Wednesday, September 21, 2011

പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ ധാരണ

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തത്വത്തില്‍ ധാരണയായി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുടെ കരട് തയ്യാറായി. പെന്‍ഷന്‍ പ്രായം മൂന്നു വര്‍ഷം ഉയര്‍ത്തി 58 വയസ്സാക്കുന്നതിനാണ് തീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനൊപ്പം സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധിയും ഉയര്‍ത്തും. എന്നാല്‍ രണ്ട് പ്രധാന നിര്‍ദേശങ്ങളും നടപ്പിലാക്കണമെങ്കില്‍ സംസ്ഥാന സര്‍വീസ് ചട്ടങ്ങളും വിദ്യാഭ്യാസ ചട്ടങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ട്. ധനവകുപ്പില്‍ സാമ്പത്തിക ബാധ്യതയെ സംബന്ധിച്ച നിര്‍ദേശങ്ങളും നിയമവകുപ്പില്‍ കേരള സര്‍വീസ് ചട്ടങ്ങളിലും വിദ്യാഭ്യാസ ചട്ടങ്ങളിലും വരുത്തേണ്ട ഭേഗദതിയെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും തയ്യാറായിട്ടുണ്ട്. ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചുവെങ്കിലും ഇക്കാര്യത്തില്‍ അടുത്തമാസം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. ഈ മാസം 26ന് നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് തീരുമാനം നീട്ടിവെയ്ക്കുന്നത്. നവംബര്‍ ആദ്യവാരം നിയമസഭാ സമ്മേളനം അവസാനിച്ചശേഷം ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തുന്നതിനൊപ്പം സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധിയും വര്‍ധിപ്പിക്കും. ജനറല്‍ വിഭാഗത്തില്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സാണ്. ഇതുയര്‍ത്തി 38 ആക്കുന്നതിനാണ് പുതിയ നിര്‍ദേശം. സംവരണ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ആനുപാതികമായി 40 ആയി ഉയര്‍ത്തും. വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാവുന്ന പ്രായപരിധിയിലും വര്‍ധനയുണ്ടാകും. ഈ മാസം 26ന് ചേരുന്ന യു ഡി എഫ് നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പൂര്‍ണമായ റിപ്പോര്‍ട്ടല്ല ധനവകുപ്പും നിയമകാര്യവകുപ്പും നല്‍കിയിട്ടുള്ളത്. തീരുമാനം നടപ്പാക്കുന്നതിനാവശ്യമായ നിയമഭേദഗതികള്‍ക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തല്‍ക്കാലികമായി മറികടക്കുന്നതിനുള്ള ഉപായമായിട്ടാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ ധനകാര്യവകുപ്പ് കാണുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി ജീവനക്കാരാണ് വിരമിക്കുന്നത്. അധ്യാപക തസ്തികളില്‍ നിന്ന് വിരമിക്കുന്നവരുടെ എണ്ണവും ഭീമമാണ്. അടുത്ത രണ്ട് വര്‍ഷങ്ങളിലും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയെന്നത് സര്‍ക്കാരിന് വന്‍ ബാധ്യതയാണ്. ഈ സാമ്പത്തിക വര്‍ഷം 3200 കോടി രൂപയുടെയും അടുത്ത വര്‍ഷം 3800 കോടി രൂപയുടെയും ബാധ്യതയുണ്ടാകുമെന്നാണ് ധനകാര്യവകുപ്പ് വ്യക്തമാക്കുന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ സര്‍വീസ് സംഘടനകള്‍ അനുകൂലിക്കുന്നുണ്ടെങ്കിലും യുവജനസംഘടനകള്‍ ഭരണ, പ്രതിപക്ഷഭേദമില്ലാതെ ശക്തമായി രംഗത്തുവന്നുകഴിഞ്ഞു. കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതു ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍വീസ് സംഘടനകള്‍ മുന്നോട്ട്‌വയ്ക്കുന്നത്. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ടുകഴിയുന്ന യുവാക്കളെ നിരാശരാക്കുമെന്ന് യുവജനസംഘടനകള്‍ പറയുന്നു. യുവജനങ്ങളുടെ ശക്തമായ എതിര്‍പ്പ് മറികടന്ന് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. യുവജനങ്ങളുടെ പ്രതിഷേധം കുറയ്ക്കുന്നതിനായി പ്രത്യേക സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ധനവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. യുവജനസംഘടനകള്‍ രൂപീകരിക്കുന്ന സംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കെ എസ് ഐ ഡി സി വഴി 90 ശതനമാനം വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതികളാണ് ഇവ.
(രാജേഷ് വെമ്പായം)

janayugom 210911

1 comment:

  1. സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തത്വത്തില്‍ ധാരണയായി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുടെ കരട് തയ്യാറായി. പെന്‍ഷന്‍ പ്രായം മൂന്നു വര്‍ഷം ഉയര്‍ത്തി 58 വയസ്സാക്കുന്നതിനാണ് തീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനൊപ്പം സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധിയും ഉയര്‍ത്തും.

    ReplyDelete