Saturday, September 17, 2011

പാളുന്ന നൂറുദിനവിസ്മയം

മാസങ്ങള്‍ക്കുമുമ്പേ തയ്യാറായ കൊച്ചി മാസ്റ്റര്‍പ്ലാനും നൂറുദിന വിസ്മയം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കൊച്ചി നഗരത്തിന്റെ കരട് മാസ്റ്റര്‍പ്ലാന്‍ യുഡിഎഫിന്റെ നൂറുദിന വിസ്മയത്തിന്റെ പട്ടികയില്‍ . കോര്‍പറേഷന്‍ അടക്കമുള്ള എല്ലാ നഗരങ്ങള്‍ക്കും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതാണ് നഗരകാര്യവകുപ്പിന്റെ നൂറുദിനനേട്ടമെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി, ചങ്ങനാശേരി, വൈക്കം, പറവൂര്‍ നഗരങ്ങളുടെ കരട് മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. മറ്റു 28 നഗരത്തില്‍ കരട് മാസ്റ്റര്‍പ്ലാന്‍ ഒരു വര്‍ഷത്തിനകം തയ്യാറാക്കും. നഗരമേഖലകളില്‍ പാര്‍പ്പിടസൗകര്യ വികസനത്തിനായി വികസിപ്പിക്കുന്ന ഭൂമിയുടെ 25 ശതമാനംവരെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നീക്കിവയ്ക്കാന്‍ നിയമം നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോള്‍ സെന്ററും പാളുന്നു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 24 മണിക്കൂര്‍ കോള്‍ സെന്ററും പാളുന്നു. കോള്‍ സെന്ററിലെത്തുന്ന പരാതികളില്‍ ഭൂരിപക്ഷത്തിലും തുടര്‍നടപടികളുണ്ടാകുന്നില്ല. നൂറുദിന കര്‍മപരിപാടിയുടെ പേരില്‍ ഏറെ കൊട്ടിഘോഷിച്ചാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. കോള്‍ സെന്ററിലേക്ക് വിളിച്ചാല്‍ തിരക്കിലാണെന്ന മറുപടിയാണ് എപ്പോഴും. 1076 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതി അറിയിച്ചാല്‍ ഉടന്‍ പരിഹാരം എന്നൊക്കെയായിരുന്നു പ്രചാരണം. പരാതിക്കാരന് ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ തുടര്‍നടപടിയെ പറ്റി അറിയാമെന്ന പ്രഖ്യാപനവും നടപ്പായില്ല. ഇത് സംബന്ധിച്ചുള്ള നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കും മറുപടിയില്ല. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പരാതി വകുപ്പ് മന്ത്രി, വകുപ്പ് തലവന്‍ അടക്കം അഞ്ചുതലംവരെ പോകുമെന്നും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരാതി പരിഹരിച്ച് പരാതിക്കാരന് മറുപടി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

അനീതി സാക്ഷരതപ്രവര്‍ത്തകരോടും : എം എ ബേബി

സാക്ഷരത പ്രവര്‍ത്തനത്തോടും പ്രവര്‍ത്തകരോടും യുഡിഎഫ് സര്‍ക്കാര്‍ അനീതി കാട്ടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി പറഞ്ഞു. കേരള സാക്ഷരത പ്രേരക് അസോസിയേഷന്റെ (കെഎസ്പിഎ) ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സാക്ഷരതാപ്രേരക്മാര്‍ക്ക് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വേതനവര്‍ധന പിന്‍വലിക്കാനുള്ള തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീസാക്ഷരത ഉയര്‍ത്താന്‍ സംസ്ഥാനത്തെ സാക്ഷരതപ്രവര്‍ത്തനത്തിന് നല്‍കിവന്ന സഹായം രണ്ട് വര്‍ഷംമുമ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അധികതുക വകയിരുത്തി ഈ മേഖലയെ സംരക്ഷിക്കുകയായിരുന്നു. കേന്ദ്രസഹായം തുടര്‍ന്നും ലഭ്യമാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യത്തെ അന്ന് പ്രതിപക്ഷമായ യുഡിഎഫും പിന്തുണച്ചു. എന്നാല്‍ , സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സാക്ഷരതപ്രവര്‍ത്തകരോട് അധികാരത്തിലെത്തിയപ്പോള്‍ യുഡിഎഫ് ഉദാസീന സമീപനമാണ് സ്വീകരിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.

