Sunday, October 23, 2011
വമ്പന്‍ പ്രക്ഷോഭങ്ങളുടെ നാന്ദികുറിക്കല്
അഴിമതി തടയാന്‍ തിരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങള്‍ അനിവാര്യം: എ ബി ബര്‍ധന്‍
ന്യൂഡല്‍ഹി: അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ പാസാക്കണമെന്നും അഴിമതി തടയുന്നതിന് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സുപ്രധാനമാണെന്നും സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. ലോക്പാല്‍ നിയമം വഴി മാത്രം അഴിമതി പൂര്‍ണമായും തുടച്ചുനീക്കാനാവില്ല. ധനശക്തികള്‍ നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പു സംവിധാനത്തില്‍ തന്നെ മൗലികമാറ്റം വരണം. ദേശവ്യാപകമായി പാര്‍ട്ടി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇവിടെ ജന്ദര്‍മന്ദിറില്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്പാല്‍ ബില്ലിന് അഴിമതിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാനാകില്ല. എങ്കിലും ഇതിന് ഉത്തരവാദികളെ നിശ്ചയിക്കുന്നതിലും അഴിമതിയെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ പ്രതിരോധമായി ലോക്പാല്‍ മാറും. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ അഴിമതിയുടെ ഘടകമായി കോര്‍പ്പറേറ്റുകള്‍ മാറി. അഴിമതിയുടെ ഉത്തരവാദിത്വത്തിന്റെ പരിധിയില്‍ കോര്‍പറേറ്റുകളെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ അവകാശങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ഹനിക്കുകയാണ്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാജ്യത്തെ പാവങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുകയാണെന്ന് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചാന്‍ പറഞ്ഞു. അഴിമതിക്കാരനായ എല്‍ കെ അദ്വാനിയാണ് അഴിമതിക്കെതിരെ രഥയാത്ര നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എണ്‍പത്തേഴുകാരനായ ബര്‍ധന്‍ നിരാഹാര സമരം നയിക്കുന്നത് ഇതാദ്യമല്ലെന്ന് എ ഐ ടി യു സി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത ഓര്‍മ്മിപ്പിച്ചു. പ്രതിദിനം നൂറുകണക്കിന് പേരാണ് യു പി എ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിരാഹാര സമരം നടത്തുന്നത്. പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെ ദീര്‍ഘകാലത്തേയ്ക്ക് സമരം നയിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്പാല്‍ ബില്ലിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി വന്നിരുന്നത് സി പി ഐയും ഇടതു-ജനാധിപത്യ പാര്‍ട്ടികളുമാണെന്ന് ഡി രാജ എം പി പറഞ്ഞു. 2004 ല്‍ ഒന്നാം യു പി എയിലും പൊതുമിനിമം പരിപാടിയില്‍ ഇതുള്‍പ്പെടുത്തണമെന്ന് സി പി ഐ ശഠിച്ചിരുന്നുവെന്നും രാജ അനുസ്മരിച്ചു.
അമര്‍ജിത് കൗര്‍, ഷമീം ഫൈസി, എന്‍ എഫ് ഐ ഡബ്ല്യൂ നേതാവ് ആനി രാജ, എ ഐ വൈ എഫ് നേതാക്കളായ പി സന്തോഷ് കുമാര്‍, ജിനു ഉമ്മന്‍ സഖറിയ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകരാണ് നിരാഹാര സമരം തുടരുന്നത്. സമരത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികളും ജന്ദര്‍ മന്ദിറിലെ സമര പന്തലില്‍ അരങ്ങേറി. സമരം ഇന്ന് രാവിലെ സമാപിക്കും.
