Monday, October 17, 2011

സമരവീര്യത്തില്‍ മീശ; നമ്പാടന്‍നമ്പറുകളുമായി ആത്മകഥ

ലോനപ്പന്‍ നമ്പാടന്റെ കട്ടിമീശയും വിമോചനസമരവും തമ്മിലെന്ത്? വിമോചനസമരത്തെ ഹൃദയംകൊണ്ട് പിന്തുണച്ചിരുന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കൊടകരക്കാരന്‍ നമ്പാടന്‍ വിമോചനസമരത്തിന്റെ വീര്യത്തിലാണ് ആദ്യമായി മീശവച്ചത്. അതും സമരം കൊടുമ്പിരിക്കൊണ്ട 1959ലെ ജനുവരി ഒന്നിന്. പിന്നീട് ഒരിക്കല്‍മാത്രം മീശ കളഞ്ഞത് "എ കെ ജി" സിനിമയില്‍ ജ്യോതിബസുവായി അഭിനയിക്കാനും. കേരള രാഷ്ട്രീയചരിത്രത്തെ എല്‍പി സ്കൂള്‍ അധ്യാപകന്റെ ഭാഷയില്‍ അവതരിപ്പിക്കുന്ന "സഞ്ചരിക്കുന്ന വിശ്വാസി" എന്ന നമ്പാടന്റെ ആത്മകഥയിലാണ് ഈ മീശപുരാണം. നമ്പാടന്‍ നമ്പറുകളുടെ കമ്പക്കെട്ടുകള്‍ക്കൊപ്പം കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലുകളുടെ കുഴിമിന്നി അമിട്ടുകളും ആത്മകഥയെ വ്യത്യസ്തമാക്കുന്നു. എ കെ ജി സിനിമയില്‍ ബസുവായി വേഷമിട്ടതുകൊണ്ട് നമ്പാടന് മറ്റൊരു നേട്ടവുമുണ്ടായി. 25 വര്‍ഷം എംഎല്‍എയും മന്ത്രിയും ഒരുവട്ടം എംപിയുമായിട്ടും മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറ്റവുമധികംകാലം മുഖ്യമന്ത്രിയായിരുന്ന ബസുവിന്റെ വേഷമിട്ടതോടെ തീര്‍ന്നു. 1982ലെ കാസ്റ്റിങ് മന്ത്രിസഭയെ മറിച്ചിട്ടതിന്റെ ചരിത്രത്തിലില്ലാത്ത സ്വപ്നദര്‍ശനവും നമ്പാടന്‍ വെളിപ്പെടുത്തുന്നു. മാര്‍ച്ച് 14ന് രാത്രി ഉറക്കത്തിലാണ് ഗുരുവായൂരപ്പന്‍ സ്വപ്നത്തില്‍വന്ന് കടാക്ഷിച്ചത്. പിന്നെ വൈകിച്ചില്ല. കാസ്റ്റിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനമെടുത്ത് രാവിലെ എഴുന്നേറ്റ് തിരുവനന്തപുരത്തേക്കു വണ്ടികയറി". അങ്ങനെ ഗുരുവായൂരപ്പനെ കൂടാതെ കരുണാകരന് പേടിയുള്ള രണ്ടപ്പന്മാരില്‍ ഒരാള്‍ താനായെന്ന് ലോനപ്പന്‍ .

കേരള കോണ്‍ഗ്രസ് വിട്ടശേഷം ഈരാറ്റുപേട്ടയില്‍ താന്‍ പ്രസംഗിച്ച പൊതുയോഗത്തിനുനേരെയുണ്ടായ കല്ലേറിന് നേതൃത്വം നല്‍കിയത് പി സി ജോര്‍ജായിരുന്നു. പുറമ്പോക്ക് കൈയേറി വീടുവച്ചതും ജോലി വാഗ്ദാനംചെയ്ത് ഒരാളില്‍നിന്ന് പണം തട്ടിയതും താന്‍ സഭയില്‍ ഉന്നയിച്ചതിന്റെ വൈരാഗ്യമായിരുന്നു ജോര്‍ജിനെന്ന് നമ്പാടന്‍ . എല്‍പി സ്കൂള്‍ അധ്യാപകജീവിതത്തിലെ രസകരമായ സംഭവങ്ങളിലൊന്നാണ് "എന്റെ സ്വന്തം ഡിപിഇപി" എന്ന അധ്യായത്തില്‍ . ഒന്നാം ക്ലാസിലെ കുട്ടികളെ രണ്ട് എന്ന് അക്കത്തില്‍ എഴുതി പഠിപ്പിക്കുകയാണ്. "മാഷേ എന്റെ രണ്ടിന്റെ ഓട്ടയടഞ്ഞു എന്നൊരു നിലവിളിപിന്‍ബഞ്ചില്‍നിന്ന്. ഒന്നാം ക്ലാസുകാര്‍ ക്ലാസ്മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന കാലമാണ്. ഞാനൊന്നു വിരണ്ടു. പോയിനോക്കിയപ്പോള്‍ സ്ലേറ്റില്‍ ചോക്കുകൊണ്ട് എഴുതിക്കൊടുത്ത കുനിപ്പുള്ള രണ്ടിനു മുകളിലൂടെ അവന്‍ എഴുതിയെഴുതി രണ്ടിന്റെ ചുരുളിലെ വിടവ് അടഞ്ഞുപോയതാണ് പ്രശ്നമായത്."

മുന്‍സീറ്റില്‍ യാത്രചെയ്യുമായിരുന്ന മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് പകരം മന്ത്രിയാണെന്നു തെറ്റിദ്ധരിച്ച് ജനക്കൂട്ടം ഗണ്‍മാനെ മാലയിട്ട് സ്വീകരിച്ച് കൊണ്ടുപോയതുപോലുള്ള സംഭവ വിവരണവും ഏറെ. സഭ ഒന്നടങ്കം കാതുകൂര്‍പ്പിക്കുന്ന നമ്പാടന്റെ പ്രസംഗത്തെക്കുറിച്ച് സി എച്ച് മുഹമ്മദ് കോയയുടെ കമന്റ് ഇങ്ങനെ: "പ്രസംഗം ഗംഭീരം. കുക്കുടഭോഗം പോലെയുണ്ട്". മഴക്കോട്ടിട്ട് രാത്രി തിരുവനന്തപുരം നഗരത്തിലൂടെപോയ ടി എച്ച് മുസ്തഫയെ ഓട്ടോ ലൈറ്റില്ലാതെ പോകുന്നതാണെന്നു കരുതി ട്രാഫിക് പൊലീസ് പിടിച്ചെന്ന നമ്പര്‍ ആസ്വദിച്ചവരുടെ കൂട്ടത്തില്‍ മുസ്തഫയുമുണ്ടായിരുന്നെന്ന് നമ്പാടന്‍ . ബിഷപ് കുണ്ടുകുളത്തിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ വിവാദമായേക്കാം. ലളിതഭാഷയില്‍ രചിച്ച 46 അധ്യായങ്ങളുള്ള പുസ്തകം ഡിസിയാണ് പ്രസിദ്ധീകരിച്ചത്. ചികിത്സാര്‍ഥം മൂന്നുവര്‍ഷത്തോളമായി ഇടപ്പള്ളിയില്‍ താമസിക്കുന്ന നമ്പാടന്‍ രണ്ടുവര്‍ഷമെടുത്താണ് രചന പൂര്‍ത്തിയാക്കിയത്.

desshabhimani 171011

1 comment:

  1. ലോനപ്പന്‍ നമ്പാടന്റെ കട്ടിമീശയും വിമോചനസമരവും തമ്മിലെന്ത്? വിമോചനസമരത്തെ ഹൃദയംകൊണ്ട് പിന്തുണച്ചിരുന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കൊടകരക്കാരന്‍ നമ്പാടന്‍ വിമോചനസമരത്തിന്റെ വീര്യത്തിലാണ് ആദ്യമായി മീശവച്ചത്. അതും സമരം കൊടുമ്പിരിക്കൊണ്ട 1959ലെ ജനുവരി ഒന്നിന്. പിന്നീട് ഒരിക്കല്‍മാത്രം മീശ കളഞ്ഞത് "എ കെ ജി" സിനിമയില്‍ ജ്യോതിബസുവായി അഭിനയിക്കാനും. കേരള രാഷ്ട്രീയചരിത്രത്തെ എല്‍പി സ്കൂള്‍ അധ്യാപകന്റെ ഭാഷയില്‍ അവതരിപ്പിക്കുന്ന "സഞ്ചരിക്കുന്ന വിശ്വാസി" എന്ന നമ്പാടന്റെ ആത്മകഥയിലാണ് ഈ മീശപുരാണം.

    ReplyDelete