സാക്ഷരതാപ്രവര്‍ത്തനത്തിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട ആജീവനാന്ത വിദ്യാഭ്യാസപദ്ധതി ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ നടപ്പാക്കുക, സാക്ഷരതപ്രേരക്മാരുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക, ന്യായമായ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ അറുനൂറിലേറെ പ്രേരക്മാരും സാക്ഷരതപ്രവര്‍ത്തകരും പങ്കെടുത്തു. കെഎസ്പിഎ സംസ്ഥാനപ്രസിഡന്റ് പി ജയരാജന്‍ അധ്യക്ഷനായി. ഹോണററി പ്രസിഡന്റ് സി പി നാരായണന്‍ , ജോയിന്റ് സെക്രട്ടറിമാരായ കെ കെ ഭാഗ്യലക്ഷ്മി, ടി സുരേഷ് ബാബു, ട്രഷറര്‍ ജി രാജീവ്, ഡി സരോജന്‍ , കെ മോഹനന്‍ , എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ എ സന്തോഷ് സ്വാഗതം പറഞ്ഞു.

ചോദ്യംചെയ്ത മത്സ്യത്തൊഴിലാളികളെ പൊലീസ് മര്‍ദിച്ചു

ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മപരിപാടിയില്‍ പ്പെടുത്തി സംഘടിപ്പിച്ച ജില്ലാ പട്ടയമേളയില്‍ പട്ടയം നല്‍കാതെ കബളിപ്പിച്ചതിനെ ചോദ്യംചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് പൊലീസ് മര്‍ദ്ദനം. ഇതേതുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തി പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം നല്‍കി തടിതപ്പി. ചടങ്ങ് കഴിഞ്ഞെത്തിയ മന്ത്രി കെ ബി ഗണേഷ്കുമാര്‍ പട്ടയം ലഭിക്കാത്തവരുടെ പരാതി കേട്ട് മടങ്ങി. ചൊവ്വാഴ്ച പകല്‍ 2.30ന് ആലപ്പുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പട്ടയവിതരണമേളയാണ് സംഘര്‍ഷവേദിയായത്.

പുറക്കാട് വില്ലേജിലെ തീരപ്രദേശത്തുള്ള അഞ്ഞൂറില്‍പരം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് സുനാമി പദ്ധതി പ്രകാരം അഞ്ചു സെന്റില്‍ രണ്ടരലക്ഷം രൂപയുടെ വീട് നിര്‍മ്മിച്ചു നല്‍കിയത്. ഇതു പ്രകാരം ചൊവ്വാഴ്ച നടക്കുന്ന പട്ടയവിതരണമേളയില്‍ ഭൂമിയുടെ പട്ടയം നല്‍കാമെന്ന് പുറക്കാട് വില്ലേജ് ഓഫീസില്‍ നിന്ന് ഇവരെ അറിയിച്ചു. എന്നാല്‍ പട്ടയംവാങ്ങാനെത്തിയവര്‍ക്ക് കൈവശരേഖയാണ് നല്‍കുന്നതെന്ന് റവന്യൂവകുപ്പ് അധികൃതരുടെ അറിയിപ്പുണ്ടായി. കൈവശരേഖ നേരത്തെ നല്‍കിയതാണെന്ന് ഇവര്‍ അറിയിച്ചെങ്കിലും പട്ടയം നല്‍കാനാവില്ലെന്ന് ഉദ്യേഗസ്ഥര്‍ അറിയിച്ചതോടെ സംഘര്‍ഷമായി. പട്ടയം നല്‍കാതെ മടങ്ങിപോകില്ലെന്ന് പ്രഖ്യാപിച്ച് പുറക്കാട് നിന്നെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ ടൗണ്‍ഹാളിനു മുന്നില്‍ കുത്തിയിരുന്നു. ഇതിനിടെയാണ് ചിലരെ പൊലീസ് തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചത്. ഇതില്‍ പുതുവല്‍ അജിയെ കുത്തിനു പിടിച്ച് പൊലീസ് ജീപ്പില്‍ കയറ്റി. ജീപ്പ് വളയാന്‍ ശ്രമിച്ചവരെ തള്ളിമാറ്റി അജിയെ പൊലീസ് സറ്റേഷനിലേക്ക് കൊണ്ടുപോയി. സംഘര്‍ഷം തുടര്‍ന്നതോടെ കലക്ടര്‍ സൗരഭ് ജെയിന്‍ , ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവരെത്തി പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ റവന്യുമന്ത്രിയില്‍ നിന്ന് ഉറപ്പു ലഭിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത അജിയെ പൊലീസ് തന്നെ ടൗണ്‍ഹാളിലേക്ക് മടക്കിക്കൊണ്ടുവന്നു.

