Saturday, November 19, 2011

വൈദ്യുതിനയം: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും

കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലഘട്ടം വൈദ്യുതിമേഖലയില്‍ ഫലപ്രദവും ശ്രദ്ധേയവുമായ നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു. 2003-ലെ കേന്ദ്ര ഇലക്ട്രിസിറ്റി ആക്ടിെന്‍റ അടിസ്ഥാനത്തില്‍ ഇന്ത്യാ രാജ്യത്തിലെ മിക്ക വൈദ്യുതി ബോര്‍ഡുകളും വിഭജനം നടത്തി സ്വകാര്യവല്‍ക്കരണം പൂര്‍ത്തീകരിച്ച് നശിപ്പിച്ച കാലഘട്ടത്തില്‍ ഇന്ത്യാരാജ്യത്ത് വിഭജനം നടത്താതെ പൊതുമേഖലയില്‍ നിലനിര്‍ത്തിയ ഒരേയൊരു സ്ഥാപനം കേരളത്തിലെ വൈദ്യുതി ബോര്‍ഡാണ്. കേരളാസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഒറ്റ കമ്പനിയായി നമുക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞത് ഇന്ത്യക്കുതന്നെ ഒരു മാതൃകയാണ്. ഇതേപോലെതന്നെ ഊര്‍ജ്ജ ഉല്‍പാദനം, പ്രസരണ-വിതരണരംഗത്തെ അഭൂതപൂര്‍വ്വമായ നേട്ടം, സാമ്പത്തികനില മെച്ചപ്പെടുത്തിയത്, ഇന്ത്യക്ക് മാതൃകയായ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ , ജനകീയ അദാലത്ത്, ഉപഭോക്തൃ സംതൃപ്തി, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ രണ്ട് ശമ്പള പരിഷ്കരണം, 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം, നാലു ജില്ലകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം- ഇതെല്ലാം എല്‍ഡിഎഫ് ഗവണ്‍മെന്‍റിെന്‍റ ശ്രദ്ധേയമായ നേട്ടങ്ങളായിരുന്നു. ഏറ്റവും മെച്ചപ്പെട്ട ഒരു സ്ഥിതിയിലേക്ക് വൈദ്യുതിബോര്‍ഡ് എത്തി.

എല്‍ഡിഎഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുമ്പോള്‍ പൊതുകടം 4,541 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് ഭരണം ഒഴിയുമ്പോള്‍ അത് 1,066 കോടി രൂപയായി കുറഞ്ഞു. അതായത് പൊതുകടത്തില്‍ 3,500 കോടി രൂപയുടെ കുറവ് വരുത്താന്‍ കഴിഞ്ഞു. ഇതിനുപുറമേ 3,500 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി. അങ്ങനെ 7,000 കോടി രൂപയുടെ വിഭവ സമാഹരണമാണ് കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് നടത്തിയത്. എല്‍ഡിഎഫ് ഗവണ്‍മെന്‍റ് അധികാരത്തില്‍ വരുമ്പോള്‍ രണ്ടരലക്ഷം വൈദ്യുതി കണക്ഷന്‍ ബാലന്‍സുണ്ടായിരുന്നു. അത് കൊടുത്തുതീര്‍ത്തു. എന്നു മാത്രമല്ല, അതിനുപുറമെ 20 ലക്ഷം പുതിയ കണക്ഷനുകളും കൊടുത്തു. യുഡിഎഫിന്റെ കാലഘട്ടത്തില്‍ എല്‍ .റ്റി ലൈന്‍ 25,969 കിലോമീറ്റര്‍ ആയിരുന്നുവെങ്കില്‍ എല്‍ഡിഎഫ് 36,500 കി.മീറ്റര്‍ ലൈന്‍ കൊടുത്തു. 11 കെ വി ലൈന്‍ 4,776 കി.മീറ്ററാണ് യുഡിഎഫിന്റെ കാലഘട്ടത്തില്‍ഉണ്ടായിരുന്നതെങ്കില്‍ അത് എല്‍ഡിഎഫിന്റെ കാലഘട്ടത്തില്‍ 13,500 കി.മീറ്റര്‍ ആയി ഉയര്‍ന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ യുഡിഎഫിന്റെ കാലഘട്ടത്തില്‍ 6,755 ആണ് ഉണ്ടായിരുന്നതെങ്കില്‍ എല്‍ഡിഎഫിന്റെ കാലഘട്ടത്തില്‍ 20,300 ആയി. യുഡിഎഫ് ഭരണത്തില്‍ 30,44,00,000 രൂപയാണ് റിയലൈസ് ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 69,74,00,000 രൂപ റിയലൈസ് ചെയ്തു. കുടിശ്ശിക 1,477 കോടി രൂപയാണ് എല്‍ഡിഎഫ് വരുമ്പോള്‍ ഉണ്ടായിരുന്നത്. അത് 898.2 കോടി രൂപയായി കുറച്ചു. ഉല്‍പാദനം 28 മെഗാവാട്ട് ആണ് യുഡിഎഫിെന്‍റ കാലഘട്ടത്തിലെങ്കില്‍ എല്‍ഡിഎഫ് ഭരണത്തില്‍ 208 മെഗാവാട്ട് ആയി ഉയര്‍ന്നു. പ്രസരണ നഷ്ടം 22.9 ശതമാനം യുഡിഎഫിന്റെ കാലഘട്ടത്തിലെങ്കില്‍ , എല്‍ഡിഎഫിന്റെ കാലഘട്ടത്തില്‍ അത് 16 ശതമാനമായി കുറച്ചു.

