Sunday, October 23, 2011

സിപിഐ എം തണലില്‍ ദളിതര്‍ക്ക് നീതി

മധുര: പൊതുവഴിയില്‍ സവര്‍ണര്‍ അയിത്ത മതിലില്‍ കെട്ടി ഉയര്‍ത്തിയതോടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായ ഉത്തപുരം ഗ്രാമത്തിലെ ദളിതര്‍ക്ക് സിപിഐ എം തണലില്‍ നീതി ലഭിച്ചു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷം ഇല്ലാതാക്കാന്‍ സവര്‍ണ-ദളിത് വിഭാഗങ്ങള്‍ മധുര ജില്ലാ പൊലീസ് കമീഷണര്‍ അസ്റാ ഗാര്‍ഗിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു. കരാറനുസരിച്ച് ദളിതര്‍ക്ക് മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധന നടത്താം. 2008ല്‍ അയിത്ത മതില്‍പൊളിച്ചുണ്ടാക്കിയ പാത ദളിതര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. ഈ പാതയില്‍ തടസ്സമുണ്ടാക്കി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും ധാരണയായി. ഇരുവിഭാഗത്തിനുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കും. ഉത്തപുരം നിവാസികള്‍ക്കായി ബസ് സ്റ്റോപ്പ് നിര്‍മിക്കും. മുത്താലമ്മന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശപ്രശ്നം പരിഹരിക്കാന്‍ ഇരുവിഭാഗത്തിനും സര്‍ക്കാരിനെ സമീപിക്കാം. ദളിതരെ പ്രതിനിധീകരിച്ച് സിപിഐ എം നേതാക്കളായ പൊന്നയ്യ, ശങ്കരലിംഗം എന്നിവരും സവര്‍ണവിഭാഗത്തിനുവേണ്ടി ഓഡിറ്റര്‍ മുരുകേശനും ഒപ്പുവച്ചു.

22 വര്‍ഷത്തെ ദളിത്-സവര്‍ണ സംഘര്‍ഷം സമാധാനത്തിന് വഴിമാറിയതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ പ്രക്ഷോഭത്തിന് ലഭിച്ച അംഗീകാരമാണിതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണനും അയിത്ത നിര്‍മാര്‍ജന മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സമ്പത്തും പ്രസ്താവനയില്‍ പറഞ്ഞു. മധുരയിലെ ഉശിലംപട്ടി താലൂക്കിലെ ഉത്തപുരം ഗ്രാമത്തില്‍ ദളിതരുടെ പൊതുവഴി 22 വര്‍ഷം മുമ്പ് സവര്‍ണര്‍ മതില്‍കെട്ടി അടയ്ക്കുകയായിരുന്നു. ദളിതര്‍ക്ക് അധികാരവും പണവുമുള്ള സവര്‍ണരെ ചെറുത്തുനില്‍ക്കാനായില്ല. ദളിതരെ പൊലീസ് സഹായത്തോടെ വേട്ടയാടി. ദ്രാവിഡ പാര്‍ടികളൊന്നും സഹായത്തിന് എത്തിയില്ല. ഈ സാഹചര്യത്തിലാണ് 19-ാം പാര്‍ടികോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം അയിത്തത്തിനെതിരെ സിപിഐ എം പോരാട്ടം ശക്തമാക്കിയത്. ഉത്തപുരത്ത് സവര്‍ണര്‍ നിര്‍മിച്ച മതില്‍ പൊളിക്കാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് 2008 മെയ് ഏഴിന് എത്തിയിരുന്നു. ഇതറിഞ്ഞ ഡിഎംകെ സര്‍ക്കാര്‍ അയിത്തമതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. സമരത്തിന്റെ ആദ്യവിജയം അതായിരുന്നു. തുടര്‍ന്നും ഉത്തപുരത്ത് സവര്‍ണ-ദളിത് സംഘര്‍ഷം നിലനിന്നു. ഇതിനാണ് കരാറോടെ വിരാമമായത്.

തമിഴ്നാട്ടില്‍ സിപിഐ എമ്മിന് 2 നഗരസഭാ അധ്യക്ഷസ്ഥാനം

ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു നഗരസഭാ അധ്യക്ഷസ്ഥാനം സിപിഐ എമ്മിന്. ശിവഗംഗ, കന്യാകുമാരി ജില്ലയിലെ കുഴിത്തുറൈ എന്നീ നഗരസഭകളിലാണ് സിപിഐ എം സ്ഥാനാര്‍ഥികള്‍ചെയര്‍മാന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമെ അഞ്ച് ടൗണ്‍ പഞ്ചായത്ത് ചെയര്‍മാന്മാര്‍ , മൂന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ , 20 നഗരസഭാ കൗണ്‍സിലര്‍മാര്‍ , 101 ടൗണ്‍ പഞ്ചായത്ത് അംഗങ്ങള്‍ , രണ്ടു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ , 26 പഞ്ചായത്ത് യൂണിയന്‍ വാര്‍ഡ് അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലും സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയം നേടി. നടന്‍ വിജയകാന്തിന്റെ പാര്‍ടിയായ ഡിഎംഡികെയുമായി ചേര്‍ന്നാണ് സിപിഐ എം മത്സരിച്ചത്. അതേസമയം, ചെന്നൈയില്‍ ഉള്‍പ്പെടെ പത്ത് മേയര്‍ സ്ഥാനവും ഭൂരിഭാഗം കൗണ്‍സിലര്‍ സ്ഥാനവും കരസ്ഥമാക്കി ഭരണകക്ഷിയായ എഐഎഡിഎംകെ സംസ്ഥാനത്ത് മികച്ച വിജയം നേടി. ഫലം പുറത്തുവന്നതില്‍ 9454 സ്ഥാനങ്ങളില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 3969 സ്ഥാനങ്ങളില്‍ മാത്രമാണ് ഡിഎംകെയ്ക്ക് വിജയം കാണാനായത്. എഐഎഡിഎംകെയും ഡിഎംകെയും തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് 731 സ്ഥാനങ്ങള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഡിഎംഡികെയ്ക്ക് 836 സ്ഥാനങ്ങളുണ്ട്.

deshabhimani 231011

1 comment:

  1. പൊതുവഴിയില്‍ സവര്‍ണര്‍ അയിത്ത മതിലില്‍ കെട്ടി ഉയര്‍ത്തിയതോടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടമായ ഉത്തപുരം ഗ്രാമത്തിലെ ദളിതര്‍ക്ക് സിപിഐ എം തണലില്‍ നീതി ലഭിച്ചു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷം ഇല്ലാതാക്കാന്‍ സവര്‍ണ-ദളിത് വിഭാഗങ്ങള്‍ മധുര ജില്ലാ പൊലീസ് കമീഷണര്‍ അസ്റാ ഗാര്‍ഗിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു. കരാറനുസരിച്ച് ദളിതര്‍ക്ക് മുത്താലമ്മന്‍ ക്ഷേത്രം, അരയാല്‍മരം എന്നിവിടങ്ങളില്‍ ആരാധന നടത്താം. 2008ല്‍ അയിത്ത മതില്‍പൊളിച്ചുണ്ടാക്കിയ പാത ദളിതര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാം. ഈ പാതയില്‍ തടസ്സമുണ്ടാക്കി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും ധാരണയായി.

    ReplyDelete