2.30ന് തുടങ്ങാനിരുന്ന ചടങ്ങ് സംഘര്‍ഷത്തെ തുടര്‍ന്ന് വൈകിട്ട് നാലിനാണ് തുടങ്ങിയത്. വൈകിയെത്തിയ മന്ത്രി ഗണേഷ്കുമാറിനെയും പരാതിക്കാര്‍ വളഞ്ഞു. പട്ടയം നല്‍കുന്നതായി ഉദ്ഘാടനപ്രസംഗത്തില്‍ റവന്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചെങ്കിലും 324 പേര്‍ക്ക് കൈവശരേഖ മാത്രമാണ് നല്‍കിയത്. 659 പേര്‍ക്ക് പട്ടയം നല്‍കിയതായി റവന്യു അധികൃതര്‍ അറിയിച്ചു.

മാറ്റമില്ലാതെ മദ്യനയം പ്രാബല്യത്തില്‍

വിവിധ തുറകളില്‍നിന്നുയര്‍ന്ന വ്യാപക എതിര്‍പ്പ് അവഗണിച്ച് ഒരു മാറ്റവുമില്ലാതെ കേരള സംസ്ഥാന മദ്യനയം-2011 നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യാനുള്ള തീയതി നിശ്ചയിച്ചു. മദ്യനയം പുനഃപരിശോധിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെയും വാഗ്ദാനം കാപട്യമെന്ന് വ്യക്തമായി. മന്ത്രിസഭായോഗം അംഗീകരിച്ചിട്ടും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്, മൂന്നാഴ്ച നടപ്പാക്കാതിരുന്ന മദ്യനയം യുഡിഎഫ് യോഗം ചേര്‍ന്ന് തൊട്ടടുത്തദിവസമാണ് 107-ാം നമ്പര്‍ ഗവ. ഉത്തരവായി പ്രസിദ്ധീകരിച്ചത്. മദ്യനയത്തെക്കുറിച്ച് പഠിച്ച് അടിയന്തരമായി മാറ്റേണ്ട കാര്യങ്ങള്‍ ശുപാര്‍ശചെയ്യാന്‍ എം എം ഹസന്‍ ചെയര്‍മാനായ സമിതിയെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല.

ജൂലൈ 26നാണ് മന്ത്രിസഭാ യോഗം മദ്യനയം അംഗീകരിച്ചത്. എന്നാല്‍ , മുസ്ലിംലീഗ് അടക്കം യുഡിഎഫിലെ ചില ഘടകകക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നയത്തിനെതിരെ രംഗത്തിറങ്ങി. കെസിബിസിയും മദ്യനയം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതോടെ നയം യുഡിഎഫില്‍ ചര്‍ച്ചചെയ്യാനായി മാറ്റി. മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം മദ്യനയത്തില്‍ പാടേ തള്ളിയതാണ് വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും മുസ്ലിംലീഗ് നേതൃത്വത്തെയും എതിരാക്കിയത്. കെസിബിസിയും ഈ നിര്‍ദേശം പുതിയ നയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും ടൂറിസത്തിന്റെ മറവില്‍ 10 കേന്ദ്രത്തില്‍ അനിയന്ത്രിതമായി ബാര്‍ അനുവദിക്കുന്ന വ്യവസ്ഥ പിന്‍വലിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