2011-2012-ല്‍ റവന്യു മിച്ചം 21 കോടി രൂപയാണ് എന്ന് റഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി കേന്ദ്ര ഗവണ്‍മെന്റിേന്‍റയും ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റേയും പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷേന്‍റയും മൂന്ന് അവാര്‍ഡുകള്‍ കേരള ഗവണ്‍മെന്‍റിന് ലഭിച്ചു. പവര്‍ എക്സലന്‍സ് അവാര്‍ഡ്, ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, കാര്യക്ഷമത അവാര്‍ഡ് എന്നിവ. ഈ ഗതി ഇപ്പോള്‍ മാറുകയാണ്. ആ മാറ്റത്തിന്റെ ലക്ഷണമാണ് നമ്മള്‍ കാണുന്നത്. കഴിഞ്ഞ 100 ദിവസത്തെ അനുഭവം വിലയിരുത്തിയാല്‍ സംസ്ഥാന ഗവണ്‍മെന്‍റിെന്‍റ ഒരു സഹായവും വൈദ്യുതിമന്ത്രിക്ക് കിട്ടുമെന്ന് തോന്നുന്നില്ല. 100 ദിവസ വിസ്മയം പ്രഖ്യാപിച്ചു. അതില്‍ ഒരു വാചകംപോലും വൈദ്യുതി വകുപ്പിനെപ്പറ്റിയോ മന്ത്രിയെക്കുറിച്ചോ ഇല്ല. ഗാഡ്വികമ്മിറ്റി ഇവിടെ ഉള്ളിടത്തോളംകാലം കേരളത്തിലെ ഡോ. വിജയന്‍ അതില്‍ അംഗമായിരിക്കുന്നിടത്തോളംകാലം, ഒരു ആതിരപ്പള്ളിയും, പൂയംകുട്ടിയും, പാത്രക്കടവും ഒന്നും ഉണ്ടാകില്ല. ഒരൊറ്റ പദ്ധതിയും ഈ സര്‍ക്കാരിന് നേടിയെടുക്കാന്‍ പറ്റില്ല. ഇവിടെ വനത്തിന്റകത്ത് ഇത്തിരി വെള്ളം സംഭരിച്ച് ഒരു ഡാം കെട്ടി ഒരു പെന്‍സ്റ്റോക് വച്ച് ടര്‍ബൈന്‍ തിരിച്ച് ഇത്തിരി വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതിന് എന്താ തടസ്സം? എന്ത് പാരിസ്ഥിതിക പ്രശ്നമാണ്? വൈദ്യുതിമേഖലയിലെ ഇന്നത്തെ ഈ സമീപനം നമ്മള്‍ മാറ്റുന്നില്ലെങ്കില്‍ കേരളം ഇരുട്ടിലാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയത്തുതന്നെ ഒരു രൂപത്തിലും പരിസ്ഥിതിക്ക് എതിരായി, പരിസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടുള്ള പദ്ധതിവേണം എന്നല്ല ഇതിനര്‍ത്ഥം. ഹ്രസ്വകാല പരിപാടികള്‍ വളരെ പ്രധാനപ്പെട്ടതാണ്.