വമ്പന്‍ പ്രക്ഷോഭങ്ങളുടെ നാന്ദികുറിക്കല്‍: സി കെ ചന്ദ്രപ്പന്‍
തിരുവനന്തപുരം: അഴിമതി, വിലക്കയറ്റം, കള്ളപ്പണം എന്നിവയ്‌ക്കെതിരെ സി പി ഐ ദേശീയ വ്യാപകമായി നടത്തുന്ന നിരാഹാരസമരം വരാനിരിക്കുന്ന വമ്പന്‍ പ്രക്ഷോഭങ്ങളുടെ നാന്ദിക്കുറിക്കലാണെന്ന് സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെയാകെ രൂക്ഷമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി മൂന്നു ലക്ഷം കമ്മ്യൂണിസ്റ്റുകാരാണ് നിരാഹാരം കിടക്കുന്നത്. കൂടാതെ ഇവരുടെ സമരങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഒരേ ലക്ഷ്യബോധത്തോടെ ദശലക്ഷങ്ങള്‍ ഒത്തുകൂടുന്നുമുണ്ട്. കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന രാഷ്ട്രീയ സാമ്പത്തിക നയങ്ങളാണ് അഴിമതിക്ക് വഴിവച്ചത്. ഇതിനെതിരായ ശക്തമായ പോരാട്ടം രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ക്ക് അടുത്തമാസം മാര്‍ച്ചില്‍ പാറ്റ്‌നയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുമെന്നും സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയുടെ സ്രോതസ്സ് കണ്ടെത്താതെ അഴിമതിക്കെതിരായ സമരത്തിന് അര്‍ഥമില്ല. ആഗോള- ഉദാരവല്‍ക്കരണ പാതയില്‍ അഴിമതിക്കെതിരായ ഹസാരെയുടെ സമരങ്ങള്‍ക്ക് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ രാജ്യം നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന ഒരു ബദല്‍ മുന്നോട്ടുവയ്ക്കാന്‍ ഹസാരയ്ക്ക് കഴിഞ്ഞില്ല. ജനലോക്പാല്‍ എന്ന ഒറ്റമൂലി കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്ന് പറയുന്നത് മൗഢ്യമാണ്. രാജ്യത്ത് സമാന്തര സമ്പദ്ഘടന നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കള്ളപ്പണം രാജ്യത്തിന് പുറത്തുകടത്തി എത്രയോ വലിയ തുകകളാണ് വിദേശങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ കള്ളപ്പണമെല്ലാം നിയമങ്ങളും നയങ്ങളും തങ്ങള്‍ക്കനുകൂലമായി ഉപയോഗിച്ച് കുത്തക മുതലാളിമാര്‍ സമ്പാദിച്ചതാണ്.
രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ കൂറ് ജനങ്ങളോടല്ല, കുത്തകമുതലാളിമാരോടാണ്. അഴിമതിയും കള്ളപ്പണവും വിലക്കയറ്റവും ജനജീവിതത്തെ ആകെ താറുമാറാക്കിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ മൗലികമായ സാമ്പത്തിക നയങ്ങള്‍ ഉപേക്ഷിച്ച് നവലിബറല്‍ സാമ്പത്തിക പാതയിലൂടെ രാജ്യം സഞ്ചരിക്കുകയാണ്. 1991ല്‍ ഇന്ത്യയില്‍ അധികാരത്തിലേറിയ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് നെഹ്‌റുവിന്റെ മാര്‍ഗം ഉപേക്ഷിച്ച് ആഗോള- ഉദാരവല്‍ക്കരണ നയങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. രാജ്യത്തിന്റെ നാശം അവിടെ നിന്നാണ് തുടങ്ങിയത്.
കോണ്‍ഗ്രസ് വളരെ പണ്ടേ തന്നെ ധാര്‍മികതയും മൂല്യബോധവും ഉപേക്ഷിച്ചു. അധികാരത്തിലെത്തിയാല്‍ 100 ദിനത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നാണ് സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ നിയമം യാഥാര്‍ഥ്യമായില്ല. പട്ടിണി പാവങ്ങളായവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നതിന് 90,000 കോടി രൂപ വേണമെന്നും അത്രയും തുക തങ്ങളുടെ കൈവശമില്ലെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ ആ ശബ്ദം നിലയ്ക്കുന്നതിന് മുമ്പ് ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ക്ക് 5,20,000 കോടി രൂപയുടെ നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം വലിയൊരു മുതലാളിത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്.
