Monday, October 24, 2011

"നാദാപുരം, ഒരു ദേശം നേരു പറയുന്നു" ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

നാദാപുരത്തിന്റെ ഇന്നലെകള്‍ നരിക്കാട്ടേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുന്ന "നാദാപുരം, ഒരു ദേശം നേരു പറയുന്നു" ഡോക്യുമെന്ററിയുടെ പ്രകാശനം സംവിധായകന്‍ രഞ്ജിത്ത് കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന് സിഡി നല്‍കി നിര്‍വഹിച്ചു. നാദാപുരത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രം ഒരുകൂട്ടം വിദ്യാര്‍ഥികളാണ് രംഗത്തെത്തിക്കുന്നത്. മനുഷ്യമനസുകളെ വെറും കാഴ്ചക്കാരാക്കാതെ നാടിന്റെ ഭാഗമാക്കാന്‍ ഡോക്യുമെന്ററിയിലൂടെ സംവിധായകന്‍ പരിശ്രമിച്ചതായി രഞ്ജിത്ത് പറഞ്ഞു. സ്വന്തം നാട്ടുഭാഷയെ ജീവനുതുല്യം സ്നേഹിക്കുന്ന നാദാപുരത്തെ ജനവിഭാഗത്തിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള മുന്നൊരുക്കമാണ് ഇതെന്നും രഞ്ജിത്ത് പറഞ്ഞു. അക്ബര്‍ കക്കട്ടില്‍ , പി കെ പാറക്കടവ്, കവി വീരാന്‍കുട്ടി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ , ഡോ: ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. എം നൗഷാദ് ഡോക്യുമെന്ററി പരിചയപ്പെടുത്തി. കെ സി ഫിറോസ് സ്വാഗതവും സംവിധായകന്‍ സെയ്ദ് വാണിമേല്‍ നന്ദിയും പറഞ്ഞു.

തെരുവംപറമ്പില്‍ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ രക്തസാക്ഷി ബിനുവിന്റെ അച്ഛന്‍ കേളപ്പന്റെ വെളിപ്പെടുത്തലുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ തീവ്രവാദ സംഘടനയില്‍നിന്ന് ഭീഷണി നേരിട്ടതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഉള്ളടക്കത്തില്‍ മാറ്റം വരുത്തണമെന്ന തീവ്രവാദ സംഘടനകളുടെ സമ്മര്‍ദം വിലയ്ക്കെടുത്തില്ലെന്ന് സംവിധായകന്‍ സെയ്ദ് വാണിമേല്‍ പറഞ്ഞു. നേരത്തെ നാദാപുരത്ത് നിശ്ചയിച്ച പ്രകാശനം സമ്മര്‍ദത്തെ തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നാദാപുരത്ത് പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങളിലൂടെയാണ് ഡോക്യുമെന്ററി സംഞ്ചരിക്കുന്നത്. വാഴൂര്‍ സാഫി കോളേജിലെ ജേര്‍ണലിസം വിഭാഗം തലവന്‍ നൗഷാദിന്റെതാണ് രചന. കമുറ വിഷ്വല്‍ സിഗ്നല്‍സിനുവേണ്ടി പൊയില്‍ കുഞ്ഞഹമ്മദാണ് നിര്‍മാണം.

കെ സജീവന്‍ രക്തസാക്ഷിദിനം ആചരിച്ചു

നാദാപുരം: രക്തസാക്ഷി കെ സജീവന് നാടിന്റെ സ്മരണാഞ്ജലി. 23-ാമത് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ചെക്യാടില്‍ സിപിഐ എം നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും ജാതേരിയിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്ാര്‍ച്ചനയും നടന്നു. ചെക്യാട് ബാങ്ക്ഏരിയാ കേന്ദ്രീകരിച്ച് ബാന്റ്വാദ്യത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത റാലി നടന്നു. തുടര്‍ന്ന് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ ടി കുഞ്ഞമ്മദ്കുട്ടി അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ്റിയാസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്ണന്‍ , ഏരിയാ സെക്രട്ടറി പി കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു. എം കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. എസ്എഫ്ഐ നേതൃത്വത്തില്‍ തക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച വളയത്തുനിന്ന് ജാതേരിയിലേക്ക് വിദ്യാര്‍ഥിറാലി നടക്കും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.

deshabhimani 240311

1 comment:

  1. തെരുവംപറമ്പില്‍ മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ രക്തസാക്ഷി ബിനുവിന്റെ അച്ഛന്‍ കേളപ്പന്റെ വെളിപ്പെടുത്തലുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ തീവ്രവാദ സംഘടനയില്‍നിന്ന് ഭീഷണി നേരിട്ടതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഉള്ളടക്കത്തില്‍ മാറ്റം വരുത്തണമെന്ന തീവ്രവാദ സംഘടനകളുടെ സമ്മര്‍ദം വിലയ്ക്കെടുത്തില്ലെന്ന് സംവിധായകന്‍ സെയ്ദ് വാണിമേല്‍ പറഞ്ഞു

    ReplyDelete