ദീര്‍ഘകാല വൈദ്യുതി സംബന്ധിച്ച് നമ്മള്‍ ആലോചിച്ച് വലിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ കുറെക്കൊല്ലം പിടിക്കും. പെട്ടെന്ന് താല്‍ക്കാലികമായിട്ടുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ചെറുകിട ജലവൈദ്യുത പദ്ധതികളിലേയ്ക്കും അതുപോലെതന്നെ പാരമ്പര്യേതര ഊര്‍ജ്ജ മേഖലയിലേക്കും നമ്മള്‍ കടക്കണം. ചെറുകിട പദ്ധതികളിങ്ങനെ കിടക്കുകയാണ്. പാരമ്പര്യേതര ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് 540 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വൈദ്യുതി ഉണ്ടാക്കുവാന്‍ പറ്റുന്ന കാറ്റ് ഇടുക്കിയിലും രാമക്കല്‍മേട്ടിലും ഉണ്ട്. അവ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. എന്നിട്ട് അതില്‍നിന്ന് 33 മെഗാവാട്ടല്ലേ കിട്ടിയിട്ടുള്ളൂ. 533 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കാറ്റ്. ഒരു മണിക്കൂറില്‍ 20,000 കി.മീ-ല്‍ അടിക്കുന്ന കാറ്റുണ്ടിവിടെ. ആ കാറ്റിനെ ഉപയോഗിക്കാന്‍ കഴിയുന്നില്ല. അതിന്‍റുള്ളില്‍ വേറെ ഒരു ചെടിയും പറ്റില്ല. ഒരു വീടും പറ്റില്ല. അത് ആദിവാസികളുടെ പേരും പറഞ്ഞിട്ട് യുഡിഎഫുകാര്‍ ബുദ്ധിമുട്ടാക്കി. ഇപ്പോള്‍ 31 വിന്‍ഡ്ഫാമിനകത്ത് 29ന് പ്രശ്നമില്ല. രണ്ടിനല്ലേ പ്രശ്നമുള്ളൂ. 650 ഏക്കര്‍ ഭൂമി ഇപ്പോള്‍ ഡെവലപ്പേഴ്സ് എടുത്തിട്ടുണ്ടല്ലോ. അതില്‍ 68 ഏക്കറിനല്ലേ പ്രശ്നമുള്ളു. ബാക്കിയുള്ള സ്ഥലത്ത് സര്‍ക്കാര്‍ വിചാരിച്ചാല്‍ 200-230 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.

ഊര്‍ജ്ജസംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ പ്രതിദിനം 500 ലക്ഷം യൂണിറ്റിന് അപ്പുറം കടക്കാന്‍പോവുകയാണ്. ഇപ്പോള്‍ത്തന്നെ രക്ഷപ്പെട്ടത് കഴിഞ്ഞ എല്‍ഡിഎഫിന്റെ കാലഘട്ടത്തില്‍ ഒന്നരക്കോടി സിഎഫ്എല്‍ ബള്‍ബ്, കേരളത്തിലെ 75 ലക്ഷം കുടുംബങ്ങള്‍ക്ക് കൊടുത്തതുകൊണ്ടാണ്. 60 വാട്ടിന്റെ സ്ഥാനത്ത് 14 വാട്ടിന്റെ സിഎഫ്എല്‍ ബള്‍ബ്. ഒരു ബള്‍ബില്‍ നിന്ന് 46 വാട്ടാണ് നമ്മള്‍ സംരക്ഷിച്ചത്. അതിന്റെ ഭാഗമായി ഒന്നരക്കോടി സിഎഫ്എല്‍ ബള്‍ബില്‍നിന്ന് 350 മെഗാവാട്ടാണ് ലാഭിച്ചത്. അതുകൂടി ഇല്ലായിരുന്നു എങ്കില്‍ കേരളം ഇരുട്ടിലാകുമായിരുന്നു. വേനല്‍ക്കാലത്ത് അതിരൂക്ഷമായിട്ടുള്ള വരള്‍ച്ചയാണ് ഉണ്ടാവുക. വൈദ്യുതി ഉണ്ടാവില്ല. ഒരു രൂപത്തിലും 230 ലക്ഷം യൂണിറ്റിനപ്പുറം ഹൈഡലില്‍നിന്ന് ഒരു ദിവസം എടുക്കരുത്. ഇപ്പോള്‍ 300ലേക്ക് കടന്നിരിക്കുകയാണ്. 180 ലക്ഷം യൂണിറ്റ് കേന്ദ്രത്തില്‍ നിന്നും തരുന്നുണ്ട്. 90 ലക്ഷം യൂണിറ്റ് നമ്മുടെ തെര്‍മലില്‍നിന്ന് എടുത്താല്‍ 50 ലക്ഷം മാനേജ് ചെയ്ത് പോകും. ഫലപ്രദമായ രീതിയില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ ഏപ്രില്‍ മേയ് മാസത്തില്‍ അതിരൂക്ഷമായ വരള്‍ച്ച ആയിരിക്കും ഇവിടെ ഉണ്ടാകുക.

