Tuesday, September 13, 2011

മലങ്കര സഭാ തര്‍ക്കം: ചര്‍ച്ച വിഫലം; നിരാഹാരം തുടരുന്നു

കോലഞ്ചേരി പള്ളിയില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി, കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളി എന്നിവിടങ്ങളിലെ ആരാധന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാംഗങ്ങളും നിരാഹാരം തുടരുന്നു.

1934ലെ ഭരണഘടനയനുസരിച്ച് കോലഞ്ചേരി പള്ളി ഭരിക്കപ്പെടണമെന്ന വാദത്തില്‍ ഓര്‍ത്തഡോക്സ് സഭയും ആരാധനയുടെ കാര്യത്തില്‍ സ്റ്റാറ്റസ്കോ നിലനിര്‍ത്തണമെന്ന വാദത്തില്‍ യാക്കോബായ സഭയും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. പ്രശ്നപരിഹാരത്തിന് കലക്ടര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇരുകൂട്ടരും തള്ളി. കോലഞ്ചേരി പള്ളി ആരാധനയ്ക്കായി തുറന്നു കൊടുക്കുക, ഇരുകൂട്ടരും നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുക എന്നീ ഒത്തുതീര്‍പ്പുവ്യവസ്ഥകളാണ് ജില്ലാ ഭരണവിഭാഗം മുന്നോട്ടുവച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇരുവിഭാഗവുമായി കലക്ടര്‍ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്ന വ്യവസ്ഥയില്‍ ചര്‍ച്ച അവസാനിപ്പിച്ചെങ്കിലും പിന്നീട് നിര്‍ദേശങ്ങള്‍ ഇരുകൂട്ടരും തള്ളുകയായിരുന്നു. കലക്ടറുടെ നിര്‍ദേശങ്ങള്‍ തള്ളിയതിനെത്തുടര്‍ന്ന് കോടതിവിധയെക്കുറിച്ച് കലക്ടര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.

കോലഞ്ചേരി പള്ളിയിലും അനുബന്ധപള്ളികളിലും ആരാധനാ സ്വാതന്ത്ര്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ശനിയാഴ്ച പ്രക്ഷോഭം ആരംഭിച്ചതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. ഞായറാഴ്ച ഇരുസഭകളും പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കേണ്ടതില്ലെന്ന് കലക്ടര്‍ ഉത്തവിട്ടിരുന്നു. ഞായറാഴ്ച രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാന അര്‍പ്പിക്കാനായി പള്ളിയിലെത്തുകയും യാക്കോബായ സഭാംഗങ്ങള്‍ ഇവരെ വഴിയില്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാനായി മൂവാറ്റുപുഴ ആര്‍ഡിഒ പള്ളിയിലും പരിസരപ്രദേശത്തും നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

യാക്കോബായ സഭാ ബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, വികാരി ഫാ. വര്‍ഗീസ് ഇടുമാരി, ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലി കോര്‍എപ്പിസ്കോപ്പ, ഫാ. എല്‍ദോസ് കക്കാടന്‍ , ട്രസ്റ്റി ജോര്‍ജ് മാത്യു, സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ , ഓര്‍ത്തഡോക്സ് സഭാ വൈദിക സെക്രട്ടറി ഫാ. ജോണ്‍സ് എബ്രഹാം കോണാട്ട്, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യന്‍ , സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്, അഡ്വ. ശ്രീകുമാര്‍ , മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍ മണിയമ്മ, റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ത്തഡോക്സ് സഭയുടെ വര്‍ക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റിയോഗവും ചൊവ്വാഴ്ച പകല്‍ 2.30 ന് കോലഞ്ചേരിയില്‍ ചേരും. യാക്കോബായ സഭയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കോലഞ്ചേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 10 മുതല്‍ 11വരെയാണ് ഹര്‍ത്താല്‍ .

deshabhimani 130911

2 comments:

  1. കോലഞ്ചേരി പള്ളിയില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി, കോട്ടൂര്‍ സെന്റ് ജോര്‍ജ് പള്ളി എന്നിവിടങ്ങളിലെ ആരാധന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാംഗങ്ങളും നിരാഹാരം തുടരുന്നു.

    ReplyDelete
  2. സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങളെ ക്യാമ്പസിലെത്തിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സഭാപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രതിഷേധപ്രകടനവും യോഗവും നടത്താന്‍ കോട്ടയം നഗരത്തിലെ ഒരു കോളേജ് മാനേജ്മെന്റ്് മൗനാനുവാദം നല്‍കി. സാധാരണ വിദ്യാര്‍ഥികളുടെ പഠനാവകാശത്തിനായുള്ള ന്യായമായുള്ള വിദ്യാര്‍ഥി സമരങ്ങളെപ്പോലും അടിച്ചമര്‍ത്തുന്ന മാനേജ്മെന്റ് ക്യാമ്പസുകളെ അപകടകരമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന സഭാപ്രശ്നങ്ങളുടെ ക്യാമ്പസ്വല്‍ക്കരണത്തിനാണ് മൗനാനുവാദം നല്‍കുന്നത്. ക്രൈസ്തവ വിദ്യാര്‍ഥി സംഘടനകളുടെ പേരില്‍ സഭാ പ്രശ്നങ്ങളെ ക്യാമ്പസുകളിലെത്തിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ സങ്കുചിത ചിന്താരീതികള്‍ കുത്തിനിറയ്ക്കാനുള്ള നീക്കത്തെ ജില്ലാകമ്മിറ്റി അപലപിച്ചു. ഇത്തരം നടപടികള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും ജില്ലാകമ്മിറ്റി വ്യക്തമാക്കി.

    ReplyDelete