യു ഡി എഫ് മന്ത്രിമാര്‍ ജീന്‍സ് പാന്റും ധരിച്ച് സഭയിലെത്തുന്ന കാലം വിദൂരമല്ല. മന്ത്രിമാര്‍ മുണ്ടുപേക്ഷിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഇന്നലെ സഭയില്‍ ഉയര്‍ന്നുവന്നത്. തിങ്കളാഴ്ച സഭയിലുണ്ടായ രംഗങ്ങള്‍ നേരിട്ട് കാണേണ്ടിവന്നതിനാലാകാം വി എസ് സുനില്‍കുമാറിന് ഇത്തരമൊരു ആശയം ഉദിച്ചത്.
മേശപ്പുറത്തേക്ക് ചാടിക്കേറാന്‍ ശ്രമിച്ച കളരി ആശാന്‍ മന്ത്രി കെ പി മോഹനന്റെ ചെയ്തികള്‍ ടെലിവിഷനിലൂടെ കണ്ടവരെല്ലാം സുനില്‍കുമാറിന്റെ ആശയത്തോട് യോജിക്കുമെന്നുറപ്പാണ്. യു ഡി എഫ് സര്‍ക്കാരിന്റെ നൂറു ദിനത്തിനുള്ളില്‍ വി ഡി സതീശന്റെ ഉടുപ്പിന്റെ നിറം മാത്രമാണ് മാറിയിട്ടുള്ളതെന്നാണ് സുനില്‍കുമാര്‍ പറയുന്നത്.
സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതെല്ലാം സഭയുടെ സ്വന്തമാണെന്നിരിക്കെ കെ പി മോഹനന്‍ മേശപ്പുറത്ത് വച്ചതെല്ലാം ഇനി നിയമസഭയ്ക്കുള്ളതാണെന്ന് എ കെ ബാലന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയിലും സ്പീക്കറുടെ ഓഫീസിലും കടന്ന പൂതനയെ ഓടിക്കുന്നതിനായി പ്രതിപക്ഷാംഗങ്ങള്‍ക്ക് രാത്രിയും പകലും സത്യഗ്രഹമിരിക്കേണ്ടിവന്നത് പുരുഷന്‍ കടലുണ്ടിയാണ് എല്ലാവരെയും ഓര്‍മിപ്പിച്ചത്.
മോഹിനിയുടെ വേഷം കെട്ടിയ ബിന്ദുകൃഷ്ണ വാസ്തവത്തില്‍ പൂതനയായിരുന്നുവെന്നാണ് കടലുണ്ടിയുടെ വാദം. കേട്ടു തഴമ്പിച്ച രാഷ്ട്രീയ പ്രസംഗങ്ങള്‍ മനം മടുപ്പിച്ചതിനാലാകും 'ചര്‍വതീ ചര്‍വണം' (അദ്ദേഹം ഉദ്ദേശിച്ചത് ചര്‍വിത ചര്‍വണം)നടത്താന്‍ താനില്ല എന്ന് സണ്ണി ജോസഫ് നയം വ്യക്തമാക്കി. കാട്ടില്‍ ആഹാരമില്ലാതെ വരുമ്പോഴാണ് ആനകള്‍ നാട്ടിലിറങ്ങുന്നതെന്ന് ഇ പി ജയരാജന്‍ വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍, വെടിവച്ചുകൊല്ലുന്ന കാട്ടു പന്നികളെ കത്തിക്കണമെന്ന് പറയുന്നതിലെ യുക്തിരാഹിത്യമാണ് കെ രാജു ചൂണ്ടിക്കാട്ടിയത്.
