ന്യൂയോര്‍ക്ക്: സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട ആഗോളകമ്പനികള്‍ തൊഴിലാളികളെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി 1.35 ലക്ഷത്തിലധികം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഒരുഡസനോളം ബഹുരാഷ്ട്രകമ്പനികള്‍ പ്രഖ്യാപിച്ചു. ആഗോള ധനകാര്യസ്ഥാപനങ്ങളായ എച്ച്എസ്ബിസി, ബാങ്ക് ഓഫ് അമേരിക്ക, ബാര്‍ക്ലേയ്സ്, ക്രെഡിറ്റ് സ്വീസ്, ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ് തുടങ്ങിയവയാണ് തൊഴിലാളികളെ കൂട്ടത്തോടെ പുറത്താക്കുന്നത്.
ഗൃഹോപകരണ നിര്‍മാതാക്കളായ വേള്‍പൂള്‍ , റോയല്‍ ഫിലിപ്സ് എന്നിവയും മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ, ബ്ലാക്ബെറി നിര്‍മിക്കുന്ന റിസര്‍ച്ച് ഇന്‍ മോഷന്‍ , മരുന്നുല്‍പ്പാദകരായ മെര്‍ക് ആന്‍ഡ് കോ, വിമാന-പ്രതിരോധ ഉല്‍പ്പാദന ഭീമന്‍ ബോയിങ്, നെറ്റ്വര്‍ക്കിങ് സാങ്കേതികമേഖലയിലെ സിസ്കോ തുടങ്ങിയവയും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി. അതേസമയം, ഈ ബഹുരാഷ്ട്രകമ്പനികള്‍ക്കെല്ലാം ഇന്ത്യയില്‍ ശാഖകള്‍ സജീവമാണെങ്കിലും തല്‍ക്കാലം ഇവിടെയുള്ള ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നില്ല. മൊത്തം ആയിരത്തോളംപേര്‍ക്കുമാത്രമേ ഇന്ത്യയില്‍ ഇപ്പോള്‍ ജോലി നഷ്ടമാകൂവെന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ അമേരിക്കയിലെ 5000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്ന് വേള്‍പൂള്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. 2013 അവസാനത്തോടെ പ്രതിവര്‍ഷം 40 കോടി ഡോളര്‍ ലാഭിക്കാനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടലെന്നും കമ്പനി അറിയിച്ചു. ചെലവുചുരുക്കലിന്റെ ഭാഗമായി 4500 ജീവനക്കാരെ ഒഴിവാക്കുമെന്ന് റോയല്‍ ഫിലിപ്സും പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 9000 പേരടക്കം ലോകത്താകെ 1.2 ലക്ഷത്തിലേറെപ്പേര്‍ ഫിലിപ്സില്‍ പണിയെടുക്കുന്നുണ്ട്. ബ്രിട്ടന്‍ ആസ്ഥാനമായ എച്ച്എസ്ബിസി 30,000 പേരെ പിരിച്ചുവിടാനുള്ള തീരുമാനം ആഗസ്തില്‍ പ്രഖ്യാപിച്ചിരുന്നു. ലാറ്റിനമേരിക്ക, അമേരിക്ക, ബ്രിട്ടന്‍ , ഫ്രാന്‍സ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി ഇതിനകം 5000 പേരെ പുറത്താക്കി. 2013നകം 25,000 ജീവനക്കാരെക്കൂടി ഒഴിവാക്കും. എന്നാല്‍ , ഇന്ത്യ തന്ത്രപരമായ കമ്പോളമാണെന്നും ഇവിടെ ഇപ്പോള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി.
