Tuesday, September 20, 2011

ഗുരുവായൂര്‍ മാതൃക ഉചിതം: പിണറായി

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ സംവിധാനമുണ്ടാക്കുന്നത് ഉചിതമായിരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെകൂടി പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ഭരണസംവിധാനമാണ് അഭികാമ്യം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് നിയമമുണ്ടാക്കാം. ഇത്രകാലവും ക്ഷേത്രമേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. അതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡുപോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീല്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപവല്‍ക്കരിച്ച് അതിന്റെ മേല്‍നോട്ടത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ കോഴിക്കോട് സാമൂതിരി രാജാവ് അംഗമാണ്. ഗുരുവായൂരില്‍ മാത്രമല്ല, തിരുപ്പതി തുടങ്ങി ഒട്ടേറെ അതിപ്രശസ്ത ക്ഷേത്രങ്ങളിലും ഇത്തരം സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുടെകൂടി അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാവുന്നതാണെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നിലവറകളില്‍നിന്നു കണ്ടെടുത്ത വന്‍ സമ്പത്തും അമൂല്യവസ്തുക്കളും കേരളത്തിനകത്തും പുറത്തും വലിയ ചര്‍ച്ചാവിഷയമാണ്. മാധ്യമങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്ത് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനുള്ള സുരക്ഷാക്രമീകരണം, അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിര്‍ണയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കല്‍ , ക്ഷേത്രത്തിന്റെയും ക്ഷേത്രസമ്പത്തിന്റെയും ഭാവി മേല്‍നോട്ട സംവിധാനങ്ങള്‍ എന്തായിരിക്കണം എന്നിവയാണ് മുഖ്യവിഷയങ്ങള്‍ . അമൂല്യവസ്തുശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അളവും മൂല്യവും തിട്ടപ്പെടുത്താനും കോടതി നിര്‍ദേശത്തിന്റെകൂടി വെളിച്ചത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ആവശ്യമായ നടപടി എടുക്കണം. "ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നവും ജ്യോതിഷികള്‍ നടത്തിയ അഭിപ്രായപ്രകടനവും സുപ്രീംകോടതിയുടെ വിമര്‍ശത്തിന് വിധേയമായത് ശ്രദ്ധേയമാണ്. അന്ധവിശ്വാസപ്രചാരണത്തിന് സഹായകമാകുന്ന സമീപനം ആധുനിക സമൂഹത്തില്‍ നിരുത്സാഹപ്പെടുത്തണമെന്ന് പരമോന്നത നീതിപീഠംതന്നെ അഭിപ്രായപ്പെടുകയുണ്ടായി.

1931ല്‍ ക്ഷേത്രാചാരങ്ങള്‍ പാലിച്ചുകൊണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുശേഖരം സൂക്ഷിച്ചിട്ടുള്ള നിലവറകള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിച്ച വിവരം "ഹിന്ദു" പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വര്‍ണനാണയങ്ങളടങ്ങുന്ന പാത്രങ്ങള്‍/കൊട്ടകള്‍ അവിടെനിന്ന് കൊണ്ടുപോയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ ഭരണച്ചെലവിന് അത് വിനിയോഗിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഇപ്പോള്‍ കണ്ടെത്തിയ അമൂല്യശേഖരത്തില്‍ വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ആഭരണങ്ങളും മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ഷേത്രാചാര വിധി പ്രകാരമുള്ള സാധനസാമഗ്രികളുമുണ്ട്. അവയൊക്കെ ക്ഷേത്രത്തില്‍ത്തന്നെ ആചാരപൂര്‍വം സൂക്ഷിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇതിന്റെ ചരിത്രപരമായ പ്രാധാന്യവും പരിഗണിക്കപ്പെടണം.

ക്ഷേത്രസമ്പത്തില്‍ ഇതിനു പുറമെ ഭക്തജനങ്ങളുടെ കാണിക്കയും രാജ്യവ്യാപനവേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍നിന്ന് വസൂലാക്കിയ സമ്പത്തും ജനങ്ങളില്‍നിന്ന് പലതരത്തില്‍ സമ്പാദിച്ചതും ലഭിച്ചതും ഒക്കെ ഉള്‍പ്പെടും. ഇതൊക്കെ രാഷ്ട്രത്തിന്റെ പൊതു സമ്പത്താണെന്നതില്‍ സംശയമില്ല. രാജകുടുംബത്തിന്റെ സ്വത്ത് രാഷ്ട്രസ്വത്താണ്. അതുകൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് രാഷ്ട്രസമ്പത്താണ്. എങ്കിലും, എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ട് ജനാധിപത്യപരമായി ചര്‍ച്ച ചെയ്തുവേണം ഈ സമ്പത്ത് എന്തു ചെയ്യണമെന്ന് നിശ്ചയിക്കാന്‍ . സുപ്രീംകോടതി വിധി വന്നശേഷം അതുകൂടി കണക്കിലെടുത്ത് ജനാധിപത്യപരമായി ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. വിശ്വാസികളുടെ ന്യായമായ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു. ഈ പ്രശ്നത്തില്‍ പാര്‍ടി നിലപാട് എടുക്കാന്‍ വൈകി എന്ന വിമര്‍ശത്തില്‍ കഴമ്പില്ല. കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി നിലപാട് എടുക്കാനാണ് നിശ്ചയിച്ചത്. ഇപ്പോള്‍ ആ ചര്‍ച്ച നടന്നു. ഈ വിഷയത്തില്‍ പാര്‍ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി 200911

1 comment:

  1. ഗുരുവായൂര്‍ മാതൃകയില്‍ സംവിധാനമുണ്ടാക്കുന്നത് ഉചിതമായിരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെകൂടി പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള ഭരണസംവിധാനമാണ് അഭികാമ്യം. ഇതിനായി സംസ്ഥാന സര്‍ക്കാരിന് നിയമമുണ്ടാക്കാം. ഇത്രകാലവും ക്ഷേത്രമേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. അതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡുപോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീല്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനം ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപവല്‍ക്കരിച്ച് അതിന്റെ മേല്‍നോട്ടത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയില്‍ കോഴിക്കോട് സാമൂതിരി രാജാവ് അംഗമാണ്. ഗുരുവായൂരില്‍ മാത്രമല്ല, തിരുപ്പതി തുടങ്ങി ഒട്ടേറെ അതിപ്രശസ്ത ക്ഷേത്രങ്ങളിലും ഇത്തരം സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുടെകൂടി അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാവുന്നതാണെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ടി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete