Thursday, October 20, 2011

ജൂലിയന്‍ ബാണ്‍സിന് ബുക്കര്‍ പ്രൈസ്

ലണ്ടന്‍: മൂന്ന് തവണത്തെ അവഗണനകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ജൂലിയന്‍ ബാണ്‍സിനെ തേടി ബുക്കര്‍ പ്രൈസ് എത്തി. ഇത് നാലാം തവണയാണ് തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പുസ്തകം ബുക്കര്‍ പ്രൈസിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടുന്നത്. ദ സെന്‍സ് ഓഫ് ആന്‍ എന്‍ഡിംഗ് എന്ന പുസ്തകത്തിനാണ് അദ്ദേഹം ഒടുവില്‍ അവാര്‍ഡിനര്‍ഹനായത്.

അപ്രതീക്ഷിതമായി ലഭിച്ച ഒരു കത്തിനെ തുടര്‍ന്ന് തന്റെ ഉള്ളില്‍ മാത്രം ഒളിപ്പിച്ചു വച്ചിരുന്ന കുറച്ചു കാര്യങ്ങള്‍ പുറത്തു വിടാന്‍ നിര്‍ബന്ധിതനാകുന്ന ഒരു അറുപതുകാരന്റെ കഥയാണ് ദ സെന്‍സ് ഓഫ് ആന്‍ എന്‍ഡിംഗ്. മുന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷ മേധാവി സ്റ്റെല്ലാ റെമിംഗ്ടണ്‍ മേധാവിയായിരുന്ന കമ്മിറ്റിയാണ് ജൂലിയന്‍ ബാണ്‍സിനെ തിരഞ്ഞെടുത്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് വിധികര്‍ത്താക്കള്‍ പുസ്തകത്തെക്കുറിച്ച് വിലയിരുത്തിയത്.

ബ്രിട്ടനില്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള എഴുത്തുകാരനാണ് ബാണ്‍സ്. ഫ്‌ളോബര്‍ട്ട്‌സ് പാരറ്റ്, ഇംഗ്ലണ്ട് ഇംഗ്ലണ്ട്, ആര്‍തര്‍ ആന്‍ഡ് ജോര്‍ജ് എന്നിവയാണ് മുന്‍ വര്‍ഷങ്ങളില്‍ ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ നോവലുകള്‍. കമ്മിറ്റിയിലെ ഏത് ശക്തിയാണ് പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്ന് പിന്നീട് പറഞ്ഞ അദ്ദേഹം തന്റെ ഭ്രാന്തിന്റെ ഏതോ ഒരു നിമിഷം എന്നാണ് അവാര്‍ഡ് വാര്‍ത്തയെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. മൂന്ന് ബ്രിട്ടീഷ് എഴുത്തുകാരും രണ്ട് കനേഡിയന്‍ എഴുത്തുകാരുമാണ് അദ്ദേഹത്തോടൊപ്പം പുരസ്‌കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ എത്തിച്ചേര്‍ന്ന മറ്റുള്ളവര്‍. പീജിയന്‍ ഇംഗ്ലീഷ് എന്ന നോവലിന് സ്റ്റീഫന്‍ കെല്‍മാന്‍, സ്‌നോഡ്രോപ്‌സിന് എ ഡി മില്ലര്‍, ജംറാഷ്‌സ് മാനേജറിക്ക് കരോള്‍ ബ്രിച്ച് തുടങ്ങിയ ഇംഗ്ലീഷ് എഴുത്തുകാരും സിസ്റ്റേഴ്‌സ് ബ്രദേഴ്‌സ് എന്ന നോവല്‍ എഴുതിയ പാട്രിക് ഡെ വിറ്റ്, ഹാഫ് ബഌഡ് ബഌസ് എഴുതിയ എസി എഡുജിയാന്‍ എന്നീ കനേഡിയന്‍ എഴുത്തുകാരുമാണ് ബാണ്‍സിനൊപ്പം അവാര്‍ഡിന് പരിഗണിക്കപ്പെട്ട മറ്റുള്ളവര്‍.

ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും മുമ്പ് ബ്രിട്ടീഷ് കോളനികളായിരുന്ന 54 കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെയും എഴുത്തുകാര്‍ക്കായിട്ടാണ് ബുക്കര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാന്‍ ബുക്കര്‍ പ്രൈസ് എന്നറിയപ്പെടുന്ന ഈ പുരസ്‌കാരത്തിന്റെ സ്‌പോണ്‍സര്‍മാര്‍ മാന്‍ ഗ്രൂപ്പ് പി എല്‍ സിയാണ്. 1969 മുതലാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

അംഗീകരിക്കപ്പെട്ട നോവല്‍ എന്ന നിലയിലാണ് ദ സെന്‍സ് ഓഫ് എഡ്ജിംഗ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സ്റ്റെല്ല റെമിംഗ്ടണ്‍ അറിയിച്ചു. എന്നാല്‍ ഐറിഷ് എഴുത്തുകാരന്‍ സെബാസ്റ്റ്യന്‍ ബാരിയുടെ ഓണ്‍ കനാണ്‍ സൈഡ്, ബ്രിട്ടീഷ് എഴുത്തുകാരന്‍ അലന്‍ ഹോളിംഗ്ഹര്‍സ്റ്റിന്റെ ദ സ്‌ട്രേഞ്ചേഴ്‌സ് ചൈല്‍ഡ് എന്നീ പുസ്തകങ്ങള്‍ അന്തിമ ലിസ്റ്റില്‍ എത്താതിരുന്നതിനെ അവാര്‍ഡ് കമ്മിറ്റി വിമര്‍ശിച്ചു.

janayugom 201011

1 comment:

  1. മൂന്ന് തവണത്തെ അവഗണനകള്‍ക്കൊടുവില്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ജൂലിയന്‍ ബാണ്‍സിനെ തേടി ബുക്കര്‍ പ്രൈസ് എത്തി. ഇത് നാലാം തവണയാണ് തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പുസ്തകം ബുക്കര്‍ പ്രൈസിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടുന്നത്. ദ സെന്‍സ് ഓഫ് ആന്‍ എന്‍ഡിംഗ് എന്ന പുസ്തകത്തിനാണ് അദ്ദേഹം ഒടുവില്‍ അവാര്‍ഡിനര്‍ഹനായത്.

    ReplyDelete