Monday, October 24, 2011

പുന്നപ്ര രക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ സ്മരണാഞ്ജലി


അനശ്വരന്മാരായ പുന്നപ്ര രക്തസാക്ഷികള്‍ക്ക് ആയിരങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു. അമേരിക്കല്‍ മോഡല്‍ ഭരണക്രമത്തിനും സര്‍ സി പി രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിനിടയില്‍ നിറത്തോക്കുകളില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ നെഞ്ചേറ്റുവാങ്ങിയ ധീരരക്തസാക്ഷികള്‍ മരിക്കില്ലെന്നു പ്രഖ്യാപിച്ച് ഒരു നാടാകെ പുന്നപ്ര സമരഭൂമിയില്‍ സംഗമിച്ചു. പിറന്ന നാടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പോര്‍നിലങ്ങളെ സ്വന്തം ജീവരക്തംകൊണ്ടു ചുവപ്പിച്ച രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന പ്രഖ്യാപനം ഏറ്റുവാങ്ങി പുന്നപ്ര വീണ്ടും കോരിത്തരിച്ചു. പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, ദീപശിഖാറിലേ, പറവൂര്‍ രക്തസാക്ഷിനഗറിലെ അനുസ്മരണ സമ്മേളനം എന്നിവയോടെ 65-ാമതു പുന്നപ്ര രക്തസാക്ഷി ദിനാചരണത്തിനു ഞായറാഴ്ച കൊടിയറിങ്ങി. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളില്‍ നിന്നുള്ള റാലികള്‍ പകല്‍ പതിനൊന്നരയോടെ പുന്നപ്ര സമരഭൂമിയിലെത്തി. രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാനാതുറകളിലെ ജനസഞ്ചയം ഒഴുകിയെത്തി. പുഷ്പാര്‍ച്ചനയ്ക്കിടയില്‍ മുദ്രാവാക്യം വിളികളാല്‍ സമരഭൂമി മുഖരിതമായി.

 പുന്നപ്ര സമരനായകരായ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , പി കെ ചന്ദ്രാനന്ദന്‍ , ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളായ ജി സുധാകരന്‍ , സിബി ചന്ദ്രബാബു, ഡി ലക്ഷ്മണന്‍ , അഡ്വ. ജോയ്ക്കുട്ടി ജോസ്, സി രാധാകൃഷ്ണന്‍ , എച്ച് സലാം, എ ഓമനക്കുട്ടന്‍ , എം ശ്രീകുമാരന്‍ തമ്പി, എന്‍ ഗോപിനാഥപിള്ള തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്നു സമരഭൂമിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡി ലക്ഷ്മണന്‍ , ജോയ്ക്കുട്ടി ജോസ് എന്നിവര്‍ സംസാരിച്ചു. സി രാധാകൃഷ്ണന്‍ അധ്യക്ഷനായി. വൈകിട്ട് ദീപശിഖാറാലി നടന്നു. പകല്‍ മൂന്നിന് സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സമരസേനാനി പരേതനായ പി കെ വിജയന്റെ ഭാര്യ സി സുലോചന കൊളുത്തി നല്‍കിയ ദീപശിഖ അത്ലീറ്റുകള്‍ ഏറ്റുവാങ്ങി. പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട് പറവൂര്‍ രക്തസാക്ഷിനഗറില്‍ എത്തി. സി രാധാകൃഷ്ണന്‍ ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷിനഗറില്‍ സ്ഥാപിച്ചു. വൈകിട്ട് പറവൂര്‍ രക്തസാക്ഷിനഗറില്‍ പൊതുസമ്മേളനം ചേര്‍ന്നു. വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പികെ ചന്ദ്രാനന്ദന്‍ , ജി സുധാകരന്‍ എംഎല്‍എ, കെ ഇ ഇസ്മയില്‍ എംപി, സി ബി ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു. വാരാചരണകമ്മിറ്റി പ്രസിഡന്റ് സി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി എം ത്യാഗരാജന്‍ സ്വാഗതം പറഞ്ഞു. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ വൈകിട്ട് പ്രകടനം, പുഷ്പാര്‍ച്ചന, അനുസ്മരണസമ്മേളനം എന്നിവ നടന്നു. സമ്മേളനത്തില്‍ സമരസേനാനി എസ് ദാമോദരന്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് എംഎല്‍എ, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതം- വി എസ്

