Thursday, September 8, 2011

കുട്ടികള്‍ക്ക് ഓണമുണ്ണാനുള്ള അരി കെട്ടിക്കിടക്കുന്നു

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഓണമുണ്ണാനുള്ള ടണ്‍കണക്കിന് അരി സപ്ലൈകോ, എഫ്സിഐ ഗോഡൗണുകളിലും മാവേലിസ്റ്റോറുകളിലും കെട്ടികിടക്കുന്നു. ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടച്ചശേഷം അരി എത്തിച്ചതാണ് കാരണം. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ഉച്ചഭക്ഷണം ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഓണത്തിന് അഞ്ചു കിലോ അരി നല്‍കുന്നത്. എഫ്സിഐ ഗോഡൗണില്‍ എത്തിക്കുന്ന അരി 56 സപ്ലൈകോ ഗോഡൗണുകള്‍ മുഖേന 1300ല്‍പരം മാവേലിസ്റ്റോറുകളിലൂടെയാണ് സ്കൂളുകള്‍ക്ക് നല്‍കുക. ഈ വര്‍ഷം 27,80,000 കുട്ടികള്‍ക്ക് അരി ലഭിക്കണം. ഭൂരിപക്ഷം സ്കൂളുകളിലും അരി നല്‍കിയിട്ടില്ല.

ആഗസ്ത് 19നാണ് അരിവിതരണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് എഫ്സിഐ ഗോഡൗണില്‍നിന്ന് അരി എടുക്കുന്നതിന് നടപടി സ്വീകരിച്ചുവരുമ്പോഴേക്കും ഓണാവധിയായി. സപ്ലൈകോ കോഴിക്കോട്, പാലക്കാട് റീജണല്‍ ഓഫീസുകള്‍ക്കു കീഴിലുള്ള ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. ഇവിടെ പല ജില്ലകളിലേക്കുമുള്ള അരി എഫ്സിഐ ഗോഡൗണില്‍നിന്ന് എടുക്കാനുമായില്ല. കോഴിക്കോട് റീജണല്‍ ഓഫീസിനു കീഴില്‍ കോഴിക്കോട്, കണ്ണൂര്‍ , കാസര്‍കോട്, വയനാട് ജില്ലകളും പാലക്കാട് റീജണു കീഴില്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുമാണ്. സപ്ലൈകോ എറണാകുളം റീജണു കീഴിലുള്ള എറണാകുളം, ആലപ്പുഴ ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല. ആലപ്പുഴയില്‍ 227 സ്കൂളുകള്‍ക്ക് അരി നല്‍കാനുണ്ട്. ആലപ്പുഴ എഫ്സിഐ ഗോഡൗണില്‍നിന്ന് ആലപ്പുഴ ഡിപ്പോയില്‍ കൊണ്ടുവന്ന 103 ലോഡ് അരി കെട്ടികിടക്കുന്നു. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തും വിതരണം ചില സ്കൂളുകളില്‍ ഒതുങ്ങി. കോട്ടയം റീജണു കീഴിലുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഭൂരിപക്ഷം സ്കൂളുകളിലും അരി ലഭിച്ചില്ല.
(ടി വി വിനോദ്)

deshabhimani 080911

1 comment:

  1. സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഓണമുണ്ണാനുള്ള ടണ്‍കണക്കിന് അരി സപ്ലൈകോ, എഫ്സിഐ ഗോഡൗണുകളിലും മാവേലിസ്റ്റോറുകളിലും കെട്ടികിടക്കുന്നു. ഓണാവധിക്ക് വിദ്യാലയങ്ങള്‍ അടച്ചശേഷം അരി എത്തിച്ചതാണ് കാരണം. സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ ഉച്ചഭക്ഷണം ലഭിക്കുന്ന കുട്ടികള്‍ക്കാണ് ഓണത്തിന് അഞ്ചു കിലോ അരി നല്‍കുന്നത്. എഫ്സിഐ ഗോഡൗണില്‍ എത്തിക്കുന്ന അരി 56 സപ്ലൈകോ ഗോഡൗണുകള്‍ മുഖേന 1300ല്‍പരം മാവേലിസ്റ്റോറുകളിലൂടെയാണ് സ്കൂളുകള്‍ക്ക് നല്‍കുക. ഈ വര്‍ഷം 27,80,000 കുട്ടികള്‍ക്ക് അരി ലഭിക്കണം. ഭൂരിപക്ഷം സ്കൂളുകളിലും അരി നല്‍കിയിട്ടില്ല.

    ReplyDelete