Sunday, October 23, 2011

ലാളിത്യം നിറഞ്ഞ ജനസേവകന്‍


ലാളിത്യമായിരുന്നു ടി ഗോവിന്ദന്റെ മുഖമുദ്ര. ഗൗരവതരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടയിലും എല്ലാവിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ടവനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മണ്ണില്‍ പിറന്നതിന്റെ ആത്മാര്‍ഥതയും കരുത്തും എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു. സ്ഥിരശീലമായ ഖദര്‍ വസ്ത്രത്തിന്റെ വെണ്മ നിറഞ്ഞതായിരുന്നു ആ ജീവിതം.

പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് ടി ഗോവിന്ദന്‍ പൊതുപ്രവര്‍ത്തനത്തിന്റെ പതാകയേന്തിയത്. കര്‍ഷകര്‍ക്കും ബീഡിത്തൊഴിലാളികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ചത് അനുഭവങ്ങളുടെ കരുത്ത് കൂട്ടി. സുബ്രഹ്മണ്യഷേണായിയും എ വി കുഞ്ഞമ്പുവും പി കണ്ണന്‍നായരുമെല്ലാം പോരാട്ടജീവിതത്തിലെ വഴികാട്ടികളായി. സംസ്കൃതപണ്ഡിതനും പൂരക്കളി കലാകാരനുമായ പിതാവില്‍നിന്ന് പകര്‍ന്നുകിട്ടിയ, കലയോടും സാഹിത്യത്തോടുമുള്ള അഭിനിവേശം അദ്ദേഹത്തെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാക്കി. ആശാന്റെയും ചങ്ങമ്പുഴയുടെയും കവിതകളും പുരാണസാരങ്ങളും ചേര്‍ന്ന പ്രസംഗത്തിന്റെ തെളിമയും വേറിട്ടതാണ്. നര്‍മം കലര്‍ന്ന നാട്ടുഭാഷയിലുള്ള പ്രസംഗം എല്ലാവിഭാഗം ജനങ്ങള്‍ക്കും ആസ്വാദ്യകരം. സിപിഐ എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1989 ജനുവരിയില്‍ , രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നിറഞ്ഞ കാലത്താണ് പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്. സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതിനെ തുടര്‍ന്നുള്ള ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജില്ലയിലെ പാര്‍ടി സംഘടനയെ കെട്ടുറപ്പോടെ മുന്നോട്ടു നയിക്കാന്‍ ടി ഗോവിന്ദനായി. കരുത്തനായ നേതാവായി പ്രവര്‍ത്തിക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരോടും നിര്‍മലമായ സ്നേഹബന്ധം പുലര്‍ത്തിയ സഖാവ് ഏവര്‍ക്കും പ്രിയപ്പെട്ട ഗോവിന്ദേട്ടനായിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും മത്സരിച്ചിട്ടില്ലാത്ത അദ്ദേഹം 1996-ല്‍ കാസര്‍കോട് മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആശങ്കപ്പെട്ടവരുണ്ട്. നാട്ടുമ്പുറത്തുകാരനായ പച്ചമനുഷ്യന് എംപിയെന്ന നിലയില്‍ ശോഭിക്കാന്‍ കഴിയുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ , വളരെവേഗംതന്നെ മികച്ച പാര്‍ലമെന്റേറിയനായി തിളങ്ങാന്‍ ഗോവിന്ദേട്ടനു കഴിഞ്ഞു. തുടര്‍ന്ന് രണ്ടുവട്ടംകൂടി എംപിയായ അദ്ദേഹം കണ്ണൂര്‍ , കാസര്‍കോട് ജില്ലകളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയിലെത്തിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. എ കെ ജിയായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മാതൃക. പതിറ്റാണ്ടുകളോളം തറക്കല്ലില്‍ ഒതുങ്ങിയിരുന്ന ഏഴിമല നാവിക അക്കാദമി യാഥാര്‍ഥ്യമാക്കുന്നതില്‍ ടി ഗോവിന്ദന്റെ പങ്ക് വലുതാണ്. ഉത്തരമലബാറിലെ റെയില്‍ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിലും റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുന്നതിലും അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുണ്ട്.

