Monday, September 19, 2011

കാടന്‍ നിയമങ്ങള്‍ മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും നിഷേധം

ജമ്മുകശ്മീരിലെ അടയാളപ്പെടുത്താത്ത 38 ശവപറമ്പുകളിലായി കണ്ടെത്തിയ 2156 മൃതശരീരാവശിഷ്ടങ്ങളിന്മേല്‍ ഡി എന്‍ എ പ്രൊഫയലിംഗ് അടക്കം ശാസ്ത്രീയ പരിശോധനകള്‍ നടത്തി അവ ആരുടെതെന്ന് തിട്ടപ്പെടുത്താന്‍ നടപടികള്‍ ആരംഭിക്കാന്‍ ജമ്മുകശ്മീര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡിവിഷന്‍ ബെഞ്ച് ശുപാര്‍ശ ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൃതശരീരാവശിഷ്ടങ്ങളിന്മേല്‍ നടക്കുന്ന ലോകത്തെ നാളിതുവരെയുള്ള ഏറ്റവും വലിയ പരിശോധനയായി ഇത്് മാറിയേക്കാം.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഓഗസ്റ്റ് 20ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജമ്മുകശ്മീരിലെ ബാരമുള്ള, ബന്ദിപ്പൂര്‍, കുപ്പുവാര ജില്ലകളിലായി അടയാളപ്പെടുത്താത്ത ശവപറമ്പുകളില്‍ 2730 ശരീരാവശിഷ്ടങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 574 ശരീരാവശിഷ്ടങ്ങള്‍ നാട്ടുകാര്‍ മറവു ചെയ്തു. അവശേഷിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ ആരുടെതെന്നു തിരിച്ചറിയാനായിട്ടില്ല. അവ തിരിച്ചറിയുന്നതിന് വേണ്ടിയാണ് മനുഷ്യാവകാശ കമ്മിഷന്‍ ശാസ്ത്രീയ പരിശോധന നിര്‍ദ്ദേശിച്ചിട്ടുള്ളത്. കമ്മിഷന്റെ തന്നെ പൊലീസ് വിഭാഗം നടത്തിയ തിരച്ചിലിലാണ് അടയാളപ്പെടുത്താത്ത ശവപറമ്പുകള്‍ കണ്ടെത്തിയത്.

1990ല്‍ സായുധ സേന (ജമ്മു കശ്മീര്‍) പ്രത്യേകാധികാര നിയമം പാര്‍ലമെന്റ് പാസാക്കിയതുമുതല്‍ ഇങ്ങോട്ട് ആയിരക്കണക്കിന് കാശ്മീരി ചെറുപ്പക്കാരെ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. കാണാതായവരുടെ രക്ഷിതാക്കളുടെ സംഘടനയുടെ പട്ടികയില്‍ തന്നെ 350 പേര്‍ ഉള്‍പെട്ടിട്ടുണ്ട്.  1200ല്‍ പരം തദ്ദേശവാസികളെ കാണാതായതായി സംസ്ഥാന ഗവണ്‍മെന്റും സമ്മതിക്കുന്നുണ്ട്. നാളിതുവരെ പുറത്തുവന്ന കണക്കുകളും കമ്മിഷന്റെ കണ്ടെത്തലുകളും മനുഷ്യാവകാശത്തിന് എന്തെങ്കിലും വില കല്പിക്കുന്ന ആരെയും അസ്വസ്ഥരാക്കാനും ഞെട്ടിപ്പിക്കാനും മതിയായതാണ്.

ജമ്മുകശ്മീരടക്കം രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ നിലവിലുള്ള സായുധസേന പ്രത്യേക അധികാര നിയമം ആധുനിക സംസ്‌കാരത്തിനും മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്കും നിരക്കാത്ത കാടന്‍ നിയമമാണ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഈ നിയമം ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന ഇന്ത്യയുടെ ഖ്യാതിക്കും സല്‍പേരിനും മായ്ക്കാനാവാത്ത കളങ്കമാണ്.

1958 ലാണ് അസമിനെയും മണിപൂരിനെയും ലക്ഷ്യംവച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രസ്തുത നിയമം പാസാക്കിയത്. തുടര്‍ന്ന് അത് വടക്കു കിഴക്കന്‍ ഇന്ത്യയിലെ 7 സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കി. 1990ല്‍ ഈ ഭീകര നിയമം ജമ്മുകശ്മീര്‍ സംസ്ഥാനത്തിനുകൂടി ബാധകമാക്കുകയായിരുന്നു. വിഘടനവാദത്തെയും അതിന്റെ ഭാഗമായി വളര്‍ന്നു വന്ന ഭീകരവാദത്തെയും നേരിടുകയെന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കാത്തതും അപരിഷ്‌കൃതവുമായ ഇത്തരം  ഒരു ഭീകര നിയമത്തിന് ദേശസ്‌നേഹവും ദേശാഭിമാന ബോധവും പൗരന്‍മാരുടെമേല്‍  അടിച്ചേല്‍പിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ അരനൂറ്റാണ്ടിലെ അനുഭവം നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ ഇനിയും ബോധ്യപ്പെടുത്തിയിട്ടില്ലെന്നാണ് ഈ നിയമത്തിന്റെ അഭംഗുരമായ നിലനില്‍പ് സൂചിപ്പിക്കുന്നത്.

