Wednesday, September 21, 2011

നഗരത്തെ മുള്‍മുനയിലാക്കി പൊലീസ് അഴിഞ്ഞാട്ടം

കോഴിക്കോട്: പൊലീസ് ഭീകരതയില്‍ നഗരം കിടുങ്ങി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് അതിക്രൂരമായി അക്രമം അഴിച്ചുവിട്ടത്. ജനാധിപത്യപരമായി സമരം നടത്തിയ യുവാക്കളെ മൃഗീയമായി പൊലീസ് വേട്ടയാടിയതില്‍ ജനരോഷമിരമ്പി. ജില്ലയിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നം മുന്‍നിര്‍ത്തിയാണ് പിഡബ്ള്യുഡി കോംപ്ലക്സിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സെപ്തംബര്‍ 20നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി മന്ത്രിമാരും പൊതുമരാമത്ത് വകുപ്പ് അധികൃതരും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 20 ആയിട്ടും റോഡിലെ ഒരു കുഴിപോലും നികത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തില്‍ യുവതികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

രാവിലെ പതിനൊന്നോടെ ആരംഭിച്ച മാര്‍ച്ച് സമാധാനപരമായിരുന്നു. മാനാഞ്ചിറ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതിനുശേഷം നേതാക്കള്‍ ചീഫ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തി. ഈ സമയം പ്രവര്‍ത്തകര്‍ റോഡില്‍ സമാധാനപരമായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് ചുറ്റും വലയം തീര്‍ത്ത് പൊലീസ് പൊടുന്നനെ മര്‍ദനം അഴിച്ചുവിട്ടു. പലര്‍ക്കും തലയ്ക്കും മുഖത്തുമാണ് അടിയേറ്റത്. സംഭവത്തിനുശേഷവും പൊലീസ് നഗരത്തില്‍ പരക്കെ അഴിഞ്ഞാടി. സമരത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഓഫീസിന്റെ നാലുഭാഗത്തും നൂറുകണക്കിന് പൊലീസുകാരെയാണ് വിന്യസിച്ചത്. ജലപീരങ്കിയടക്കമുള്ള സംവിധാനങ്ങളും ഒരുക്കി. ഓഫീസിനകത്തിട്ടും പൊലീസ് തല്ലി. നിരവധി തവണ കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.

പൊലീസ് അക്രമം കണ്ട് ഭയവിഹ്വലരായ ജനങ്ങള്‍ പലരും തൊട്ടടുത്ത കടകളിലും സര്‍ക്കാര്‍ ഓഫീസുകളിലും അഭയം തേടി. പകല്‍ 12 മണിമുതല്‍ ഒരുമണിക്കൂറോളം കണ്ണൂര്‍ റോഡ് യുദ്ധക്കളമായി. നാലുഭാഗങ്ങളിലേക്കും ചിതറിയോടിയ പ്രവര്‍ത്തകരെ ഓടിച്ചിട്ടുതല്ലി. പൊലീസ് മര്‍ദനത്തില്‍ 17 പ്രവര്‍ത്തകര്‍ക്കും ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. 16 പൊലീസുകാര്‍ക്കും പരിക്കുണ്ട്. ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബൈജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം വരുണ്‍ ഭാസ്ക്കര്‍ , ഡി ബിജേഷ്, ജില്ലാകമ്മിറ്റി അംഗം സി എം ജംഷീര്‍ , കോട്ടൂളി കളംകൊല്ലിത്താഴം പിങ്കിപ്രമോദ്, എകരൂല്‍ ചൊരിയങ്ങല്‍ സിയാദ്, വെള്ളിപറമ്പ് പാറക്കാമ്പലത്ത് അനില്‍കുമാര്‍ , ചേവായൂര്‍ കുരുങ്ങുമ്മല്‍ അരുണ്‍ , കല്ലായി സാനമന്‍സില്‍ സുഭാഷ്, ഫറോക്ക് കാരത്തൊടി ഖാദര്‍ , കരുമംഗലം കൊള്ളന്‍പാറയില്‍ നിധീഷ്, ചെട്ടികുളം രവീനയില്‍ റീജു, ചെട്ടികുളം മന്‍ശാന്തില്‍ പ്രബീഷ്, പുറങ്ങോട് പറമ്പില്‍ ഷാജി, പടനിലം കൂടത്തിലുമ്മല്‍ ഷിജു എന്നിവരെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എആര്‍ ക്യാമ്പ് എസ്ഐ രാജീവനും കോളേജില്‍ ചികിത്സയിലാണ്.

