍ , അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും സിബിഐ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറായില്ല. ചിദംബരത്തിനെതിരെ ആരോപണങ്ങള്‍ ആദ്യംമുതലേ ഉയര്‍ന്നെങ്കിലും അവയെ ആരോപണങ്ങള്‍ മാത്രമായി സിബിഐയും സര്‍ക്കാരും എഴുതിത്തള്ളി. ഡിഎംകെ മന്ത്രിമാരും കനിമൊഴിയും ചില ഉദ്യോഗസ്ഥരും സ്വകാര്യകമ്പനികളും മാത്രമേ പ്രതികളുള്ളൂവെന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിക്കാനാണ് ശ്രമം.
(ദിനേശ് വര്‍മ)

സ്പെക്ട്രം: രാജയെ വീണ്ടും ചോദ്യംചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോംമന്ത്രി എ രാജ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബഹുറ, റിലയന്‍സ് എഡിഎജി ഗ്രൂപ്പ് എംഡി ഗൗതം ദോഷി എന്നിവരെ വീണ്ടും ചോദ്യംചെയ്യാന്‍ പ്രത്യേക കോടതി സിബിഐക്ക് അനുമതി നല്‍കി. കേസില്‍ മൂന്നാമത്തെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് ജയിലില്‍ കഴിയുന്ന രാജയടക്കമുള്ളവരെ ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളെ വീണ്ടും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. നിലവില്‍ പ്രോസിക്യൂഷനും കോടതിയും തമ്മിലാണ് കാര്യങ്ങള്‍ പറയേണ്ടതെന്നും പ്രതികള്‍ക്ക് ഈ ഘട്ടത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ പി സെയ്നി പറഞ്ഞു

deshabhimani 170711

1 comment:

  1. 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും നേട്ടമുണ്ടായിട്ടുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളെ സിബിഐ കണ്ടില്ലെന്നു നടിക്കുന്നു. സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കത്ത് അടുത്തിടെ പുറത്തുവന്നിരുന്നു. ടെലികോംമന്ത്രിയായിരുന്ന എ രാജ 2008 നവംബര്‍ ഏഴിന് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് പുറത്തുവന്നത്.കത്തില്‍ ഇങ്ങനെ പറയുന്നു:

    പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം താന്‍ 2ജി സ്പെക്ട്രം ഇടപാട് വിശദമാക്കി വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. 2ജി ലൈസന്‍സ് നേടിയ സ്വാന്‍ , യുണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരിവില്‍പ്പന സംബന്ധിച്ച് ധനമന്ത്രി ചിദംബരം പറഞ്ഞതുപ്രകാരമുള്ള വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ ചേര്‍ത്തിട്ടുമുണ്ട്. സ്പെക്ട്രംവില സംബന്ധിച്ച് ടെലികോംമന്ത്രാലയത്തിന്റെ നിര്‍ദേശം അന്ന് ധനമന്ത്രാലയം എതിര്‍ത്തിരുന്നെന്ന് ഇപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ജെപിസി മുമ്പാകെ തെളിവ് നല്‍കിയിരിക്കുന്നത് ചിദംബരത്തെ രക്ഷിക്കാനുള്ള ആലോചനയുടെ ഫലമാണ്.

    ReplyDelete