Saturday, October 8, 2011

കൃഷ്ണഗിരി: ഹൈക്കോടതി വിധി സര്‍ക്കാര്‍ ലംഘിച്ചു

കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. മൂന്നു മാസത്തിനകം ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന ഉത്തരവാണ് ലംഘിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ബത്തേരി താലൂക്ക് ഓഫീസില്‍ നേരത്തെ തയ്യാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതിരുന്നതിനാല്‍ അവസാന ദിവസമായ വെള്ളിയാഴ്ചയും ഉത്തരവില്‍ തഹസില്‍ദാര്‍ ഒപ്പിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കലക്ടറുടെ ചുമതലയുള്ള എഡിഎമ്മും അറിയിച്ചു. അതിനിടെ കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച റിപ്പോര്‍ട്ടുനല്‍കുമെന്ന് എഡിഎം പി അറുമുഖന്‍ പറഞ്ഞു.

കൈയേറ്റക്കാരനൊപ്പം നിന്ന് ഹൈക്കോടതി വിധി നടപ്പാക്കാതിരിക്കാനുള്ള എല്ലാ ശ്രമത്തിലുമായിരുന്നു സര്‍ക്കാര്‍ . ശ്രേയാംസിന്റെ അപ്പീല്‍ അപേക്ഷ കോടതി പരിഗണിക്കുന്ന തിങ്കളാഴ്ചവരെ ഏറ്റെടുക്കല്‍ നീട്ടികൊണ്ടുപോകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഒരു മാസത്തിനകം ഭൂമി വിട്ടുകൊടുക്കാനും അല്ലെങ്കില്‍ വിധിപ്പകര്‍പ്പ് ലഭിച്ച് മൂന്നുമാസത്തിനകം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുമായിരുന്നു ജൂണ്‍ ഒന്നിന് കോടതി വിധിച്ചത്. ഇതിനെതിരെ ശ്രേയാംസ് നല്‍കിയ സ്റ്റേ ഹരജികളെല്ലാം കോടതി തള്ളുകയും അപ്പീല്‍ പരിഗണിക്കാതിരിക്കുകയും ചെയ്തിട്ടും ഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. ഭൂമി ഏറ്റെടുക്കാതിരിക്കുന്നതിലൂടെ മുഖ്യമന്ത്രി സ്വന്തം വാക്കുകളെയാണ് വീണ്ടും തള്ളിപ്പറയുന്നത്. വയനാട്ടില്‍ പരസ്യമായി നല്‍കിയ ഉറപ്പും അദ്ദേഹം ലംഘിച്ചു. ഒക്ടോബര്‍ ഏഴു വരെ സമയമുണ്ട്. തിരുവനന്തപുരത്ത് നിവേദനം നല്‍കാനെത്തിയ ആദിവാസി ഭൂസമര സഹായ സമിതി നേതാക്കള്‍ക്കും ആദിവാസി ക്ഷേമസമിതി നേതാക്കള്‍ക്കും ഇതേഉറപ്പുനല്‍കിയിരുന്നു. സെപ്തംബര്‍ 16ന് വയനാട്ടില്‍ എത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആദിവാസികള്‍ക്ക് നിയമവും നീതിയും നിഷേധിക്കുകയാണ്. കഴിഞ്ഞദിവസം കലക്ടറേറ്റ് ഉപരോധിച്ച ഭൂസമര സഹായ സമിതി നേതാക്കള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങാനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് എഡിഎം രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. ഇതും പാഴ്വാക്കായി.

കാത്തിരിക്കുന്നത് കോടതിയലക്ഷ്യവും കേസും
കല്‍പ്പറ്റ: കൃഷ്ണഗിരിയിലെ ഭൂമി ഏറ്റെടുക്കാത്ത സര്‍കാരിനെതിരെ നിയമനടപടികള്‍ സ്വകരിക്കാമെന്ന് നിയമവിദഗദ്ര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി വിധി നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ നടപടികളും പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസും എടുക്കാം. ഭൂമി ഏറ്റെടുക്കുകയും ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്നുമായിരുന്നു കോടതി വിധി. വിധി നടപ്പാക്കാനുള്ള മൂന്നുമാസത്തെ സമയം വെള്ളിയാഴ്ച അവസാനിച്ചു. ശ്രേയാംസിന്റെ അപേക്ഷയില്‍ സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയും ബത്തേരി തഹസില്‍ദാറുമാണ് എതിര്‍കക്ഷികള്‍ . ഭൂമി പതിച്ചുനല്‍കണമെന്ന അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിച്ച ഹൈക്കോടതി ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചത് ചീഫ്സെക്രട്ടറിയോടും തഹസില്‍ദാറോടുമാണ്. വിധിഹൈക്കോടതി ഡിവിഷന്‍ ബെഞ്ചോ സുപ്രീം കോടതിയോ സ്റ്റേചെയ്യാന്‍ തയ്യാറാകാതിരുന്നതിനാല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ വേറെ വഴികളുണ്ടായിരുന്നില്ല. എന്നിട്ടും കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാല്‍ പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചും ശ്രേയാംസിനും സര്‍ക്കാരിനുമെതിരെ കേസ് എടുക്കാം.

deshabhimani 081011

1 comment:

  1. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. മൂന്നു മാസത്തിനകം ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യണമെന്ന ഉത്തരവാണ് ലംഘിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ബത്തേരി താലൂക്ക് ഓഫീസില്‍ നേരത്തെ തയ്യാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതിരുന്നതിനാല്‍ അവസാന ദിവസമായ വെള്ളിയാഴ്ചയും ഉത്തരവില്‍ തഹസില്‍ദാര്‍ ഒപ്പിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കലക്ടറുടെ ചുമതലയുള്ള എഡിഎമ്മും അറിയിച്ചു.

    ReplyDelete