Wednesday, November 16, 2011

അച്ഛനെ ഉപേക്ഷിച്ച 8 മക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

പറവൂര്‍ : മക്കള്‍ നോക്കാതെ കൈയൊഴിഞ്ഞ എണ്‍പത്തെട്ടുകാരന്‍ തൂങ്ങിമരിച്ച കേസില്‍ മക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. മന്ദം രാജസദനത്തില്‍ ഭാസ്കരന്‍നായര്‍ (88) ആണ് വഴിക്കുളങ്ങരയിലുള്ള മകന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ പെരുമ്പാവൂര്‍ ചേലമറ്റം മുല്ലശേരി വീട്ടില്‍ എം കെ ഇബ്രാഹിം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുടര്‍ന്ന് പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. സിറാജ് കാരോളി മുഖേന ഫയല്‍ചെയ്ത കേസില്‍ ഭാസ്കരന്‍നായരുടെ എട്ടു മക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, സ്വത്ത് തട്ടിയെടുക്കല്‍ , ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിക്കുന്നത്.

തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം സ്വദേശിയായ ഭാസ്കരന്‍നായര്‍ വിവാഹത്തോടെയാണ് 65 വര്‍ഷം മുമ്പ് പറവൂരില്‍ താമസം ആരംഭിച്ചത്. കുടുംബസ്വത്തായി ലഭിച്ച ആറര ഏക്കര്‍ ഭൂമി മക്കള്‍ക്കെല്ലാവര്‍ക്കും വീതിച്ചുനല്‍കി. പിന്നീട് വീടുവിറ്റ പണം ഒരു മകന് വീട് നിര്‍മിക്കാന്‍ നല്‍കുകയുംചെയ്തു. മകന്റെ വീട്ടില്‍ താമസിച്ചുവരുമ്പോള്‍ ഒരുവര്‍ഷം മുമ്പ് ഭാര്യ സരസ്വതി മരിച്ചു. വൃദ്ധനായ ഭാസ്കരന്‍നായര്‍ ഇതോടെ മക്കള്‍ക്കു ഭാരമാകുകയായിരുന്നു. വീടുവിട്ടിറങ്ങാന്‍ മക്കള്‍ നിര്‍ബന്ധിച്ചുവെന്നും പലപ്പോഴും ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ഭാസ്കരന്‍നായര്‍ പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സ്റ്റേഷനിലെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടുപോകാന്‍ മക്കള്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് പറവൂര്‍ നഗരസഭയ്ക്കു കീഴിലുള്ള വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴും മക്കളാരും തിരിഞ്ഞുനോക്കിയില്ല. വൃദ്ധസദനം വിട്ടിറങ്ങിയ ഭാസ്കരന്‍നായര്‍ മകന്‍ കൃഷ്ണകുമാറിന്റെ വീട്ടിലെത്തി. പിന്നീട് ഇവിടെ ബാത്ത്റൂമിന്റെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കളായ പ്രഭാകരന്‍ , ശശി, കൃഷ്ണകുമാര്‍ , മോഹനന്‍ , രാജു, രമ, രാധ, ശോഭ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

deshabhimani 161111

1 comment:

  1. മക്കള്‍ നോക്കാതെ കൈയൊഴിഞ്ഞ എണ്‍പത്തെട്ടുകാരന്‍ തൂങ്ങിമരിച്ച കേസില്‍ മക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

    ReplyDelete