Wednesday, September 14, 2011

ജനറല്‍ ആശുപത്രിയിലെ സൗജന്യ ചികിത്സ നഷ്ടപ്പെട്ടേക്കും

കാസര്‍കോട്: കേന്ദ്രസര്‍വകലാശാലക്ക് കീഴില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെഡിക്കല്‍ കോളേജ് മുന്‍കൂട്ടി ജില്ലയില്‍നിന്ന് കടത്തിക്കൊണ്ടുപോയവര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജും സ്വാശ്രയമേഖലക്ക് നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു. കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റിയാലും ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ചത്. സര്‍വകക്ഷി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ച സമരങ്ങളില്‍നിന്ന് പിന്മാറാനും അവര്‍ പറഞ്ഞ കാരണങ്ങളിലൊന്നാണിത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് പ്രത്യേക കമ്പനിക്ക് കീഴില്‍ സ്വാശ്രയ മേഖലയിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജിനായി ഉപയോഗിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഫലത്തില്‍ ആധുനിക സൗകര്യമുള്ള മെഡിക്കല്‍ കോളേജ് ഉണ്ടാകില്ലെന്ന് മാത്രമല്ല ജനങ്ങള്‍ ഇതുവരെ അനുഭവിച്ച ജനറല്‍ ആശുപത്രിയിലെ സൗജന്യ ചികിത്സാസൗകര്യവും നിഷേധിക്കപ്പെടാനാണ് സാധ്യത. സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ സൗജന്യ ചികിത്സ ലഭിക്കില്ലെന്ന് വ്യക്തം. ജനറല്‍ ആശുപത്രി വിട്ടുകൊടുത്താല്‍ കോളേജ് തുടങ്ങാന്‍ വേറെ ആശുപത്രി ഉണ്ടാക്കേണ്ട ആവശ്യമില്ല. വിരമിച്ച ഡോക്ടര്‍മാരെ ഉപയോഗിച്ച് കോളേജ് നടത്താനും സൗകര്യമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ ആയിരക്കണക്കിനാളുകളുടെ വിദഗ്ധ ചികിത്സക്കാണ് ഇവിടെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി വേണമെന്ന് ആവശ്യപ്പെടുന്നത്. കാസര്‍കോട് ആധുനിക സൗകര്യമുള്ള ആശുപത്രി സ്ഥാപിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അധികാരം ഏറ്റെടുത്തയുടന്‍ പ്രഖ്യാപിച്ചത്. ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അത് മെഡിക്കല്‍ കോളേജാക്കി. കേന്ദ്ര സര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റാനുള്ള തന്ത്രം മാത്രമായിരുന്നു ബജറ്റ് പ്രഖ്യാപനമെന്ന് ഇപ്പോള്‍ മനസിലായി. മെഡിക്കല്‍ കോളേജ് കേന്ദ്രസര്‍വകലാശാലക്ക് കീഴിലായാല്‍ എല്ലാവിധ സൗകര്യത്തോടെയുമുള്ള ആശുപത്രി തുടങ്ങാന്‍ എളുപ്പമാകുമായിരുന്നു. എന്നാല്‍ അത് പത്തനംതിട്ടയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കളും വൈസ്ചാന്‍സലറും ഒത്തുകളിച്ചതോടെ ദുരന്തബാധിത ജില്ലയെ സഹായിക്കാന്‍ ആരുമില്ലെന്ന അവസ്ഥയായി. ജനറല്‍ ആശുപത്രിയില്‍ കിട്ടുന്ന സൗകര്യംപോലും രോഗികള്‍ക്ക് അന്യമാക്കുകയാണ്. ഒടുവില്‍ പ്രഖ്യാപിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജ് തന്നെ സ്വകാര്യമേഖലക്ക് നല്‍കുമോയെന്ന സംശയവും ഉയരുന്നുണ്ട്. ചില ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനുള്ള അനുമതി നല്‍കിയാല്‍ സര്‍ക്കാര്‍ സ്വാശ്രയ കോളേജ് വേണ്ടെന്ന് വയ്പ്പിക്കാനുള്ള നീക്കമാണ് ലീഗ് നേതാക്കള്‍ നടത്തുന്നത്. ഒരു ജില്ലയില്‍ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് വേണ്ടെന്ന ന്യായമായിരിക്കും ഇതിന് ഉന്നയിക്കുക.

deshabhimani 130911

1 comment:

  1. കേന്ദ്രസര്‍വകലാശാലക്ക് കീഴില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെഡിക്കല്‍ കോളേജ് മുന്‍കൂട്ടി ജില്ലയില്‍നിന്ന് കടത്തിക്കൊണ്ടുപോയവര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജും സ്വാശ്രയമേഖലക്ക് നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു. കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളേജ് പത്തനംതിട്ടയിലേക്ക് മാറ്റിയാലും ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ചത്. സര്‍വകക്ഷി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ച സമരങ്ങളില്‍നിന്ന് പിന്മാറാനും അവര്‍ പറഞ്ഞ കാരണങ്ങളിലൊന്നാണിത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് പ്രത്യേക കമ്പനിക്ക് കീഴില്‍ സ്വാശ്രയ മേഖലയിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

    ReplyDelete