സായുധ സേനയിലെ കമ്മിഷന്‍ഡ് ഓഫീസര്‍, വാറണ്ട് ഓഫീസര്‍, നോണ്‍കമ്മിഷന്‍ഡ് ഓഫീസര്‍ വരെ ആര്‍ക്കും തന്നിഷ്ടപ്രകാരം ആരെയും വെടിവെച്ചുകൊല്ലാനും വാറണ്ട് കൂടാതെ തിരച്ചില്‍ നടത്താനും അറസ്റ്റു ചെയ്യാനും  ആയുധശേഖരമെന്നു കരുതുന്ന ഏതു ലക്ഷ്യത്തിനും നേരെ ആക്രമണം നടത്തി ലക്ഷ്യം തകര്‍ക്കാനും അനുമതി നല്‍കുന്നതാണ് ഈ നിയമം. രാജ്യതാത്പര്യത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ഇത്തരം കൃത്യങ്ങളുടെ പേരില്‍ കൊലയും അതിക്രമവും നടത്തുന്ന സേനാംഗത്തിനെ ശിക്ഷിക്കാനാവില്ലെന്ന് മാത്രമല്ല അവശ്യമായ നിയമപരിരക്ഷ അയാള്‍ക്ക് ഉറപ്പുവരുത്തുന്നതുമാണ് ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്.  ഈ പ്രാകൃതനിയമത്തിന്റെ പേരിലാണ് ജമ്മുകശ്മീര്‍ കമ്മിഷന്‍ കണ്ടെത്തിയ 2730 പേര്‍ കൊലചെയ്യപ്പെട്ടതെന്നു സംശയിക്കപ്പെടുന്നു. ഇതേ നിയമത്തിന്റെ പേരിലാണ് അനേകം പേര്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ യാതൊരു കുറ്റവിചാരണയും കൂടാതെ വധിക്കപ്പെട്ടത്.

ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചത് ധീരോദാത്തങ്ങളായ എണ്ണമറ്റ പോരാട്ടങ്ങളുടെയും അത്യുന്നതങ്ങളായ ആത്മത്യാഗത്തിന്റെയും ഫലമായാണ്. നമ്മുടെ സ്വാതന്ത്യ പോരാട്ടത്തിന്റെ മുഖ്യധാരയാകട്ടെ അഹിംസയുടെയും ഉദാത്തമായ സത്യഗ്രഹസമരത്തിന്റെയും മാര്‍ഗമായിരുന്നു. ആ സ്വാതന്ത്ര്യം 64 വര്‍ഷം പിന്നിട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നും  ഏറ്റവും വലിയ നിയമസംഹിതയുടെ ഉടമകളെന്നും ഉന്നതമായ സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമെന്നും നാം ഊറ്റം കൊള്ളുന്നു. ആ അഭിമാനബോധത്തെയും പരിഷ്‌കൃത രാഷ്ട്രമെന്ന പ്രതിഛായയെയും കരിവാരിതേയ്ക്കാന്‍  പോന്ന കാടന്‍ നിയമമാണ് രാജ്യത്തിന്റെ നാലിലൊന്ന് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. സായുധസേന പ്രത്യേകാവകാശ നിയമം പോലൊരു നിയമം അങ്ങേയറ്റം അപലപനീയമായ കരിനിയമമാണ്. അത് സ്വന്തം ജനതയ്ക്ക് എതിരായ യുദ്ധപ്രഖ്യാപനമാണ്.് അത് പിന്‍വലിച്ചേ മതിയാവൂ.

രാഷ്ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന ഏത് ശക്തികളെയും കര്‍ക്കശമായി നേരിടണം. അതിന് ജമ്മുകശ്മീരില്‍ ഇപ്പോള്‍ കണ്ടെത്തിയ തരത്തില്‍ ശവപറമ്പുകള്‍ തീര്‍ക്കേണ്ടതില്ല. രാഷ്ട്രീയവും ദേശീയവുമായ വിയോജിപ്പുകളെയും ഭിന്നതകളെയും രാഷ്ട്രതന്ത്രജ്ഞതയുടെയും ക്ഷമാപൂര്‍വ്വമായ രാഷ്ട്രീയ ചര്‍ച്ചകളുടെയും സമവായത്തിന്റെയും മാര്‍ഗത്തിലൂടെ നേരിടാന്‍ നമുക്ക് കഴിയണം. ഉന്നത മാനുഷിക മൂല്യങ്ങളും അവയുടെ മഹത്തായ പാരമ്പര്യവും അതിനു മാര്‍ഗദര്‍ശകമാകണം.

janayugom editorial 180911

1 comment:

  1. ജമ്മുകശ്മീരിലെ അടയാളപ്പെടുത്താത്ത 38 ശവപറമ്പുകളിലായി കണ്ടെത്തിയ 2156 മൃതശരീരാവശിഷ്ടങ്ങളിന്മേല്‍ ഡി എന്‍ എ പ്രൊഫയലിംഗ് അടക്കം ശാസ്ത്രീയ പരിശോധനകള്‍ നടത്തി അവ ആരുടെതെന്ന് തിട്ടപ്പെടുത്താന്‍ നടപടികള്‍ ആരംഭിക്കാന്‍ ജമ്മുകശ്മീര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡിവിഷന്‍ ബെഞ്ച് ശുപാര്‍ശ ചെയ്തു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൃതശരീരാവശിഷ്ടങ്ങളിന്മേല്‍ നടക്കുന്ന ലോകത്തെ നാളിതുവരെയുള്ള ഏറ്റവും വലിയ പരിശോധനയായി ഇത്് മാറിയേക്കാം.

    ReplyDelete