Saturday, September 17, 2011

സ്‌പെക്ട്രം ഇടപാടിലെ കോടികള്‍ കേരളത്തിലും എത്തിയതായി സൂചന

ടുജി സ്‌പെക്ട്രം ഇടപാടിലെ അഴിമതിപ്പണം കേരളത്തിലും ഒഴുകിയെത്തിയതായി കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സഹകരണ ബാങ്കുകളിലും ന്യൂ ജനറേഷന്‍ ബാങ്കുകളിലും അടുത്തിടെ ചില വ്യക്തികള്‍ വന്‍തുക നിക്ഷേപിക്കാന്‍ നടത്തിയ നീക്കം മണത്തറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ടുജി അഴിമതിയില്‍ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലാവുകയും അവരുടെ സ്വത്ത് വിവരങ്ങളും മറ്റും ആദായനികുതി വകുപ്പ് കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്തതാണ് കോടികളുടെ കറന്‍സി കേരളത്തിലേക്ക് തിരിച്ചുവിടാന്‍ പ്രേരകമായതെന്ന് കരുതപ്പെടുന്നു. അതേസമയം തീവ്രവാദ ചാനലുകളിലൂടെ തിരിച്ചുവിട്ട പണമാണോ ഇതെന്നും കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

കൊല്ലത്തെ സഹകരണമേഖലയിലുള്ള ഒരു ബാങ്കിലും ഒരു ന്യൂ ജനറേഷന്‍ ബാങ്കിലും അക്കൗണ്ട് തുടങ്ങാന്‍ ചില വ്യക്തികള്‍ എത്തിയത് ബാങ്ക് അധികൃതര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ ഈ നീക്കം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. 50 കോടി രൂപയുടെ അക്കൗണ്ട് തുടങ്ങാമെന്നായിരുന്നു വാഗ്ദാനം. 10 ലക്ഷത്തിന് മുകളിലുള്ള ധനഇടപാടുകള്‍ നിരീക്ഷിക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വ്യക്തികള്‍ വന്‍തുക നിക്ഷേപിക്കാനെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഴിമതിപ്പണമാണിതെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയിട്ടുള്ളത്. അക്കൗണ്ട് ആരംഭിക്കാന്‍ എത്തിയത് തമിഴ്‌നാട് കേന്ദ്രീകരിച്ച് ബിസിനസ് താല്‍പ്പര്യമുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്.

വ്യാജ തിരിച്ചറിയല്‍കാര്‍ഡ് നല്‍കി അക്കൗണ്ട് ആരംഭിക്കുന്ന സംഭവങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. സഹകരണ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം ട്രസ്റ്റ് രൂപീകരിച്ച് അതിലൂടെ വന്‍തുക ട്രാന്‍സ്ഫര്‍ ചെയ്ത ചില ഇടപാടുകളെക്കുറിച്ചും കേന്ദ്രഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വ്യക്തമായ. വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലാകമാനം മുളച്ചുപൊങ്ങുന്ന ജുവലറി-ടെക്സ്റ്റയില്‍ സംരംഭങ്ങളെക്കുറിച്ചും ഐബിയും മറ്റ് ഏജന്‍സികളും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ തീവ്രനിലപാടുകളുള്ള ഒരു സംഘടനയ്ക്ക് ജൂവലറി ബിസിനസുകാര്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ചും കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

മുന്‍പ് അഴിമതിപ്പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാറില്ലെങ്കിലും ഇത്തരത്തില്‍ ലഭ്യമാകുന്ന പണം ഏറിയകൂറും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തല്‍. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ ഭൂരിഭാഗവും കള്ളപ്പണമോ വ്യാജനോട്ടുകളോ ആണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ട് എത്തുന്നത് കേരളത്തിലാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പാകിസ്ഥാനാണ് കള്ളനോട്ടുകളുടെ പ്രഭവകേന്ദ്രം. അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഇന്ത്യയിലെ തീവ്രവാദഗ്രൂപ്പുകള്‍ക്ക് വിതരണത്തിനായി കോടിക്കണക്കിന് രൂപയുടെ വ്യാജനോട്ടുകളാണ് നല്‍കുന്നത്. ഈ പശ്ചാത്തലത്തില്‍ വ്യാജനോട്ടുകള്‍ക്കെതിരായ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെടുത്താല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഉന്നതഏജന്‍സികള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
(പ്രദീപ് ചന്ദ്രന്‍)

janayugom 170911

1 comment:

  1. ടുജി സ്‌പെക്ട്രം ഇടപാടിലെ അഴിമതിപ്പണം കേരളത്തിലും ഒഴുകിയെത്തിയതായി കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സഹകരണ ബാങ്കുകളിലും ന്യൂ ജനറേഷന്‍ ബാങ്കുകളിലും അടുത്തിടെ ചില വ്യക്തികള്‍ വന്‍തുക നിക്ഷേപിക്കാന്‍ നടത്തിയ നീക്കം മണത്തറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ടുജി അഴിമതിയില്‍ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലാവുകയും അവരുടെ സ്വത്ത് വിവരങ്ങളും മറ്റും ആദായനികുതി വകുപ്പ് കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്തതാണ് കോടികളുടെ കറന്‍സി കേരളത്തിലേക്ക് തിരിച്ചുവിടാന്‍ പ്രേരകമായതെന്ന് കരുതപ്പെടുന്നു. അതേസമയം തീവ്രവാദ ചാനലുകളിലൂടെ തിരിച്ചുവിട്ട പണമാണോ ഇതെന്നും കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

    ReplyDelete