Friday, October 7, 2011

ഇന്‍ഫോ പാര്‍ക്ക്: ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വി എസ്

തിരുവനന്തപുരം: ഇന്‍ഫോ പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനകാര്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനം മന്ത്രിസഭയുടെ അംഗീകാരത്തോടെ സുതാര്യമായിട്ടായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂയില്‍ ഒന്നാമതെത്തിയ ആള്‍ക്ക് ചില അപാകതകള്‍ ഉണ്ടായിരുന്നതിനാലാണ് ഒഴിവാക്കിയതെന്നും വി.എസ് വ്യക്തമാക്കി.സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണത്തെക്കുറിച്ച് സര്‍ക്കാരിന് ഇഷ്ടപ്പെട്ട ഏത് ഏജന്‍സിയെ വെച്ചും അന്വേഷണം നടത്താമെന്നും വി.എസ്.പറഞ്ഞു.

ഇന്‍ഫോപാര്‍ക്കിന്റെ  മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പ്രകാരം സി ഇ ഒയെ നിയമിക്കേണ്ടത് ഐ ടി മന്ത്രിയാണ്.മുന്‍ യു ഡിഎഫ് സര്‍ക്കാര്‍ അങ്ങനെയാണ് ചെയ്തിട്ടുള്ളതും. അതിന് പകരം പരസ്യം ചെയ്ത് ഇന്റര്‍വ്യു നടത്തി മന്ത്രിസഭയുടെ അംഗീകാരത്തോടെ തികച്ചും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരെ കണ്ടെത്താന്‍ മുന്ന് ഐ എ എസുകാരും രാജീവ് ശ്രീനിവാസന്‍ എന്ന വിദഗ്ധനുമടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഒന്നാം സ്ഥാനത്ത് വന്ന വ്യക്തി നിശ്ചിതസമയത്തിനകം അപേക്ഷ നല്‍കാത്ത ആളാണെന്ന് ഉള്‍പ്പടെ കൂടുതല്‍ പരാതികള്‍ വന്നതിനാല്‍ ഇക്കാര്യം ഐ ടി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി.അതനുസരിച്ച് അയോഗ്യരായവരെ ഒഴിവാക്കി ക്രമാനുസരണം നിയമനം നടത്തുകയാണുണ്ടായത്.  ക്രിമിനല്‍ ഗുഢാലോചന, സത്യപ്രതിജ്ഞാ ലംഘനം എന്നിവയുടെ പേരില്‍ പ്രതിക്കുട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ചീഫ് വിപ്പ് അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്.  മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ ഡോക്ടറുടെ മകനെ ഒന്നാംസ്ഥാനക്കാരനായി തിരുകിക്കയറ്റാന്‍ നടത്തിയ ശ്രമം നടക്കാതെ പോയതിന്റെ നഷ്ടബോധമാണ് ആരോപണത്തിന് പിന്നിലെന്നും വി എസ് പറഞ്ഞു

ആക്ഷേപം തന്റെ പരാതിയിലുള്ള വിരോധത്തില്‍ : സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ഇന്‍ഫോപാര്‍ക്ക് സിഇഒയായി ജിജോ ജോസഫിനെ നിയമിച്ചതില്‍ അന്നത്തെ മുഖ്യമന്ത്രിയുമായോ മറ്റാരെങ്കിലുമായോ താന്‍ ഒരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഇരട്ടപ്പദവി സംബന്ധിച്ച് ഭരണഘടനാപരമായ പ്രശ്നം താന്‍ പരാതിയായി ഉന്നയിച്ചതിനെ വ്യക്തിപരമായ ആക്ഷേപങ്ങളാല്‍ നേരിടാനാണ് ജോര്‍ജ് ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.

പത്രപരസ്യം കണ്ട് നിയമന പ്രക്രിയയിലൂടെയാണ് തന്റെ ബന്ധുവായ ജിജോ ജോസഫ് ഇന്‍ഫോപാര്‍ക്ക് സിഇഒയായി നിയമിതനായത്. പദവിക്ക് വേണ്ട അക്കാദമിക് യോഗ്യതയും പ്രവൃത്തിപരിചയവും അദ്ദേഹത്തിനുണ്ട്. നിയമനത്തില്‍ ആക്ഷേപമുള്ളതായി ഇതുവരെ പരാതി ഉയര്‍ന്നിട്ടുമില്ല. കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ താന്‍ ഹാജരായ കേസിനിടെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞത് പി സി ജോര്‍ജിന്റെ വാക്ക് അത്ര കാര്യമായി എടുക്കേണ്ടെന്നാണ്. അത് ശരിവയ്ക്കുന്നതാണ് ജോര്‍ജിന്റെ വര്‍ത്തമാനങ്ങള്‍ . നിയമനത്തില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിക്കണം- സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

deshabhimani/janayugom news

1 comment:

  1. ഇന്‍ഫോ പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനകാര്യത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനം മന്ത്രിസഭയുടെ അംഗീകാരത്തോടെ സുതാര്യമായിട്ടായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂയില്‍ ഒന്നാമതെത്തിയ ആള്‍ക്ക് ചില അപാകതകള്‍ ഉണ്ടായിരുന്നതിനാലാണ് ഒഴിവാക്കിയതെന്നും വി.എസ് വ്യക്തമാക്കി.സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണത്തെക്കുറിച്ച് സര്‍ക്കാരിന് ഇഷ്ടപ്പെട്ട ഏത് ഏജന്‍സിയെ വെച്ചും അന്വേഷണം നടത്താമെന്നും വി.എസ്.പറഞ്ഞു.

    ReplyDelete