ഇപ്പോള്‍ ബി ജെ പിയും അഴിമതിക്കെതിരെ ജാഥ നടത്തുകയാണ്. ഏതു മുഖമുപയോഗിച്ചാണ് അദ്വാനി അഴിമതിക്കെതിരായ ജാഥ നടത്തുന്നത്. ജാഥ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ട് ജയിലിലായി. അദ്ദേഹം ഉള്‍പ്പെട്ട ഖനികുംഭകോണം ഉള്‍പ്പെടെയുള്ള വലിയ കേസുകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. ഓരോ കുംഭകോണത്തിന് പിന്നിലും പതിനായിരക്കണക്കിന് കോടികളുടെ അഴിമതിയാണ് നടന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കി ബി ജെ പിയെ ഭരണത്തില്‍ അവരോധിക്കുന്നതിന് 4000 കോടി രൂപ ചെലവാക്കിയതായി റെഡ്ഢി സഹോദരങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചു. അഴിമതിക്കെതിരായ ബി ജെ പിയുടെ ജാഥയെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കില്ലെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
ഇന്ത്യ ജപ്തി ചെയ്യപ്പെടാവുന്ന വീടുപോലെ: ബാലചന്ദ്രന്‍ ചുള്ളിക്കാട്
തൃശൂര്‍: എപ്പോള്‍ വേണമെങ്കിലും ജപ്തി ചെയ്യപ്പെടാവുന്ന വീടുപോലെയാണ് ഇന്ത്യയെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനും എതിരെ സി പി ഐ തെക്കേ ഗോപുര നടയില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പറേറ്റുകള്‍ സാങ്കേതിക ശക്തികളെ പോലും ഉപയോഗിച്ച് ലോകത്തിന്റെ സാമ്പത്തിക ശേഷിയില്‍ പിടിമുറുക്കുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്പുകളുടെ ഭാഗമായിട്ടാണ് താന്‍ ഉപവാസ സമരത്തെ കാണുന്നത്. പ്രകൃതിയെയും സമ്പദ്ഘടനയെയും ചൂഷണം ചെയ്യുന്ന മുതലാളിത്ത കടന്നാക്രമണങ്ങളെ ചെറുക്കാന്‍ ജനകീയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരണം. മാര്‍ക്‌സും ലെനിനും ഉയര്‍ത്തിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയവയാണെന്ന് വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പോലുള്ള സമരങ്ങള്‍ തെളിയിക്കുന്നു. ഭരണകുടത്തിന്റെ അഴിമതി മാത്രം അവസാനിപ്പിച്ചാല്‍ എല്ലാമായി എന്ന വാദം നിരര്‍ത്ഥകമാണ്. ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കുപിന്നില്‍ സാമ്രാജ്യത്വ ശക്തികളാണ് പ്രവര്‍ത്തിക്കുന്നതെന്നും ചുള്ളിക്കാട് പറഞ്ഞു.
പ്രസംഗത്തിനുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 'യുദ്ധകാണ്ഡം' എന്ന കവിത ആലപിച്ചു.
ഉപവാസസമരം വലിയ കൊടുങ്കാറ്റായി പരിണമിക്കും: അഴീക്കോട്
തൃശൂര്‍: അഴിമതിക്കും കള്ളപ്പണത്തിനും വിലക്കയറ്റത്തിനുമെതിരെ സി പി ഐ നടത്തുന്ന ഉപവാസസമരം രാജ്യത്തെ ഇളക്കിമറിക്കുന്ന വലിയ കൊടുങ്കാറ്റായി പരിണമിക്കുമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു. തെക്കേ ഗോപുരനടയില്‍ ഉപവാസസമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യലബ്ധിക്കാലത്ത് നേതാക്കള്‍ക്ക് തീരെ പരിചയമില്ലാത്ത വാക്കായിരുന്നു അഴിമതി. എന്നാല്‍ ഇന്നത്തെ നേതാക്കള്‍ക്ക് പരിചയമുള്ള ഏക വാക്ക് അഴിമതിയാണ്. അന്നൊക്കെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി ജയിലില്‍ പോവുകയും പിന്നീട് ജനാധിപത്യ പ്രക്രിയയിലൂടെ മന്ത്രിമാരാവുകയും ചെയ്തവരാണ് ഉണ്ടായിരുന്നത്. ഇന്നാകട്ടെ ആദ്യം മന്ത്രിയാവുകയും പിന്നെ ജയിലില്‍ പോവുകുമാണ്. സമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള കറവപ്പശുവായി രാജ്യത്തെ കാണുന്നവരുടെ ഇടയന്മാരാണ് നമ്മുടെ മന്ത്രിമാര്‍. അവരുടെ പ്രഭാത വ്യായാമം ജയിലിലേക്ക് പോകലും സായാഹ്നവ്യായാമം അവിടെനിന്ന് ജാമ്യമെടുക്കലും ആയിത്തീര്‍ന്നിരിക്കുന്നു. ഈ ഉപവാസസമരം അഴിമതി വീരന്മാരെ ദഹിപ്പിക്കുന്ന അഗ്നിയായി മാറും എന്ന് അഴീക്കോട് ആശംസിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി വി എസ്
തിരുവനന്തപുരം: അഴിമതിവിരുദ്ധ സമരങ്ങളിലെ മുന്നണി പോരാളി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അഴിമതിക്കെതിരെ സി പി ഐ നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തി. പാളയം രക്തസാക്ഷിമണ്ഡപത്തിലെ സമരവേദിയില്‍ സത്യഗ്രഹമിരുന്ന നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇവിടെയെത്തിയതെന്ന് വി എസ് പറഞ്ഞു.
