Monday, October 17, 2011

റെയില്‍വേ യാത്രാനിരക്കും കൂട്ടുന്നു

ചരക്കുകൂലി ആറുശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെ റെയില്‍വേ യാത്രനിരക്കും വര്‍ധിപ്പിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാനെന്ന പേരില്‍ ഉയര്‍ന്ന ക്ലാസുകളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടുന്നത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാകും. അടുത്ത റെയില്‍ബജറ്റിന് മുമ്പുതന്നെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ ഫിനാന്‍സ് കമീഷണര്‍ പൊമ്പ ബബ്ബര്‍ സൂചിപ്പിച്ചു. യാത്രാനിരക്ക് യുക്തിസഹമാക്കുകയാണെന്നും അതിനുള്ള പ്രക്രിയ ആരംഭിച്ചുവെന്നുമാണ് പൊമ്പ പറഞ്ഞത്.

റെയില്‍വേ കേന്ദ്രസഹായം സ്വീകരിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ , യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ അതിന്റെ ആവശ്യമില്ല. താഴ്ന്ന ക്ലാസുകളിലെ യാത്രക്കാര്‍ക്ക് ബാധ്യത വരുത്തില്ല. നിരക്കുകളില്‍ വലിയ വര്‍ധന വരുത്തില്ലെന്നും ചില്ലറ മാറ്റങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്ര, ചരക്ക് കൂലികള്‍ കൂട്ടുന്നതിനൊപ്പം സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പദ്ധതിച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാനും റെയില്‍വേ തീരുമാനിച്ചു. റെയില്‍വേയുടെ വികസന പദ്ധതികളെ ഈ തീരുമാനം ബാധിക്കും. പശ്ചാത്തലസൗകര്യത്തിനും മറ്റുവികസനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവാകും വെട്ടിക്കുറയ്ക്കുകയെന്ന് പൊമ്പ പറഞ്ഞു. മൂലധനത്തിലും വികസനനിധിയിലും 2100 കോടിയുടെ കുറവാണ് റെയില്‍വേക്കുള്ളത്. കഴിഞ്ഞ വര്‍ഷം മുതലാണ് കുറവ് അനുഭവപ്പെട്ടു തുടങ്ങിയതെന്നും ഇതു നികത്താന്‍ വായ്പ വേണ്ടിവരുമെന്നും പൊമ്പ പറഞ്ഞു. ധനസെക്രട്ടറിയുമായി വിഷയം സംസാരിച്ചിട്ടുണ്ട്. ചരക്ക് ഇടനാഴിപോലുള്ള പദ്ധതികള്‍ക്ക് ഇപ്പോള്‍ത്തന്നെ വിദേശവായ്പയുണ്ടെന്നും പൊമ്പ പറഞ്ഞു. അടിസ്ഥാന ചരക്കുകൂലിയും സര്‍ച്ചാര്‍ജും മൂന്നു ശതമാനംവീതം ശനിയാഴ്ചയാണ് റെയില്‍വേ വര്‍ധിപ്പിച്ചത്.

ദേശാഭിമാനി 171011

1 comment:

  1. ചരക്കുകൂലി ആറുശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെ റെയില്‍വേ യാത്രനിരക്കും വര്‍ധിപ്പിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാനെന്ന പേരില്‍ ഉയര്‍ന്ന ക്ലാസുകളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടുന്നത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാകും. അടുത്ത റെയില്‍ബജറ്റിന് മുമ്പുതന്നെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ ഫിനാന്‍സ് കമീഷണര്‍ പൊമ്പ ബബ്ബര്‍ സൂചിപ്പിച്ചു. യാത്രാനിരക്ക് യുക്തിസഹമാക്കുകയാണെന്നും അതിനുള്ള പ്രക്രിയ ആരംഭിച്ചുവെന്നുമാണ് പൊമ്പ പറഞ്ഞത്.

    ReplyDelete