Sunday, September 18, 2011

പെട്രോളിന് പാകിസ്ഥാനില്‍ 42.8, ബംഗ്ലാദേശില്‍ 44.8, ശ്രീലങ്കയില്‍ 50

ഇന്ത്യയില്‍ പെട്രോള്‍വില 70 രൂപയായിരിക്കെ അയല്‍രാജ്യങ്ങളിലെ വില തുലോം കുറവ്. പാകിസ്ഥാനില്‍ 42.82 രൂപയാണ് പെട്രോളിന് ലിറ്റര്‍ വില. ശ്രീലങ്കയില്‍ 50.30, ബംഗ്ലാദേശില്‍ 44.80 എന്നിങ്ങനെയാണ് നിരക്ക്. പെട്രോളിനും മറ്റും ഇന്ത്യയെ ആശ്രയിക്കുന്ന നേപ്പാളില്‍പ്പോലും 63 രൂപയ്ക്ക് പെട്രോള്‍ കിട്ടും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ കണക്കാണിത്.

എണ്ണ സംസ്കരിക്കുന്നതിനുള്ള ആധുനികസംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുമായി ഒരുനിലയ്ക്കും താരതമ്യപ്പെടുത്താനാകാത്ത രാജ്യങ്ങളാണ് പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും. വിപുലമായ ശുദ്ധീകരണപ്ലാന്റുകളും ഖനന സംവിധാനവും ഇന്ത്യയിലുണ്ട്. ഇത്തരമൊരു സംവിധാനവുമില്ലാത്ത അയല്‍രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ നല്‍കാനാകുന്നു. രൂപയുടെ ഹ്രസ്വമായ വിലയിടിവിന്റെ പേരിലാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചത്. ഇതിനു പിന്നിലുള്ളതാകട്ടെ കൊള്ളലാഭത്തിനുള്ള എണ്ണക്കമ്പനികളുടെ അത്യാര്‍ത്തിയും റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികളുടെ സമ്മര്‍ദവും.

മാസങ്ങളായി ഡോളറിന് 45 രൂപയായിരുന്ന രൂപയുടെ വിനിമയമൂല്യം 47 രൂപയായതിന്റെ പേരിലാണ് പെട്രോള്‍വില കൂട്ടിയത്. എന്നാല്‍ ,എണ്ണവിപണനക്കമ്പനികള്‍ ഇപ്പോള്‍ വിറ്റഴിക്കുന്ന പെട്രോളിന്റെ വില ശരാശരി 45 രൂപ നിരക്കില്‍ അടച്ചുതീര്‍ത്തതാണ്. അതായത്, രൂപയുടെ വിലയിടിവ് പ്രത്യക്ഷത്തില്‍ ബാധിക്കുന്നതിനുമുമ്പേ എണ്ണക്കമ്പനികള്‍ പെട്രോള്‍വില കൂട്ടി. രൂപയുടെ വിലയിടിവിന്റെ പേരില്‍ പെട്രോള്‍വില കൂട്ടാന്‍ കമ്പനികളെ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ രൂപയുടെ വില കൂടിയ ഘട്ടത്തില്‍ ഒരിക്കല്‍പ്പോലും പെട്രോള്‍വില കുറച്ചിട്ടില്ല.

2008ല്‍ ആറുമാസത്തിലേറെ രൂപയുടെ വിനിമയമൂല്യം ഡോളറിന് 39-40 രൂപ നിരക്കിലായിരുന്നു. ആ ഘട്ടത്തില്‍ പെട്രോളിനോ ഡീസലിനോ ഒരു രൂപപോലും കുറച്ചിരുന്നില്ല. ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ വില കൂടുകയാണെന്ന വാദവും പൊള്ളയാണ്. കഴിഞ്ഞ ജൂണില്‍ പെട്രോളിന് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിച്ചപ്പോള്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 115 ഡോളര്‍ എന്ന നിരക്കിലായിരുന്നു. പെട്രോള്‍ വില്‍പ്പനയില്‍ കമ്പനികളുടെ എല്ലാ നഷ്ടവും നികത്തുംവിധമായിരുന്നു അന്നത്തെ വര്‍ധന. ഈ വര്‍ധനയ്ക്കുശേഷം അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയില്‍ വില ആഗസ്തില്‍ 106 ഡോളര്‍വരെയായി താഴ്ന്നു. നിലവില്‍ 109 ഡോളറാണ് വില. എന്നാല്‍ , ബാരലൊന്നിന് പത്തുഡോളര്‍വരെ വിലയിടിഞ്ഞ ഘട്ടത്തിലും ആഭ്യന്തരവിലയില്‍ നേരിയ കുറവുപോലും വരുത്താന്‍ സര്‍ക്കാരോ എണ്ണക്കമ്പനികളോ തയ്യാറായില്ല.

ചുരുക്കത്തില്‍ രൂപയുടെ വിനിമയമൂല്യം കൂടുന്ന ഘട്ടത്തിലും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന ഘട്ടത്തിലും ആഭ്യന്തരവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകാത്ത സാഹചര്യമാണ് രാജ്യത്ത്. പരമാവധി ലാഭമെന്ന ഈ നയം റിലയന്‍സ് അടക്കമുള്ള സ്വകാര്യകമ്പനികളെയാണ് ഏറ്റവും സഹായിക്കുന്നത്. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം ചില്ലറവില്‍പ്പനയില്‍ റിലയന്‍സും മറ്റും സജീവമാണ്.

deshabhimani 170911

2 comments:

  1. ഇന്ത്യയില്‍ പെട്രോള്‍വില 70 രൂപയായിരിക്കെ അയല്‍രാജ്യങ്ങളിലെ വില തുലോം കുറവ്. പാകിസ്ഥാനില്‍ 42.82 രൂപയാണ് പെട്രോളിന് ലിറ്റര്‍ വില. ശ്രീലങ്കയില്‍ 50.30, ബംഗ്ലാദേശില്‍ 44.80 എന്നിങ്ങനെയാണ് നിരക്ക്. പെട്രോളിനും മറ്റും ഇന്ത്യയെ ആശ്രയിക്കുന്ന നേപ്പാളില്‍പ്പോലും 63 രൂപയ്ക്ക് പെട്രോള്‍ കിട്ടും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ കണക്കാണിത്.

    ReplyDelete
  2. Our govt. have no income other than tax, then how they will reduce tax... its only because of the tax the petrol price is 70 now. The actual price of petrol including tax is around 55. Our govt is allowing oil companies to take an extra profit of rs.25/ltr by saying that these companies are running in loss. If our govt were the owner of these oil companies, we could get petrol at a price less than Rs. 40...

    ReplyDelete