ഇപ്പോഴുള്ള വൈദ്യുതി പ്രതിസന്ധി കെടുകാര്യസ്ഥതമൂലം സര്‍ക്കാര്‍ വിളിച്ചുവരുത്തിയതാണ്. ഡാമുകളില്‍ 90% വെള്ളമുണ്ട്. കേന്ദ്രപൂളില്‍നിന്ന് മുമ്പ് കിട്ടിയതിന്റെ നേര്‍ ഇരട്ടി ഇപ്പോള്‍ കിട്ടുന്നുണ്ട്. 340 മുതല്‍ 500 മെഗാവാട്ട്വരെയേ മുമ്പ് കിട്ടിയിരുന്നുള്ളു. ഇപ്പോള്‍ 760 മെഗാവാട്ടോളം കിട്ടുന്നുണ്ട്. 771 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള തെര്‍മല്‍ പദ്ധതികള്‍ ഇവിടെയുണ്ട്. എടുക്കുമ്പോള്‍ ഇത്തിരി വിലകൂട്ടി കൊടുക്കേണ്ടിവരും. അത്രയുമൊന്നും എടുക്കണ്ട. കുറച്ച് എടുത്താല്‍ മതി. സാധാരണനിലയില്‍ ഫ്രീക്വന്‍സി കൂടുന്ന സമയത്ത് വൈദ്യുതി ഉല്‍പാദനം കൂട്ടാന്‍ പാടില്ലായിരുന്നു. ഇവിടെ ഉല്‍പാദനം കുറയ്ക്കേണ്ടതായിരുന്നു. പുറത്തുനിന്ന് നമ്മള്‍ വൈദ്യുതി വാങ്ങണം. ഇവിടെ നേരെ തലതിരിച്ചാണ് നടന്നത്. കേരളം വൈദ്യുതി അനാവശ്യമായി ഉണ്ടാക്കി പുറത്ത് ഒന്നരരൂപയ്ക്ക് വിറ്റു. മൂന്നര രൂപയ്ക്ക് ഇങ്ങോട്ടേക്ക് വാങ്ങി. ഇത് വിവാദമായ സമയത്ത് എന്തുചെയ്തു? മൂന്നര രൂപയ്ക്ക് വാങ്ങുന്നത് വേണ്ടെന്നുവച്ചു. പിന്നെ 7 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി 31 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാരിന് ഇഛാശക്തിയുണ്ടെങ്കില്‍ ആറുമാസംകൊണ്ട് 140 അസംബ്ലി മണ്ഡലങ്ങളും സമ്പൂര്‍ണ്ണ വൈദ്യുതീകരിക്കാന്‍ പറ്റും. ആര്‍ ജി ജി ബി വൈ പദ്ധതിയില്ലാതെതന്നെ, 85 അസംബ്ലി മണ്ഡലവും സമ്പൂര്‍ണ്ണ വൈദ്യുതീകരിക്കപ്പെട്ടത് എല്‍ഡിഎഫിന്റെ കാലത്താണ്. എംഎല്‍എ ആയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ടത് എല്‍ഡിഎഫിന്റെ കാലഘട്ടത്തിലാണ്. ഇപ്പോള്‍ വൈദ്യുതിയുടെ പീക്ക്ലോഡ് ഡിമാന്‍റ് 2900 മെഗാവാട്ട് അല്ല ഏകദേശം 3000 മെഗാവാട്ടാണ്. 2900 മെഗാവാട്ട് എന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ പ്രസ്താവിച്ചത്. 3000 മെഗാവാട്ട് നമുക്ക് പ്രശ്നമില്ല, ഈ 3000 മെഗാവാട്ട് നമ്മുടെ കയ്യിലുണ്ട്. 1900-മെഗാവാട്ടോളം ഹൈഡലില്‍നിന്നും എടുക്കാം. 771 മെഗാവാട്ട് തെര്‍മല്‍ പ്രോജക്ടിലുണ്ട്. ബാക്കി കുറച്ച് പുറത്തുനിന്നും വാങ്ങിയാല്‍ , ഓപ്പണ്‍മാര്‍ക്കറ്റില്‍നിന്ന് മുന്നൂറോളം വാങ്ങിയാല്‍ 3000 മെഗാവാട്ടിന് യാതൊരു പ്രശ്നവുമില്ല. പക്ഷേ വില കൂടുതല്‍ കൊടുക്കേണ്ടിവരും. 1997 മെഗാവാട്ട് ഹൈഡലില്‍നിന്നും എടുക്കാം. 1134 മെഗാവാട്ട് കേന്ദ്രത്തില്‍നിന്നും തരണം. എന്തായാലും 900, 760, 800 മെഗാവാട്ടോളം തരും. 771 മെഗാവാട്ട് നമ്മുടെ തെര്‍മല്‍ പ്രോജക്ടിലുണ്ട്. ഇതില്‍നിന്ന് 400 മെഗാവാട്ട് നമുക്ക് എടുക്കാനാകും. അങ്ങനെ വരുമ്പോള്‍ 2900 മെഗാവാട്ടോളം നമ്മുടെ കയ്യിലുണ്ട്.

