Tuesday, September 20, 2011

അരിവില കിലോയ്ക്ക് 2 രൂപ കൂടി

ഇന്ത്യയില്‍നിന്ന് 20 ലക്ഷം ടണ്‍ അരി കയറ്റുമതിക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ആന്ധ്ര അരിയുടെ വില ഗണ്യമായി ഉയര്‍ത്തുന്നു. ഇത് കേരളത്തിന് തിരിച്ചടിയാകും. കയറ്റുമതി നീക്കത്തെതുടര്‍ന്ന് കേരളത്തില്‍ അരിയുടെ മൊത്തവില പൊടുന്നനെ കിലോയ്ക്ക് രണ്ടു രൂപ ഉയര്‍ന്നു. വരുംനാളുകളില്‍ വില ഇനിയും കൂടാനാണ് സാധ്യത. കേരളത്തിന് ഏറ്റവും പ്രിയങ്കരമായ ജയ, സുരേഖ, കുറുവ ഇനങ്ങള്‍ക്ക് ക്ഷാമമുണ്ടാകാനും സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞദിവസംവരെ 21 രൂപയ്ക്ക് മൊത്തക്കച്ചവടക്കാര്‍ക്ക് ലഭിച്ച സുരേഖ അരിയുടെ പുതിയ ഓര്‍ഡര്‍ 23 രൂപയ്ക്കേ നല്‍കാനാവൂ എന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ഇതേതുടര്‍ന്ന് ഈ വിഭാഗം അരിയുടെ മൊത്തവില 24 രൂപയായും ചില്ലറവില 25, 26 രൂപയായും ഉയരും. ആഴ്ചകള്‍ക്കപ്പുറം അരിവില ഇനിയും ഉയരാനാണ് സാധ്യത.

ആന്ധ്രയിലെ 82 മില്ലുകള്‍ക്ക് ആഗസ്തില്‍ 10 ലക്ഷം ടണ്‍ അരി കയറ്റുമതിചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയത്. ഇക്കാര്യം കേന്ദ്ര സഹമന്ത്രി കെ വി തോമസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന് മാത്രം അരി കയറ്റുമതിചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്രനടപടി ചോദ്യംചെയ്ത് അരി കയറ്റുമതിക്കാരുടെ സംഘടനയായ ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കയറ്റുമതി 20 ലക്ഷമാക്കി ഉയര്‍ത്തുകയും മറ്റുവ്യാപാരികള്‍ക്കും കയറ്റുമതിക്കുള്ള അനുമതി ഒരുക്കുകയുമായിരുന്നു. ഈ മാസം ഒമ്പതിനാണ് അന്തിമ അനുമതി നല്‍കിയത്.

ഈ സീസണിലെ ഇന്ത്യയിലെ മൊത്തം അരി ഉല്‍പ്പാദനം 959.6 ലക്ഷം ടണ്ണും ആഭ്യന്തര ഉപഭോഗം 900 ലക്ഷം ടണ്ണുമാണ്. അമിത ഉല്‍പ്പാദനം കണക്കിലെടുത്താണ് കയറ്റുമതിക്ക് അനുമതി നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊടുന്നനെയുള്ള കയറ്റുമതിനീക്കം ജനപ്രിയമായ ആന്ധ്ര ഇനങ്ങളുടെ വന്‍തോതിലുള്ള കയറ്റുമതിക്കാകും വഴിയൊരുക്കുക. കയറ്റുമതിക്കാര്‍ ഇപ്പോള്‍തന്നെ ആന്ധ്രയില്‍ തമ്പടിച്ചുതുടങ്ങിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും അരി ഉല്‍പ്പാദനമുണ്ടെങ്കിലും കേരളത്തില്‍ ഏറ്റവും പ്രീയം ആന്ധ്ര അരി ഇനങ്ങളാണ്. കയറ്റുമതിനീക്കം കേരളത്തിന് ഈ ഇനം അരിയുടെ ലഭ്യതതന്നെ ഇല്ലാതാക്കുമെന്ന ആശങ്കയുമുണ്ട്. കയറ്റുമതി ഘട്ടംഘട്ടമായി അനുവദിക്കേണ്ടതിനു പകരം മൊത്തത്തില്‍ 20 ലക്ഷം ടണ്‍ കയറ്റുമതിക്ക് അനുമതി നല്‍കിയതാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് കേരള മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റും അരിവ്യാപാരിയുമായ കെ വെങ്കിടേശ്പൈ പറഞ്ഞു
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 200911

1 comment:

  1. ഇന്ത്യയില്‍നിന്ന് 20 ലക്ഷം ടണ്‍ അരി കയറ്റുമതിക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ആന്ധ്ര അരിയുടെ വില ഗണ്യമായി ഉയര്‍ത്തുന്നു. ഇത് കേരളത്തിന് തിരിച്ചടിയാകും. കയറ്റുമതി നീക്കത്തെതുടര്‍ന്ന് കേരളത്തില്‍ അരിയുടെ മൊത്തവില പൊടുന്നനെ കിലോയ്ക്ക് രണ്ടു രൂപ ഉയര്‍ന്നു. വരുംനാളുകളില്‍ വില ഇനിയും കൂടാനാണ് സാധ്യത. കേരളത്തിന് ഏറ്റവും പ്രിയങ്കരമായ ജയ, സുരേഖ, കുറുവ ഇനങ്ങള്‍ക്ക് ക്ഷാമമുണ്ടാകാനും സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞദിവസംവരെ 21 രൂപയ്ക്ക് മൊത്തക്കച്ചവടക്കാര്‍ക്ക് ലഭിച്ച സുരേഖ അരിയുടെ പുതിയ ഓര്‍ഡര്‍ 23 രൂപയ്ക്കേ നല്‍കാനാവൂ എന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. ഇതേതുടര്‍ന്ന് ഈ വിഭാഗം അരിയുടെ മൊത്തവില 24 രൂപയായും ചില്ലറവില 25, 26 രൂപയായും ഉയരും. ആഴ്ചകള്‍ക്കപ്പുറം അരിവില ഇനിയും ഉയരാനാണ് സാധ്യത.

    ReplyDelete