Wednesday, September 14, 2011

തെര.കമീഷന്‍ വിശദീകരണം തേടും

ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രതിഫലം പറ്റുന്ന മറ്റ് പദവി വഹിക്കുന്നുവെന്ന പരാതി സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന് കുരുക്കാവുന്നു. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച പരാതി വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍വൃത്തങ്ങള്‍ പറഞ്ഞു. കമീഷന്‍ പി സി ജോര്‍ജിന്റെ വിശദീകരണം തേടും. സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറുകയായിരുന്നു. ഭഭരണഘടനയുടെ അനുഛേദം 191(1) (എ) പ്രകാരം പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും പ്രതിഫലം പറ്റുന്ന മറ്റുപദവികള്‍ വഹിക്കാന്‍ പാടില്ല. മറ്റു പദവികള്‍ വഹിക്കുന്നതായി തെളിഞ്ഞാല്‍ പാര്‍ലമെന്റ്- നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെടും. അയോഗ്യതയില്‍നിന്ന് നിയമപ്രകാരം ഒഴിവാക്കിയിട്ടുള്ള പദവികള്‍മാത്രമേ ജനപ്രതിനിധികള്‍ക്ക് വഹിക്കാനാകൂ.

ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ്വിപ്പ് സ്ഥാനം പി സി ജോര്‍ജിനു വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേകം സൃഷ്ടിക്കുകയായിരുന്നു. മന്ത്രിസ്ഥാനത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കം പരിഹരിക്കാന്‍ കണ്ട മാര്‍ഗമാണ് ക്യാബിനറ്റ് റാങ്കോടെ ചീഫ്വിപ്പ്. സോണിയക്ക് എംപിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സമാനമായ സാഹചര്യമാണ് ജോര്‍ജിന്റെ കാര്യത്തിലും നിലനില്‍ക്കുന്നതെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ പ്രതിഫലം പറ്റുന്ന മറ്റ് പദവി വഹിച്ചാല്‍ അയോഗ്യത കല്‍പ്പിക്കണമെന്നാണ് ഭഭരണഘടനയുടെ 191(1) (എ) അനുഛേദത്തില്‍ വ്യക്തമായി പറയുന്നത്. ക്യാബിനറ്റ് പദവിയോടെയുള്ള ദേശീയ ഉപദേശക സമിതി (എന്‍എസി) അധ്യക്ഷപദവി പ്രതിഫലം പറ്റുന്ന മറ്റ് പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ടികള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2006ല്‍ സോണിയ ഗാന്ധി എംപിസ്ഥാനം രാജിവച്ചിരുന്നു. പിന്നീട് ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് വീണ്ടും സഭാംഗമാവുകയായിരുന്നു. യുപിഎ സര്‍ക്കാര്‍ പിന്നീട് അയോഗ്യത തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരികയും എന്‍എസി അധ്യക്ഷപദവിയടക്കം 56 പദവികളെക്കൂടി അയോഗ്യതയില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. സമാജ്വാദി പാര്‍ടിയെ പ്രതിനിധാനംചെയ്ത് രാജ്യസഭാംഗമായിരുന്ന ജയാബച്ചനെ മറ്റ് പദവിയുടെ പേരില്‍ 2006 ല്‍ അയോഗ്യയാക്കിയിരുന്നു. എംപിയായിരിക്കെ ഉത്തര്‍പ്രദേശ് ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷപദവി വഹിച്ചുവെന്നതായിരുന്നു ജയാബച്ചനെതിരായ ആരോപണം. പരാതി പരിശോധിച്ച കമീഷന്‍ ജയയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യയാക്കുകയായിരുന്നു.
(എം പ്രശാന്ത്)

deshabhimani 140911

1 comment:

  1. ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രതിഫലം പറ്റുന്ന മറ്റ് പദവി വഹിക്കുന്നുവെന്ന പരാതി സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന് കുരുക്കാവുന്നു. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച പരാതി വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍വൃത്തങ്ങള്‍ പറഞ്ഞു.

    ReplyDelete