പരിക്കേറ്റ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തവരെയും ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സിപിഐ എം നേതാക്കളായ ടി പി രാമകൃഷ്ണന്‍ , എളമരം കരീം, പി മോഹനന്‍ , എം ഭാസ്ക്കരന്‍ , കെ ചന്ദ്രന്‍ , പി വിശ്വന്‍ തുടങ്ങിയവര്‍ സ്റ്റേഷനിലെത്തിയശേഷം മാത്രമാണ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിച്ചത്. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പലഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ടൗണ്‍സ്റ്റേഷനിലെത്തിയിരുന്നു. സമരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം നഗരത്തില്‍ മൂന്നു വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

മനുഷ്യത്വരഹിതമായ മര്‍ദനം: സിപിഐ എം

കോഴിക്കോട്: പിഡബ്ല്യുഡി ഓഫീസ് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനം നീതീകരിക്കാനാവാത്തതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പറഞ്ഞു. പൊലീസ് അതിക്രമങ്ങളില്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് അതിഭീകരമായ മര്‍ദനമേറ്റു. മനുഷ്യത്വ രഹിതമായ ഭീകരാക്രമണമാണ് പൊലീസ് അഴിച്ചുവിട്ടത്. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ എല്ലാ മര്യാദകളും ലംഘിച്ചാണ് ഒരു വിഭാഗം പൊലീസുകാര്‍ ആക്രമിച്ചത്. മര്‍ദനമേറ്റവര്‍ക്ക് തക്കസമയത്ത് ചികിത്സ ലഭ്യമാക്കാനുള്ള നടപടിപോലും പൊലീസ് സ്വീകരിച്ചില്ല. ജനപ്രതിനിധികളും സിപിഐ എം നേതാക്കളും ഇടപെട്ടശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായത്.

മാനുഷിക മൂല്യങ്ങളും പൗരാവകാശങ്ങളും നിഷേധിച്ചാണ് ഒരു വിഭാഗം പൊലീസുകാര്‍ ഉന്നത കേന്ദ്രങ്ങളിലെ സംരക്ഷണത്തോടെ പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിന് പകരം കലാപമുണ്ടാക്കാനാണ് കോഴിക്കോട്ട്~ഒരുവിഭാഗം പൊലീസുകാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. അക്രമനടപടികളില്‍നിന്നും കള്ളക്കേസുകളില്‍നിന്നും പിന്തിരിയാന്‍ പൊലീസ് തയ്യാറാവണം. അവകാശ സമരത്തെ മര്‍ദിച്ചൊതുക്കാന്‍ കഴിയുകയില്ലെന്ന യാഥാര്‍ഥ്യം സര്‍ക്കാരും പൊലീസ് മേധാവികളും തിരിച്ചറിയണം. അത്യന്തം ഹീനമായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ബഹുജനങ്ങളും രംഗത്തുവരണമെന്ന് പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 210911

1 comment:

  1. പൊലീസ് ഭീകരതയില്‍ നഗരം കിടുങ്ങി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് അതിക്രൂരമായി അക്രമം അഴിച്ചുവിട്ടത്. ജനാധിപത്യപരമായി സമരം നടത്തിയ യുവാക്കളെ മൃഗീയമായി പൊലീസ് വേട്ടയാടിയതില്‍ ജനരോഷമിരമ്പി. ജില്ലയിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നം മുന്‍നിര്‍ത്തിയാണ് പിഡബ്ള്യുഡി കോംപ്ലക്സിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സെപ്തംബര്‍ 20നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി മന്ത്രിമാരും പൊതുമരാമത്ത് വകുപ്പ് അധികൃതരും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 20 ആയിട്ടും റോഡിലെ ഒരു കുഴിപോലും നികത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തില്‍ യുവതികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

    ReplyDelete