റെയില്‍വേ വികസനത്തില്‍ കേരളം വന്‍കുതിപ്പുണ്ടാക്കി എന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു ഒക്‌ടോബര്‍ 22 നു തറക്കല്ലിടും എന്ന പ്രഖ്യാപനം തീര്‍ച്ചയായും ജനങ്ങള്‍ സ്വാഗതം ചെയ്യും. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് സര്‍വീസുകളില്‍ മൂന്ന് എണ്ണത്തിന് അനുമതി ലഭിച്ചതും സ്വാഗതാര്‍ഹമാണ്. ചേര്‍ത്തലയില്‍ വാഗണ്‍ അനുബന്ധ സാമഗ്രി നിര്‍മാണ ഫാക്ടറി സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 23 ന് കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അറിവായി. ഇതെല്ലാമാണ് കുതിപ്പെങ്കില്‍ മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയാണ്. എന്നാല്‍ ചിരകാലമായി കേരളം ഉന്നയിച്ചുപോരുന്ന റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന്റെ മേല്‍ വെള്ളം ഒഴിക്കപ്പെട്ടിരിക്കുന്നു. റെയില്‍വേ സോണ്‍ ഇല്ലെങ്കിലെന്ത്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ടല്ലോ എന്നു വേണമെങ്കില്‍ മുഖ്യമന്ത്രിക്കു വാദിക്കാം. പാതകളുടെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലുമെല്ലാം 'വെയിറ്റിംഗ് ലിസ്റ്റി'ല്‍ തന്നെയാണ് തുടര്‍ന്നും ഉണ്ടാവുക.
കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ഉന്നയിച്ചു പോരുന്ന എത്ര എത്ര ആവശ്യങ്ങളാണ് റെയില്‍വേ വികസനം സംബന്ധിച്ച ചര്‍ച്ചകളില്‍ കാലങ്ങളായി സ്ഥാനം പിടിച്ചു പോരുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വന്‍ സംഘത്തോടൊപ്പം ചര്‍ച്ചയ്ക്ക് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്നത് സ്വാഭാവികം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനകള്‍ ആ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ചര്‍ച്ചാവേദി ഡല്‍ഹിക്കു പകരം തിരുവനന്തപുരമായത് നല്‍കാന്‍ പോകുന്ന സമ്മാനങ്ങളുടെ വലിപ്പത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്കു വഴിതെളിച്ചു.
എല്ലാം കഴിഞ്ഞ് ശാന്തമായി പരിശോധിച്ചാല്‍ നീണ്ടുകിടന്ന വെയിറ്റിംഗ് ലിസ്റ്റിലെ ആവശ്യങ്ങളില്‍ നിന്ന് 'കണ്‍ഫേംഡ്' ആയത് എത്രയോ കുറച്ചു കാര്യങ്ങള്‍ മാത്രമാണെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ചില ആവശ്യങ്ങള്‍ 'ആര്‍ എ സി' വരെ എത്തിയെങ്കില്‍ ഒട്ടേറെ എണ്ണം വെയിറ്റിംഗ് ലിസ്റ്റിലെ പഴയ സ്റ്റാറ്റസില്‍ തന്നെ ഇപ്പോഴും കിടക്കുകയാണ്. ഇത്രയും കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ഈ ജംബോ സംഘത്തേയും കൂട്ടി റെയില്‍വേ മന്ത്രി തിരുവനന്തപുരം വരെ വരേണ്ടതില്ലായിരുന്നു. ഡല്‍ഹിയില്‍ ചെല്ലാമെന്നു പറഞ്ഞ മുഖ്യമന്ത്രിയേയും സംഘത്തേയും അവിടെ വച്ചുതന്നെ കണ്ട് ചര്‍ച്ചകള്‍ നടത്തിയാല്‍ മതിയായിരുന്നു.
കേരളത്തിലെ റെയില്‍വേ വികസനത്തിന്റെ താക്കോല്‍ റെയില്‍വേ സോണ്‍ തന്നെയാണ്. യു പി എ ഗവണ്‍മെന്റിലെ ശാക്തിക ബലാബലത്തില്‍ നിര്‍ണായക സ്ഥാനമുള്ള ചിലരുടെ സങ്കുചിത താല്‍പര്യങ്ങളാണ് റെയില്‍വേ സോണിനു വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതെന്നു കേട്ടിരുന്നു. ലാലുവും മമതയും വേലുവും ബാലുവും എല്ലാം മാറിയിട്ടും കേരളത്തിനു റെയില്‍വേ സോണ്‍ വേണ്ടാ എന്ന കേന്ദ്ര നിലപാടിനു മാത്രം മാറ്റമുണ്ടായില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തിക റെയില്‍വേ സോണല്‍ ഓഫീസിനു പകരമാവില്ലെന്ന് ആര്‍ക്കാണറിയാത്തത്?
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കുവേണ്ടി 430.59 ഏക്കര്‍ ഭൂമിയാണ് കേരളം കൈമാറുന്നത്. ഈ ഭൂമി കണ്ടെത്താനും ഏറ്റെടുക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് നടത്തിയ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വി എസ് ഗവണ്‍മെന്റിന്റെ കാലത്ത് ആരംഭിക്കാന്‍ തടസമായത് ഗൗരവതരമായ ചില നയപ്രശ്‌നങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട അഴകൊഴമ്പന്‍ സമീപനം ആയിരുന്നു. ഒക്‌ടോബര്‍ 22 ന് തറക്കല്ല് ഇടാനിരിക്കേ ആ നയ പ്രശ്‌നങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടതാണ്.
കോച്ച്ഫാക്ടറി പോലെ ഒരു വന്‍ സംരംഭം സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുമ്പോള്‍ അതിന്റെ വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി നിര്‍വചിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെയും കോടികള്‍ വിലവരുന്ന കണ്ണായ ഭൂമി നല്‍കുന്ന കേരളാ ഗവണ്‍മെന്റിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ ഇത്തരം ഒരു സംയുക്ത സംരംഭത്തിലേയ്ക്ക് കേന്ദ്ര ഗവണ്‍മെന്റ് പ്രവേശിക്കാവൂ.
കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ് ഷൊര്‍ണൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതീകരണം. ഇനിയും പൂര്‍ത്തീകരിക്കാന്‍ ബാക്കിയായ പാതകളുടെ ഇരട്ടിപ്പിക്കല്‍ അതുപോലെ പ്രധാനമാണ്. കൊല്ലം-എറണാകുളം മെമു സര്‍വീസ്, വാഗ്ദാനം ചെയ്യപ്പെട്ട പുതിയ സര്‍വീസുകള്‍, പുതിയ റെയില്‍പ്പാതകള്‍ എല്ലാം യാഥാര്‍ഥ്യമാകണമെങ്കില്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് ആലസ്യം കാട്ടാതെ അതിനായി രംഗത്തുണ്ടാകണം. പാലക്കാട് ഡിവിഷനിലെ പ്ലാറ്റ് ഫാം കച്ചവടക്കാരുടെ വയറ്റത്തടിച്ച തീരുമാനം മാറ്റിച്ച് ഉത്തരവിറക്കാനും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടിയാലേ കഴിയൂ.
janayugom 210911

ReplyDelete