2006 മുതല്‍ അഞ്ചുവര്‍ഷം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനവും മാതൃകാപരമാണ്. ഖാദിബോര്‍ഡിന്റെ മുഖഛായ മാറ്റാനും തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ള ശ്രദ്ധേയമായ പരിഷ്കരണങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. തൊഴിലാളികളുടെ വേതനത്തില്‍ 50 ശതമാനം വര്‍ധന വരുത്തി. ഉത്സവകാല ബോണസിനു പുറമെ ഓണം ഫെസ്റ്റിവല്‍ അലവന്‍സും ഏര്‍പ്പെടുത്തി. ഖാദി ബോര്‍ഡ് സുവര്‍ണജൂബിലിയുടെ ഭാഗമായി ജില്ലകളില്‍ 100 വീതം ചര്‍ക്കകളും 50 തറികളും വിതരണം ചെയ്തു. പാലക്കാട്ടെ ഖാദി സില്‍ക്ക് കേന്ദ്രത്തില്‍ ഒരു കോടി രൂപയുടെ വികസനപദ്ധതി ആവിഷ്കരിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളെ ഖാദിയിലേക്ക് ആകര്‍ഷിക്കാനും ഉദ്യോഗസ്ഥര്‍ ആഴ്ചയിലൊരിക്കല്‍ ഖാദിവസ്ത്രം ധരിക്കാനുമുള്ള ഉത്തരവ് സര്‍ക്കാരിനെക്കൊണ്ട് പുറപ്പെടുവിക്കുന്നതിലും ടി ഗോവിന്ദന് പങ്കുണ്ട്. രാജ്യത്ത് ആദ്യമായി ഖാദിത്തൊഴിലാളികള്‍ക്ക് മിനിമം വേതനവും അനുവദിപ്പിച്ചു. 2009-ല്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ ഖാദിസ്റ്റാള്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ഖാദിഷോറൂമിന് തുടക്കമിട്ടതും ശ്രദ്ധേയം.

ടി ഗോവിന്ദന്റെ വിയോഗം നികത്താനാകാത്തത്: പിണറായി

പാലക്കാട്: പൊതുപ്രവര്‍ത്തന രംഗത്ത് നികത്താനാവാത്ത നഷ്ടമാണ് ടി ഗോവിന്ദന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാംഗമെന്ന നിലയില്‍ ബീഡിത്തൊഴിലാളികളുള്‍പ്പെടെ അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില കൊണ്ടുവരുന്നതിന് പാര്‍ലമെന്റിനെ ഫലപ്രദമായി ഉപയോഗിച്ചു. തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കുന്നതില്‍ അസാമാന്യ പാടവും പ്രകടിപ്പിച്ചു. മികച്ച സഹകാരികൂടിയായിരുന്ന അദ്ദേഹം ഉത്തര മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിസ്തുല പങ്ക് വഹിച്ചു. ജനങ്ങളുടെ ജീവിതവുമായി വളരെയധികം ഇഴുകിച്ചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. താഴേത്തട്ടില്‍നിന്ന് പ്രവര്‍ത്തിച്ച് നേതാവായി ഉയര്‍ന്നുവന്നയാളാണ്. ഇതര രാഷ്ട്രീയപാര്‍ടി പ്രവര്‍ത്തകരുടെപോലും ആദരവ് നേടിയിരുന്നു. പൂരക്കളി പോലുള്ള കലകളിലും നല്ല പ്രാവീണ്യം നേടി. പാര്‍ടിയില്‍ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മാതൃകാ പൊതുപ്രവര്‍ത്തകന്‍ , വിപ്ലവകാരി: കോടിയേരി

കണ്ണൂര്‍ : പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന വിപ്ലവകാരിയാണ് ടി ഗോവിന്ദനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഘാടകന്‍ , പ്രക്ഷോഭകാരി, വാഗ്മി, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയപ്രവര്‍ത്തനം കാഴ്ചവച്ചു. സിപിഐ എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടന കെട്ടിപ്പടുക്കുന്നതിലും വിപ്ലവ- ബഹുജന പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹം സിപിഐ എം ജില്ലാ സെക്രട്ടറിയായപ്പോഴാണ് അടുത്തിടപഴകി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ഞാന്‍ അന്ന് എംഎല്‍എയായിരുന്നു. പാട്യത്തിന്റെയും ചടയന്റെയും പിണറായിയുടെയും പിന്‍ഗാമിയായി ജില്ലയിലെ പ്രസ്ഥാനത്തിന് നേതൃശോഭ പകരാന്‍ സഖാവിന് കഴിഞ്ഞു -അനുശോചനക്കുറിപ്പില്‍ കോടിയേരി പറഞ്ഞു.

വി എസ് അനുശോചിച്ചു

മുന്‍ കാസര്‍കോട് എംപിയും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവുമായ ടി ഗോവിന്ദന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചിച്ചു. ഉത്തരകേരളത്തില്‍ സിപിഐ എം ശക്തിപ്പെടുത്തുന്നതിന് ടി ഗോവിന്ദന്‍ ത്യാഗപൂര്‍ണമായ പങ്കുവഹിക്കുകയുണ്ടായി. പാര്‍ലമെന്റ് അംഗമെന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചെന്ന് വി എസ് അനുസ്മരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും അനുശോചിച്ചു.

deshabhimani 241011

1 comment:

  1. ലാളിത്യമായിരുന്നു ടി ഗോവിന്ദന്റെ മുഖമുദ്ര. ഗൗരവതരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടയിലും എല്ലാവിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ടവനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മണ്ണില്‍ പിറന്നതിന്റെ ആത്മാര്‍ഥതയും കരുത്തും എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിച്ചിരുന്നു. സ്ഥിരശീലമായ ഖദര്‍ വസ്ത്രത്തിന്റെ വെണ്മ നിറഞ്ഞതായിരുന്നു ആ ജീവിതം.

    ReplyDelete