ആലപ്പുഴ: മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ പലരും സംസാരിക്കാനും നിവേദനങ്ങള്‍ നല്‍കാനും വരുന്നത് പതിവാണെന്നും ഇത് മുന്‍നിര്‍ത്തി യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ ദല്ലാളുകളുമായി ചര്‍ച്ച നടത്തിയെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. വിമര്‍ശനം നടത്തുന്ന വിദ്വാന്മാരില്‍ പലരും ഇത്തരക്കാരുടെ ആശ്രിതന്മാരായിരുന്നു. ചില വസ്തുതകള്‍ ഇപ്പോള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പി സി ജോര്‍ജ് തുടങ്ങിയവര്‍ ബേജറായി സംസാരിക്കുന്നതെന്നും വി എസ് പറഞ്ഞു. 65-ാമത് പുന്നപ്ര രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പറവൂര്‍ രക്തസാക്ഷിനഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

ആഗോളവല്‍ക്കരണ നയങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വവിധേയത്വവും കേന്ദ്ര സര്‍ക്കാരിനെ രാജ്യംകണ്ട ഏറ്റവും പിടിപ്പുകെട്ട സര്‍ക്കാരാക്കി മാറ്റി. ഇതിന്റെ ഫലമായി ജനജീവിതം കെടുതികള്‍ നിറഞ്ഞതും ബുദ്ധിമുട്ട് ഏറിയതുമായി. ഈ നയങ്ങള്‍ നടപ്പാക്കുമ്പോള്‍തന്നെയാണ് കേന്ദ്രഭരണം അഴിമതിക്കാരുടേതായി മാറുന്നത്. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമായി നിലനിര്‍ത്തി അമേരിക്കന്‍ മോഡല്‍ നടപ്പാക്കാനാണ് സര്‍ സി പി രാമസ്വാമി അയ്യരും അന്നത്തെ മഹാരാജാവ് ശ്രീചിത്തിരതിരുന്നാളും ശ്രമിച്ചത്. ഇതിനെതിരായ പോരാട്ടത്തില്‍ ചരിത്രം രേഖപ്പെടുത്തിയ ജനകീയമുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ സമരം. നാടിന്റെ മോചനത്തിന് പുന്നപ്ര-വയലാര്‍ വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയാണ്. ധീരരക്തസാക്ഷി രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനുമെതിരായ പോരാട്ടത്തില്‍ വീരമൃത്യുവരിക്കുകയും നാടിന് മാതൃകയാകുകയും ചെയ്തു. ഇവരുടെ പാത പിന്തുടരുകയാണ് പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച മാതൃക ഏറ്റുവാങ്ങി ഭാവിപോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്ന നമുക്ക് ചെയ്യാനുള്ള കടമയെന്നും വി എസ് പറഞ്ഞു.

deshabhimani 241011

1 comment:

  1. അനശ്വരന്മാരായ പുന്നപ്ര രക്തസാക്ഷികള്‍ക്ക് ആയിരങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു. അമേരിക്കല്‍ മോഡല്‍ ഭരണക്രമത്തിനും സര്‍ സി പി രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിനിടയില്‍ നിറത്തോക്കുകളില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ നെഞ്ചേറ്റുവാങ്ങിയ ധീരരക്തസാക്ഷികള്‍ മരിക്കില്ലെന്നു പ്രഖ്യാപിച്ച് ഒരു നാടാകെ പുന്നപ്ര സമരഭൂമിയില്‍ സംഗമിച്ചു. പിറന്ന നാടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പോര്‍നിലങ്ങളെ സ്വന്തം ജീവരക്തംകൊണ്ടു ചുവപ്പിച്ച രക്തസാക്ഷികള്‍ക്ക് മരണമില്ലെന്ന പ്രഖ്യാപനം ഏറ്റുവാങ്ങി പുന്നപ്ര വീണ്ടും കോരിത്തരിച്ചു. പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, ദീപശിഖാറിലേ, പറവൂര്‍ രക്തസാക്ഷിനഗറിലെ അനുസ്മരണ സമ്മേളനം എന്നിവയോടെ 65-ാമതു പുന്നപ്ര രക്തസാക്ഷി ദിനാചരണത്തിനു ഞായറാഴ്ച കൊടിയറിങ്ങി. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളില്‍ നിന്നുള്ള റാലികള്‍ പകല്‍ പതിനൊന്നരയോടെ പുന്നപ്ര സമരഭൂമിയിലെത്തി. രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സമരസേനാനികളും രക്തസാക്ഷി കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാനാതുറകളിലെ ജനസഞ്ചയം ഒഴുകിയെത്തി. പുഷ്പാര്‍ച്ചനയ്ക്കിടയില്‍ മുദ്രാവാക്യം വിളികളാല്‍ സമരഭൂമി മുഖരിതമായി.

    ReplyDelete