മകനായതുകൊണ്ടല്ല, സീതി ഹാജിയെക്കാള്‍ വലിയൊരു മനുഷ്യസ്‌നേഹിയെ കണ്ടെത്താന്‍ പി കെ ബഷീറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരുവീതാംകൂര്‍ മേഖലയില്‍ പദ്ധതികള്‍ വരുന്നതിന് പ്രശ്‌നമില്ല. മലബാര്‍ മേഖലയില്‍ ഏതെങ്കിലും പദ്ധതി കൊണ്ടുവരുമ്പോള്‍ മാത്രമേ പരിസ്ഥിതി സ്‌നേഹികള്‍ രംഗത്തുവരാറുള്ളൂവെന്ന ആത്മരോഷമാണ് ബഷീര്‍ പ്രകടിപ്പിച്ചത്. വനം മാഫിയയ്ക്ക് കൂട്ടുനില്‍ക്കാത്തിന്റെ പേരില്‍ 1996 കാലഘട്ടത്തില്‍ ഒരു മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നതിന്റെ ഉള്ളറക്കഥകളിലേക്കാണ് ജമീലാം പ്രകാശം കത്തിക്കയറിയത്. ഡോ. എന്‍ ജയരാജിനെ പ്രകൃതി സ്‌നേഹിയാക്കിയത് മഹാകവി ജി യുടെ 'ചന്ദനക്കട്ടിലി'ലെ വരികളാണ്. കണ്ടല്‍ കാടുകള്‍ കയ്യടക്കിയ സ്വകാര്യ വ്യക്തികളെ ഐഡന്റിഫൈ ചെയ്യണമെന്ന ആവശ്യമാണ് എ കെ ശശീന്ദ്രന് ഉന്നയിക്കാനുള്ളത്. 4.82 ചതുരശ്ര കിലോമീറ്റര്‍ വനമാണ് ഒരു ഫോറസ്റ്റ് ഗാര്‍ഡ് സംരക്ഷിക്കേണ്ടതെന്ന് കണ്ടെത്തിയത് വി ടി ബല്‍റാമാണ്. മാനുകളെ ഓമനമൃഗമായി വളര്‍ത്താന്‍ ജനങ്ങള്‍ക്ക് അനുമതി കൊടുക്കണമെന്നാണ് അറിയപ്പെടുന്ന മൃഗസ്‌നേഹി കൂടിയായ എ പി അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. വിഘ്‌നേശ്വരന്റെ (കെ ബി ഗണേഷ് കുമാര്‍)മുന്നില്‍ തന്റെ എളിയ പ്രസംഗം എറിഞ്ഞുടക്കാനാണ് കെ എന്‍ എ ഖാദര്‍ ശ്രമിച്ചത്.
ജോര്‍ജ് ഓര്‍വെല്‍, എഴുത്തച്ഛന്‍ എന്നിവരിലൂടെ തുടങ്ങിയ സി പി മുഹമ്മദ് അഥര്‍വവേദത്തിലാണ് പ്രസംഗം അവസാനിപ്പിച്ചത്. വന നശീകരണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന കെ സുരേഷ് കുറുപ്പിന്റെ പരാമര്‍ശം സി എഫ് തോമസിനെ ചൊടിപ്പിച്ചു. എന്നാല്‍ കുറുപ്പ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനിന്നതോടെ സി എഫ് തോമസ് പിന്‍വാങ്ങി. വലിയമലയിലെ കുരങ്ങന്മാരുടെ ശല്യമാണ് പാലോട് രവിക്ക് പറയാനുള്ളത്. കൂടുമായി ആളെ അയക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ആരുടെയെങ്കിലും സഞ്ചാര സ്വാതന്ത്ര്യം തടയാനാകില്ലെന്നാണ് ഗണേഷ് കുമാറിന് സഭയില്‍ ഉണര്‍ത്തിക്കാനുള്ളത്.