എന്നാല്‍ ഇതിനേക്കാളും കൂടുതല്‍ മെച്ചപ്പെട്ട ഒരു സ്ഥിതി നമുക്കുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. ഇതില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്റെ വിതരണ മേഖലയിലെ നവീകരണവും കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ടുകൊണ്ട് 244 കോടി രൂപയുടെ ഒരു പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് തന്നു. അത് വളരെ സ്പീഡില്‍ ഞങ്ങള്‍ കൊണ്ടുപോയി. കേരളാസ്റ്റേറ്റ് ഇലക്ട്രിസിറ്റിബോര്‍ഡ് ഒരു പ്രോജക്ട് ഉണ്ടാക്കി. പവര്‍ ഡിപ്പാര്‍ട്ടുമെന്‍റും ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്‍റും അത് അംഗീകരിച്ചു. അതുപോലെ ലാ ഡിപ്പാര്‍ട്ടുമെന്‍റ് വെറ്റ് ചെയ്തു. കേന്ദ്രം തരുന്നൊരു ഫണ്ടാണ് എന്നുള്ളതുകൊണ്ടുതന്നെ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കിട്ടി. അവര്‍ പരിശോധിച്ച്, കാബിനറ്റ് തീരുമാനിച്ച്, ദക്ഷിണ കൊറിയന്‍ ഗവണ്‍മെന്‍റ് കമ്പനിക്ക് അവാര്‍ഡ്ചെയ്തു. അപ്പോഴാണ് ഞെട്ടിച്ചൊരു വാര്‍ത്ത പത്രത്തില്‍ കണ്ടത്. ഇത് രണ്ടാം ലാവ്ലിന്‍ ആണ് എന്ന്. എല്ലാ നടപടിയും പൂര്‍ത്തീകരിച്ച ഒരു പദ്ധതി റീ-ടെന്‍ഡറിന് വച്ചു. ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നുവെങ്കില്‍ 1000 കോടി രൂപകൂടി കേന്ദ്ര സര്‍ക്കാരില്‍നിന്നും ഗ്രാന്‍റായി കിട്ടുമായിരുന്നു. അതും നമുക്ക് നഷ്ടപ്പെടാനാണ് പോകുന്നത്. അതുകൊണ്ട് ഈ ദക്ഷിണകൊറിയന്‍ ഗവണ്‍മെന്‍റ് കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ട് ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയിലുള്ള ഈ കേസില്‍ ഗവണ്‍മെന്‍റിന്റെ നയമെന്താണ്?