ആഗസ്ത് 16ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗം മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രിത അധികാരം നല്‍കാന്‍ ശുപാര്‍ശചെയ്തു. പ്രായോഗിക പ്രശ്നങ്ങളടക്കം പരിശോധിച്ച് മദ്യനയം പുതുക്കാന്‍ ഹസന്‍ ചെയര്‍മാനായി സമിതിയെ നിശ്ചയിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിലും മദ്യനയം ചര്‍ച്ച ചെയ്തിരുന്നു. ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കുക, പുതിയ മദ്യശാലകള്‍ അനുവദിക്കുന്നതില്‍ കുടുതല്‍ നിയന്ത്രണം കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. ഇവ വലിയ വാര്‍ത്തയായി പുറത്തുവന്ന് ചൂടാറും മുമ്പേയാണ് നയം അതേപടി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യുഡിഎഫ് യോഗത്തിന്റെയോ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെയോ നിര്‍ദേശമനുസരിച്ചുള്ള മാറ്റങ്ങളൊന്നും വരുത്താത്ത നയമാണ് ഉത്തരവായി ഇറങ്ങിയത്.

അതേസമയം നേരത്തേ എക്സൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കരട് മദ്യനയത്തിലെ ചില വ്യവസ്ഥകള്‍ മന്ത്രിസഭായോഗം ലഘൂകരിച്ചത് അതേപോലെ നിലനിര്‍ത്തുകയുംചെയ്തു. കൈവശംവയ്ക്കാവുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ അളവ് ഒന്നര ലിറ്ററെന്നത് വീണ്ടും മൂന്നു ലിറ്റര്‍ തന്നെയാക്കി. ടൂറിസം മേഖലയായ പത്ത് സ്ഥലത്ത് ബാര്‍ അനുവദിക്കുന്നതിന് കൊണ്ടുവന്ന നിബന്ധനകളില്‍ കൂടുതല്‍ ഇളവ് നല്‍കുന്ന പുതിയ നിബന്ധനയുംനയത്തില്‍ സ്ഥാനംപിടിച്ചു. 2012 മാര്‍ച്ച് വരെ മൂന്നു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് തുടരും. ലൈസന്‍സിന് ബാറുകള്‍ തമ്മിലുള്ള അകലം പഞ്ചായത്തുകളില്‍ മൂന്നു കിലോമീറ്ററും നഗരപ്രദേശങ്ങളില്‍ ഒരു കിലോമീറ്ററായും നിബന്ധന വച്ചു. എന്നാല്‍ ബേക്കല്‍ , വൈത്തിരി, ആലപ്പുഴ, കുമരകം, ഫോര്‍ട്ട്കൊച്ചി, കുമളി, മൂന്നാര്‍ , വര്‍ക്കല, കോവളം, അഷ്ടമുടി എന്നീ ടൂറിസ്റ്റ് മേഖലകളിലെ എല്ലാ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കും. ബാറുകള്‍ തമ്മിലുള്ള ദൂരം സംബന്ധിച്ച നിബന്ധന ഇവിടെ ബാധകമല്ല.
(ഡി ദിലീപ്)

ദേശാഭിമാനി

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കൊച്ചി നഗരത്തിന്റെ കരട് മാസ്റ്റര്‍പ്ലാന്‍ യുഡിഎഫിന്റെ നൂറുദിന വിസ്മയത്തിന്റെ പട്ടികയില്‍ . കോര്‍പറേഷന്‍ അടക്കമുള്ള എല്ലാ നഗരങ്ങള്‍ക്കും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചതാണ് നഗരകാര്യവകുപ്പിന്റെ നൂറുദിനനേട്ടമെന്ന് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete