Thursday, September 8, 2011

പട്ടയമേളയ്ക്കു പിന്നാലെ അറുപതിലധികം പട്ടയവും ഭൂരേഖകളും ഏലക്കാട്ടില്‍

കട്ടപ്പന: മലയോര കുടിയേറ്റ കര്‍ഷകര്‍ക്ക് നല്‍കാനുള്ള അറുപതിലധികം പട്ടയം റോഡരികിലെ കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ . കലക്ടറേറ്റിലും താലൂക്കോഫീസിലും സൂക്ഷിക്കേണ്ട അനുബന്ധരേഖകളും ഇതിനൊപ്പം കണ്ടെത്തി. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട പട്ടയമേള കട്ടപ്പന ടൗണ്‍ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടെത്തി നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

സെപ്തംബര്‍ രണ്ടിനായിരുന്നു ചടങ്ങ്. ഒരു ഓട്ടോ തൊഴിലാളിയാണ് കട്ടപ്പന-നെടുങ്കണ്ടം റൂട്ടില്‍ പുളിയന്മല ഏലക്കാടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ രേഖകള്‍ കണ്ടെത്തിയത്. മേളയിലെത്തി വാങ്ങാതിരുന്നവരുടേതാണ് ഈ പട്ടയങ്ങളെന്ന് കരുതുന്നു. മൂന്നു സര്‍ക്കാര്‍ ഫയലുകളിലായുള്ള രേഖകള്‍ രണ്ടു പ്ലാസ്റ്റിക് കവറിലാണ് തള്ളിയിരുന്നത്. ഓട്ടോഡ്രൈവര്‍ ഡിവൈഎഫ്ഐ നേതാക്കളെ വിവരം അറിയിച്ചു. രേഖകള്‍ കലക്ടര്‍ക്ക് കൈമാറുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടുതലും ഉടുമ്പന്‍ചോല താലൂക്കിലെ അണക്കര വില്ലേജിലെ പാവപ്പെട്ട കര്‍ഷകരുടെ പട്ടയമാണ്. 1993 ലെ ഭൂമിപതിവ് നിയമമനുസരിച്ച് കൈവശാവകാശം തെളിയിക്കുന്ന മുഴുവന്‍ രേഖകളും ഇതില്‍പ്പെടുന്നു. പട്ടയം ലഭിക്കാന്‍ ബന്ധപ്പെട്ട വില്ലേജ്, താലൂക്ക്, സര്‍വേ ഓഫീസുകളില്‍ സ്വീകരിച്ച അപേക്ഷകളും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടും. കര്‍ഷകന് നല്‍കാന്‍ തയ്യാറാക്കിയ പട്ടയം, ഓഫീസ് കോപ്പി, സ്റ്റാമ്പ് പതിപ്പിച്ച കര്‍ഷക അപേക്ഷ, കൈവശ രജിസ്റ്റര്‍ , ബിടിആര്‍ , റിവൈസ്ഡ് രജിസ്റ്ററുകള്‍ , സ്ഥലത്തിന്റെ സ്കെച്ച്, റേഷന്‍കാര്‍ഡിന്റെയും തിരിച്ചറിയല്‍കാര്‍ഡിന്റെയും കോപ്പി, സര്‍വേ സൂപ്രണ്ട് ഓഫീസ് രേഖകള്‍ , സ്ഥലപരിശോധനാ റിപ്പോര്‍ട്ട്, വില്ലേജ്, തഹസില്‍ദാരുടെ റിപ്പോര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടുന്ന എല്ലാ ഭൂരേഖകളും വഴിയില്‍കിടന്ന് കിട്ടി. വേറെയും നൂറുകണക്കിന് പട്ടയം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് സംശയമുണ്ട്. സംഭവം പുറത്തായതോടെ ബന്ധപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കി.

2 comments:

  1. മലയോര കുടിയേറ്റ കര്‍ഷകര്‍ക്ക് നല്‍കാനുള്ള അറുപതിലധികം പട്ടയം റോഡരികിലെ കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ . കലക്ടറേറ്റിലും താലൂക്കോഫീസിലും സൂക്ഷിക്കേണ്ട അനുബന്ധരേഖകളും ഇതിനൊപ്പം കണ്ടെത്തി. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട പട്ടയമേള കട്ടപ്പന ടൗണ്‍ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടെത്തി നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

    ReplyDelete
  2. കട്ടപ്പനയില്‍ നടത്തിയ പട്ടയവിതരണ മേള തട്ടിപ്പാണെന്നും പട്ടയം തെരുവിലെറിഞ്ഞതിന്റെ പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടയം വിതരണം ചെയ്തു വൈകാതെയാണ് സംഭവം. വളരെ ഗൗരവമായി കൈകാര്യംചെയ്യേണ്ട പട്ടയവിതരണം നിരുത്തരവാദപരമായാണ് നടത്തിയതിന്റെ ഉത്തമ ഉദാഹരണമാണിത്. പട്ടയം അടങ്ങുന്ന കെട്ട് കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പരാതി ഒന്നും റവന്യൂ അധികൃതര്‍ നല്‍കാത്തതിലും ദുരൂഹതയുണ്ട്. മലയോര കര്‍ഷകന്റെ എക്കാലത്തെയും സ്വപ്നമായ പട്ടയത്തിന്റെ രേഖകള്‍ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നല്‍കിയ പട്ടയം യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല എന്നതിന്റെ തെളിവാണിത്. ഒരു അപേക്ഷകന്‍ സമര്‍പ്പിച്ച മുഴുവന്‍ രേഖകളും ഓഫീസില്‍ നൂറ്റാണ്ടുകളോളം സൂക്ഷിക്കേണ്ട രേഖകളുമാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിരുത്തരവാദ പ്രവര്‍ത്തനംകൊണ്ട് കാട്ടില്‍ കിടന്നത്. നൂറുകണക്കിനാള്‍ക്കാരെ നിരാശരാക്കി ഇനിയും നാളുകള്‍ അലഞ്ഞാലും അവര്‍ക്ക് പട്ടയം ലഭ്യമാവാത്ത സാഹചര്യമാണ് ഇക്കൂട്ടര്‍ നടത്തിയത്. രേഖകള്‍ ഉപേക്ഷിച്ചത് ഗൂഢാലോചനയാണോ എന്ന് ഡിവൈഎഫ്ഐ സംശയിക്കുന്നു. വ്യാജപട്ടയങ്ങള്‍ നിര്‍മിക്കുന്ന സംഘത്തിന്റെ ഒത്താശയോടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് നല്‍കാതെ ഉദ്യോഗസ്ഥര്‍ അവരെ സഹായിക്കാന്‍ ചെയ്തതാകാനും സാധ്യതയുണ്ട്. മന്ത്രി വിതരണം ചെയ്ത പട്ടയരേഖകള്‍ നഷ്ടപ്പെട്ടതിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം. പട്ടയം ഉള്‍പ്പെടുന്ന ഭൂരേഖകള്‍ മറ്റാര്‍ക്കെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ദുരുപയോഗപ്പെടുത്തിയേനെ. സ്വകാര്യ ധനമിടപാട് സ്ഥാപനത്തില്‍ നല്‍കിയാല്‍ ലക്ഷങ്ങള്‍ വായ്പയായി ലഭിക്കും. ദുരുപയോഗം ചെയ്യാതെ ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിക്കുന്നത് പ്രതിബന്ധതയുള്ള സംഘടന എന്ന നിലയിലാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ഗോപകൃഷ്ണന്‍ , ജോയിന്റ് സെക്രട്ടറി കെ പി സുമോദ്, ബ്ലോക്ക്കമ്മിറ്റി അംഗങ്ങളായ ജോബിജോണി, വിപിന്‍ദാസ്, കെ എന്‍ വിനീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

    ReplyDelete