നിയമസഭ പിരിഞ്ഞതിന് ശേഷം ഉച്ചയ്ക്ക് 1.15 നാണ് വി എസ് സത്യഗ്രഹ പന്തലിലെത്തിയത്. ''ദേശാഭിമാനികളുടെയും പുരോഗമനപരമായി ചിന്തിക്കുന്നവരുടെയും അഭിലാഷത്തിന്റെയും താല്‍പര്യത്തിന്റെയും സമരമാണിത്. ഈ നിരാഹാരസമരത്തിന്റെ ശക്തി കേന്ദ്രസര്‍ക്കാരിന് വല്ലാത്ത ഹേമദണ്ഡം എല്‍പ്പിക്കട്ടെ. ഈ സമരം വിജയിക്കാതെ സാധ്യമല്ല. അഭിവാദനങ്ങള്‍ സഖാക്കളെ'' വി എസ് സംസാരിച്ചു തുടങ്ങിയതോടെ മുദ്രാവാക്യങ്ങള്‍ ഉച്ഛസ്ഥായിയില്‍ മുഴങ്ങി.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ പ്രതിഷേധസമരങ്ങളെ തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കാമെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് വി എസ് പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനം അടുക്കുമ്പോള്‍ കുത്തകകളെ സഹായിക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനാപരമായ സമീപനങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. ഒരു ശതകോടിശ്വരനായ പ്രമാണിയുടെ കമ്പനിക്ക് കേന്ദ്രം നല്‍കിയ സൗജന്യത്തിന്റെ ഫലമായി 1.20 ലക്ഷം കോടിരൂപയുടെ ലാഭമുണ്ടാക്കിക്കൊടുത്തു എന്ന് സി എ ജി റിപ്പോര്‍ട്ട് തുറന്നു കാട്ടുന്നു. കേന്ദ്ര സര്‍ക്കാരിനോടുള്ള മതിപ്പ് ദിനംപ്രതി കുറഞ്ഞുവരികയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സത്യഗ്രഹികള്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ച് 15 മിനിറ്റോളം വേദിയില്‍ ചിലവിട്ടശേഷമാണ് വി എസ് മടങ്ങിയത്.
janayugom news
Labels:
അഴിമതി,
പോരാട്ടം,
രാഷ്ട്രീയം,
സി.പി.ഐ
Subscribe to:
Post Comments (Atom)
അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ പാസാക്കണമെന്നും അഴിമതി തടയുന്നതിന് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സുപ്രധാനമാണെന്നും സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. ലോക്പാല്‍ നിയമം വഴി മാത്രം അഴിമതി പൂര്‍ണമായും തുടച്ചുനീക്കാനാവില്ല. ധനശക്തികള്‍ നിയന്ത്രിക്കുന്ന തിരഞ്ഞെടുപ്പു സംവിധാനത്തില്‍ തന്നെ മൗലികമാറ്റം വരണം. ദേശവ്യാപകമായി പാര്‍ട്ടി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇവിടെ ജന്ദര്‍മന്ദിറില്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete