Sunday, October 23, 2011

ഭാരതീയ സംസ്കാരത്തില്‍ സമത്വമില്ല: ഡോ. കെ എന്‍ പണിക്കര്‍

ഭാരതീയ സംസ്കാരത്തില്‍ ബഹുസ്വരതയുണ്ടെങ്കിലും സമത്വമില്ലെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍(ബെഫി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "ഭാരതീയ സംസ്കാരം ബഹുസ്വരതയുടെ തുടര്‍ച്ചയും ഇടര്‍ച്ചയും" എന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ സംസ്കാരമെന്നാല്‍ ഹിന്ദുമതത്തിലധിഷ്ഠിതമായ ഒന്നല്ല. പക്ഷേ അങ്ങനെയാണെന്നാണ് ഒരുകൂട്ടം മതമൗലികവാദികള്‍ പ്രചരിപ്പിക്കുന്നത്. സംസ്കാരത്തിന്റെ ഉറവിടം മതത്തിലല്ല. നിരവധിയായ ജീവിത പരിതസ്ഥിതികളിലൂടെ സമൂഹങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ് സംസ്കാരം. അങ്ങനെ രൂപപ്പെട്ടുവന്ന ബഹുസ്വരമായ സംസ്കാരത്തില്‍ സമത്വമില്ലായ്മ പ്രകടമാണ്. ആദ്യകാലത്ത് ആര്യന്മാരുടെ കടന്നുവരവിലും, പിന്നീട് അറബ് കുടിയേറ്റത്തോടെയും, തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ കടന്നു വരവും സാംസ്കാരിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. ഏറ്റൊവുമൊടുവില്‍ ആഗോളവല്‍ക്കരണകാലത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്കാര രൂപീകരണം മധ്യവര്‍ഗത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. അത് വളരെ ക്രൂരമായ നാഗരികത രാജ്യത്ത് സൃഷ്ടിക്കുകയാണ്. അസമത്വത്തിന്റെ ഘോഷയാത്രയായാണ് ഇന്ത്യന്‍ സാംസ്കാരികത പ്രത്യക്ഷപ്പെടുന്നത്. അത് ഇരട്ടമുഖമുള്ളതാണ്. അതേ സമയം അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ചെറുത്തു നില്‍ക്കുന്നവരുടെയും സ്വാധീനം ഈ സാംസ്കാരിക ഭൂമികയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇന്ന് സാമ്പത്തിക അസമത്വം സമസ്തമേഖലയിലും വ്യാപിച്ചിരിക്കുകയാണ്. ആഗോള മുതലാളിത്തത്തിന്റെ സ്വാധീനം പഴയ സംസ്കാരിക രംഗത്ത് വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ക്രിയാത്മകമായ ഇടപെടലോടെ നമ്മുടെ സാംസ്കാരികത സംരക്ഷിക്കപ്പെടണം. സമൂഹത്തില്‍ അവബോധ രൂപീകരണത്തോടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.

ചടങ്ങില്‍ എം മുരളീധരന്‍ അധ്യക്ഷനായി. കെ ദാമോദരന്‍ സ്വാഗതവും എ എസ് അജിത്ത് നന്ദിയും പറഞ്ഞു.

deshabhimani 231011

1 comment:

  1. ഭാരതീയ സംസ്കാരത്തില്‍ ബഹുസ്വരതയുണ്ടെങ്കിലും സമത്വമില്ലെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍(ബെഫി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് "ഭാരതീയ സംസ്കാരം ബഹുസ്വരതയുടെ തുടര്‍ച്ചയും ഇടര്‍ച്ചയും" എന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete