Wednesday, September 14, 2011

നിലവറ : ഇന്‍ഫ്രാറെഡ് സുരക്ഷ വേണം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളില്‍ ഇന്‍ഫ്രാറെഡ് സെന്‍സര്‍ അടക്കമുള്ള അത്യാധുനിക സുരക്ഷാഉപകരണങ്ങള്‍ ഘടിപ്പിക്കണമെന്ന് വിദഗ്ധസമിതി. ഇതുസംബന്ധിച്ച കര്‍മപദ്ധതി റിപ്പോര്‍ട്ട് വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിലവിലുള്ള സുരക്ഷാസംവിധാനം അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് സിആര്‍പിഎഫ് ഉള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുന്ന 16ന് സുപ്രീംകോടതി റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കും. ബി ഉള്‍പ്പടെയുള്ള നിലവറകളുടെ ഭിത്തികള്‍ കോണ്‍ക്രീറ്റുചെയ്ത് ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ആമുഖം ഉള്‍പ്പടെ 12 ഭാഗമായാണ് റിപ്പോര്‍ട്ടിന്റെ ഘടന. ഇതുവരെ വിദഗ്ധസമിതി കൈക്കൊണ്ട നടപടികള്‍ , സുരക്ഷ, പ്രവര്‍ത്തനരേഖ, ഓഫീസ് പ്രവര്‍ത്തനം, സമയപരിധി, ബി നിലവറ തുറക്കല്‍ , ബജറ്റ്, അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ , മറ്റു പ്രശ്നങ്ങള്‍ , സുപ്രീംകോടതിയുടെ ഉത്തരവ് ആവശ്യമുള്ള വിഷയങ്ങള്‍ , സമിതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ റിപ്പോര്‍ട്ടുകള്‍ എന്നീ ക്രമത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമായും സുരക്ഷാസംവിധാനങ്ങളും ശാസ്ത്രീയമായ തിട്ടപ്പെടുത്തലുമാണ് പ്രതിപാദിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസിന്റെ മേല്‍നോട്ടത്തില്‍ സിആര്‍പിഎഫിന് നിലവറകളുടെ സംരക്ഷണച്ചുമതല നല്‍കണം. ക്ഷേത്രത്തിലെ നിലവിലുള്ള വാതിലുകള്‍ക്കുപുറമെ സ്റ്റീല്‍ ചട്ടയുള്ള കണ്ണാടി വാതിലുകള്‍ നിര്‍മിക്കണം. നിലവറകള്‍ക്കുള്ളിലും പുറത്തും സെന്‍സറുകളും മെറ്റല്‍ ഡിറ്റക്ടറുകളും ഘടിപ്പിക്കണം. തിട്ടപ്പെടുത്തല്‍ നടക്കുമ്പോള്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍(ഐപി) ടിവിയും ക്ലോസ്ഡ് സര്‍ക്യൂട്ട്(സിസി) ടിവിയും ഉപയോഗിക്കണം. നിലവറകളില്‍ പ്രകാശസംവിധാനവും വേണം.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച നിലവറകള്‍ ആവശ്യമായ സുരക്ഷാനിലവാരത്തിലല്ല ഇപ്പോഴുള്ളത്. ഭിത്തികള്‍ ഗ്രാനൈറ്റ് കൊണ്ടാണ് മറച്ചിരിക്കുന്നത്. ഈര്‍പ്പവും അന്തരീക്ഷ വൃതിയാനവും നിലവറയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ആവശ്യമായിവന്നാല്‍ ശീതീകരണസംവിധാനംവരെ സജ്ജമാക്കണം. ജീവനക്കാരെക്കുറിച്ച് വിശദവിവരം തയ്യാറാക്കണം. ഡിജിറ്റല്‍ ആര്‍ക്കൈവിങ് ഓഫ് ടെമ്പിള്‍ ആന്റിക്സ്(ഡാറ്റ) രീതിയില്‍ മൂന്നുഘട്ടങ്ങളിലായാണ് തിട്ടപ്പെടുത്തല്‍ നടക്കുക. ആദ്യഘട്ടം ശേഖരത്തിലെ ഓരോ ഇനത്തിന്റെയും വിവിധ തലത്തിലുള്ള മൂല്യം കണക്കാക്കും. കലാപരം, പൗരാണികം, നിത്യോപയോഗം എന്നിങ്ങനെ തിരിച്ചാകും മൂല്യം കണക്കാക്കുക. കൂടാതെ, അളവും പഴക്കവും തിട്ടപ്പെടുത്തും. രണ്ടാംഘട്ടത്തില്‍ ഇവയെല്ലാം കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. മൂന്നാം ഘട്ടത്തില്‍ ത്രിമാന ചിത്രങ്ങളെടുക്കും. സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ പദ്ധതിവേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
(വിജയ്)

deshabhimani 140911

1 comment:

  1. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളില്‍ ഇന്‍ഫ്രാറെഡ് സെന്‍സര്‍ അടക്കമുള്ള അത്യാധുനിക സുരക്ഷാഉപകരണങ്ങള്‍ ഘടിപ്പിക്കണമെന്ന് വിദഗ്ധസമിതി. ഇതുസംബന്ധിച്ച കര്‍മപദ്ധതി റിപ്പോര്‍ട്ട് വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിലവിലുള്ള സുരക്ഷാസംവിധാനം അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് സിആര്‍പിഎഫ് ഉള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. കേസ് പരിഗണിക്കുന്ന 16ന് സുപ്രീംകോടതി റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കും. ബി ഉള്‍പ്പടെയുള്ള നിലവറകളുടെ ഭിത്തികള്‍ കോണ്‍ക്രീറ്റുചെയ്ത് ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

    ReplyDelete