ലോകത്താകെ 3500 ജീവനക്കാരെ പിരിച്ചുവിടാനാണ് നോക്കിയ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അടുത്തവര്‍ഷം 300 പേര്‍ക്ക് ജോലി പോകും. 2000 പേരെയാണ് റിസര്‍ച്ച് ഇന്‍ മോഷന്‍ ഒഴിവാക്കുന്നത്. 2015ഓടെ 13,000 പേരെ ഒഴിവാക്കാനുള്ള തീരുമാനം മെര്‍ക്ക് ആന്‍ഡ് കോ ജൂലൈയില്‍തന്നെ പ്രഖ്യാപിച്ചതാണ്. അമേരിക്കയില്‍ 40 ശതമാനം ചെലവുചുരുക്കും. ലേ ഓഫിലൂടെ പ്രതിവര്‍ഷം 1500 കോടി ഡോളര്‍വരെ ലാഭിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു. 6500 ജീവനക്കാരെ പിരിച്ചുവിടാനാണ് സിസ്കോയുടെ തീരുമാനം. സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വീസ് 3500 ജീവനക്കാരെ പുറത്താക്കും. 2000 പേരെ ബാങ്ക് നേരത്തെ ഒഴിവാക്കിയിരുന്നു. ബാങ്ക് ഓഫ് അമേരിക്ക 30,000നും 40,000നുമിടയില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 500 കോടി ഡോളര്‍ ചെലവുചുരുക്കാനാണ് ലക്ഷ്യമിടുന്നത്. ഈവര്‍ഷം 1400 ജീവനക്കാരെ പറഞ്ഞുവിട്ട ബാര്‍ക്ലേയ്സ് 3000 പേരെക്കൂടി ഉടന്‍ ഒഴിവാക്കും. 1100 പേര്‍ക്കാണ് ബോയിങ്ങില്‍ തൊഴില്‍ നഷ്ടമാകുന്നത്.
ലോകം പൊട്ടിത്തെറിയിലേക്ക്:ഐഎല്‍ഒ
ജനീവ: ലോകത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 20 കോടി കവിഞ്ഞു. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്നും ഇത് പല രാജ്യങ്ങളെയും സാമൂഹ്യകലാപങ്ങളിലേക്ക് നയിക്കുമെന്നും അന്താരാഷ്ട്ര തൊഴില്‍സംഘടന (ഐഎല്‍ഒ) മുന്നറിയിപ്പ് നല്‍കി. 2007ല്‍ ആരംഭിച്ച പ്രതിസന്ധിക്ക്് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്താന്‍ രണ്ടുവര്‍ഷത്തിനകം 8 കോടി തൊഴിലവസരം സൃഷ്ടിക്കണം. എന്നാല്‍ , നിലവിലുള്ള സാമ്പത്തികസാഹചര്യത്തില്‍ ഇതിന്റെ പകുതി തൊഴില്‍ മാത്രമേ സൃഷ്ടിക്കപ്പെടൂവെന്നും ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ "ലോക തൊഴില്‍ റിപ്പോര്‍ട്ട് 2011: വിപണികളെ തൊഴിലിന് വേണ്ടി പ്രവര്‍ത്തിക്കുക" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്പന്നരാജ്യങ്ങളില്‍ മൂന്നില്‍രണ്ടിലും വികസ്വര രാജ്യങ്ങളില്‍ പകുതിയിലും തൊഴില്‍ കുറയുകയാണ്. ജീവനക്കാരെ നിലനിര്‍ത്താന്‍ കഴിയാത്ത തരത്തില്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നു. ചെലവുചുരുക്കലിനായുള്ള സമ്മര്‍ദം ഏറുന്ന സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയുന്നില്ല. വ്യവസായവല്‍ക്കൃത രാജ്യങ്ങള്‍ അടുത്ത രണ്ടുവര്‍ഷവും 2.47 കോടി തൊഴിലാളികളുടെ കുറവ് നേരിടും. പഠനവിധേയമാക്കിയ 118 രാജ്യങ്ങളില്‍ 45 ഇടത്തും തൊഴിലില്ലായ്മ സാമൂഹ്യസംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ഐഎല്‍ഒ ചൂണ്ടിക്കാട്ടി. ഇന്ത്യയും ഇതില്‍നിന്ന് ഒഴിവാകില്ല. യൂറോപ്പിലും അറബ് മേഖലയിലുമാണ് സംഘര്‍ഷസാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള സാമ്പത്തികപ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജി 20 ഉച്ചകോടി നവംബര്‍ മൂന്നിനും നാലിനും ഫ്രാന്‍സിലെ കാനിലാണ് ചേരുന്നത്.
deshabhimani 011111
സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട ആഗോളകമ്പനികള്‍ തൊഴിലാളികളെ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി 1.35 ലക്ഷത്തിലധികം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഒരുഡസനോളം ബഹുരാഷ്ട്രകമ്പനികള്‍ പ്രഖ്യാപിച്ചു. ആഗോള ധനകാര്യസ്ഥാപനങ്ങളായ എച്ച്എസ്ബിസി, ബാങ്ക് ഓഫ് അമേരിക്ക, ബാര്‍ക്ലേയ്സ്, ക്രെഡിറ്റ് സ്വീസ്, ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ് തുടങ്ങിയവയാണ് തൊഴിലാളികളെ കൂട്ടത്തോടെ പുറത്താക്കുന്നത്.
ReplyDelete