വാളകം സംഭവം ഇന്നലെയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സംഭവം നടന്ന് 22 ദിവസം പിന്നിട്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനാകാത്ത കാര്യം പി കെ ഗുരുദാസനാണ് ഉപക്ഷേമമായി ഉന്നയിച്ചത്. എന്നാല്‍ യഥാര്‍ഥ കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്യാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലാണ് കാര്യങ്ങള്‍ അവസാനിച്ചത്. കോഴിക്കോട് വെടിവയ്പ്പ് വി എസ് ഉപക്ഷേമമായി കൊണ്ടുവന്നു. റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് പതിവ് പല്ലവി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികം സമയമെടുത്തില്ലല്ലോ എന്നായി വി എസ്. സ്പീക്കര്‍ കൂടെ ഉള്ളതുകൊണ്ട് എന്തുമാകാം എന്നും വി എസ് പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ വരികളില്‍ ദു:സൂചനയില്ലേ എന്നായി സ്പീക്കര്‍. എങ്കില്‍ പിന്‍വലിക്കാമെന്ന് വി എസ്. തിങ്കളാഴ്ച മുഖ്യമന്ത്രി അവതരിപ്പിച്ച പുറത്താക്കല്‍ പ്രമേയത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി എ കെ ബാലന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. വാച്ച് വാര്‍ഡിനെ ആക്രമിച്ചതിനല്ല, സ്പീക്കറുടെ റൂളിംഗ് ചോദ്യം ചെയ്തതിനാണ് നടപടിയെന്ന് മുഖ്യമന്ത്രി. മന്ത്രിക്ക് കിട്ടിയ സ്വാഭാവിക നീതി പ്രതിപക്ഷത്തിന് ലഭിക്കാത്ത കാര്യവും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.
കേരളത്തെ ഭാവിയില്‍ ആഴത്തില്‍ ബാധിക്കുന്ന വിഷയമാണ് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക് അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സ്വകാര്യബാങ്കുകളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് വിഷയം. സ്വകാര്യ ബാങ്കുകാര്‍ക്ക് ഇടപാടുകാരെ പിടിച്ചുകൊടുക്കുന്ന ഏജന്റായി ധനമന്ത്രി മാറരുതെന്നാണ് ഐസക് ഓര്‍മിപ്പിച്ചത്. ശമ്പളവും പെന്‍ഷനും സ്വകാര്യ ബാങ്കുകളെ ഏല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ സ്വകാര്യ ബാങ്കുകളെ ആശ്രയിക്കാമെന്ന കേന്ദ്ര ഉത്തരവ് മാത്രമാണ് ഉള്ളതെന്നാണ് മാണിയുടെ വാദം. സംസ്ഥാനം ഉണ്ടായ കാലം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കിവരുന്ന സംവിധാനം ആറുമാസം കൂടി തുടര്‍ന്നാല്‍ എന്തുപ്രശ്‌നമാണ് ഇവിടെയുണ്ടാകുക എന്നതാണ് ഐസകിന് മനസ്സിലാകുന്നില്ല. ഫിലോസഫിയില്‍ അത്ര പിടിയില്ലെന്നും ഐസക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എളിയവനാണെന്നുമൊക്കെയുള്ള വാചക കസര്‍ത്ത് നടത്തി പിടിച്ചുനില്‍ക്കാനാണ് മാണി ശ്രമിച്ചത്. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലേക്ക് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് കൈമാറുന്നതടക്കമുള്ള നീക്കങ്ങത്തിലൂടെ ആരുടെയെല്ലാം പോക്കറ്റിലേക്ക് കമ്മിഷന്‍ ഒഴുകുമെന്ന് കണ്ടറിയാം.
രാജേഷ് വെമ്പായം
സസ്‌പെന്‍ഷനിലെ അവ്യക്തത: സഭയില്‍ പ്രതിപക്ഷ ക്രമപ്രശ്‌നം
തിരുവനന്തപുരം: പ്രതിപക്ഷ എം എല്‍ എമാരായ ടി വി രാജേഷിനെയും ജെയിംസ് മാത്യുവിനെയും സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. ശൂന്യവേളയില്‍ എ കെ ബാലനാണ് ഇത് സംബന്ധിച്ച ക്രമപ്രശ്‌നം ഉന്നയിച്ചത്. എം എല്‍ എമാരെ സസ്‌പെന്റ് ചെയ്തത് ഏത് സംഭവത്തിലാണെന്ന് വ്യക്തമല്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
കഴിഞ്ഞ 17 ന് നിയമസഭയില്‍ സ്പീക്കര്‍ നടത്തിയ റൂളിംഗിന് ശേഷം മുഖ്യമന്ത്രി അവതരിപ്പിച്ച സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ ഏത് ദിവസത്തെ പ്രശ്‌നത്തിലാണ് നടപടിയെടുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. 14 ന് നിയമസഭയിലുണ്ടായ ഉന്തും തള്ളും വിഷയത്തിലാണ് നടപടിയെങ്കില്‍ സ്പീക്കര്‍ അക്കാര്യത്തില്‍ കൂടുതല്‍ നടപടിയില്ലെന്ന് റൂളിംഗ് നല്‍കി കഴിഞ്ഞു. ഇതിന് പുറമേ മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ പ്രമേയം പാസാക്കിയത് സ്പീക്കറോടുള്ള അനാദരവാണ്. 17 ന് എം എല്‍ എമാര്‍ സ്പീക്കറുടെ റൂളിംഗിനെതിരേ പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെങ്കില്‍ അതു പ്രമേയത്തില്‍ വ്യക്തമാക്കണമായിരുന്നു. ഈ വിഷയം നിയമസഭയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംഭവം വ്യക്തമാക്കാതെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി നിലനില്‍ക്കില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ അധികാരം മുഖ്യമന്ത്രി കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് സി പി എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
സ്പീക്കറുടെ റൂളിങ്ങിനെതിരേ എം എല്‍ എമാര്‍ പ്രതിഷേധിച്ചെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കര്‍ നടപടി സ്വീകരിക്കുന്നതിനു മുമ്പ് എം എല്‍ എമാര്‍ക്കു പറയാനുള്ളതും കേള്‍ക്കണം. സഭാനേതാവിനു ഇക്കാര്യത്തില്‍ നടടപടിയെടുക്കാന്‍ അധികാരമില്ലെന്നു ചട്ടങ്ങളില്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നടപടി കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമാണെന്നും കോടിയേരി പറഞ്ഞു. എന്നാല്‍, സ്പീക്കറുടെ അധികാരം താന്‍ കവര്‍ന്നെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. 14 നു സഭയിലുണ്ടായ പ്രശ്‌നം സംബന്ധിച്ചു കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയതാണ്.
എം എല്‍ എമാര്‍ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കൂടുതല്‍ നടപടിയെടുക്കുന്നില്ലെന്നു വ്യക്തമാക്കി റൂളിങ് നല്‍കിയതോടെ പ്രശ്‌നം അവസാനിച്ചു. തുടര്‍ന്നാണ് സ്പീക്കറുടെ റൂളിങ്ങിനെതിരേ എം എല്‍ എമാര്‍ ആക്രോശിച്ചത്. ഇതെത്തുടര്‍ന്ന്് താന്‍ അവതരിപ്പിച്ച സസ്‌പെന്‍ഷന്‍ പ്രമേയം സഭയാണ് പാസാക്കിയത്. 14 നു നടന്ന സംഭവത്തില്‍ സ്പീക്കര്‍ തീര്‍പ്പ് കല്‍പ്പിച്ച സാഹചര്യത്തില്‍ 17 ലെ വിഷയത്തിലാണ് സസ്‌പെന്‍ഷനെന്ന കാര്യം വ്യക്തമാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
janayugom 201011
യു ഡി എഫ് മന്ത്രിമാര്‍ ജീന്‍സ് പാന്റും ധരിച്ച് സഭയിലെത്തുന്ന കാലം വിദൂരമല്ല. മന്ത്രിമാര്‍ മുണ്ടുപേക്ഷിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശമാണ് ഇന്നലെ സഭയില്‍ ഉയര്‍ന്നുവന്നത്. തിങ്കളാഴ്ച സഭയിലുണ്ടായ രംഗങ്ങള്‍ നേരിട്ട് കാണേണ്ടിവന്നതിനാലാകാം വി എസ് സുനില്‍കുമാറിന് ഇത്തരമൊരു ആശയം ഉദിച്ചത്.
ReplyDelete