നയം എന്തായാലും തീരുമാനിക്കണം. ഞങ്ങള്‍ രൂപംകൊടുത്ത ഈ പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അത് കോടതിയില്‍ പറയണം. ഒന്നുകില്‍ അതിന് റീ-ടെന്‍ഡര്‍ വയ്ക്കാന്‍ തീരുമാനിക്കുക. അല്ലെങ്കില്‍ അവരുടെ ഭാഗത്തുനിന്നും യാതൊരു തകരാറുമില്ലെങ്കില്‍ അവര്‍ക്ക് കൊടുക്കുക. അങ്ങനെ വന്നുകഴിഞ്ഞാല്‍ ആയിരം കോടി രൂപ കൂടി കേന്ദ്രത്തില്‍നിന്നും കിട്ടും. അത് ഇല്ലാതാക്കരുത്. വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുകൊണ്ട് അപ്പുറത്തുനിന്നായാലും ഇപ്പുറത്തുനിന്നായാലും അത് ഒരു രൂപത്തിലും ഉടക്ക് വയ്ക്കാന്‍ പാടില്ല. ഒരു നല്ല പദ്ധതിയെ ഉടക്ക് വയ്ക്കുന്നതിന് നേതൃത്വം കൊടുത്തത് അന്നത്തെ പ്രതിപക്ഷ നേതാവാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളോട് അദ്ദേഹം മാപ്പ് പറയേണ്ടതാണ്. എന്നാല്‍ അദ്ദേഹം പറഞ്ഞ വാദത്തില്‍ത്തന്നെയാണ് ഉറച്ചുനില്‍ക്കുന്നതെങ്കില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയോട് റീ-ടെന്‍ഡര്‍ വയ്ക്കണമെന്ന് പറയണം.

വൈദ്യുതിമേഖല സ്വയം പര്യാപ്തതയിലേക്ക് എത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രം ആശ്രയിച്ചാല്‍ പോര. നമ്മുടെ എല്ലാ സ്രോതസ്സുകളേയും ഉപയോഗപ്പെടുത്തണം. അതിന് തടസ്സംനില്‍ക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കിയാല്‍ വലിയ നേട്ടമായിരിക്കും. കേരളത്തിലെ വ്യവസായവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു നയം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വൈദ്യുതി മിച്ചമാണെന്ന് ആ നയത്തില്‍ പറയുകയാണ്. അത് തെറ്റായിട്ടുള്ളതാണ്. വേനല്‍കാലത്തുണ്ടാകാന്‍പോകുന്ന വൈദ്യുതി പ്രതിസന്ധി ഇപ്പോള്‍ത്തന്നെ മനസ്സിലാക്കി ഇത് മാനേജ് ചെയ്യാനുള്ള സംവിധാനമുണ്ടാക്കണം. ദക്ഷിണകൊറിയന്‍ ഗവണ്‍മെന്‍റ് കമ്പനിയുമായി ബന്ധപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.

എ കെ ബാലന്‍ chintha 181111

1 comment:

  1. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലഘട്ടം വൈദ്യുതിമേഖലയില്‍ ഫലപ്രദവും ശ്രദ്ധേയവുമായ നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു. 2003-ലെ കേന്ദ്ര ഇലക്ട്രിസിറ്റി ആക്ടിെന്‍റ അടിസ്ഥാനത്തില്‍ ഇന്ത്യാ രാജ്യത്തിലെ മിക്ക വൈദ്യുതി ബോര്‍ഡുകളും വിഭജനം നടത്തി സ്വകാര്യവല്‍ക്കരണം പൂര്‍ത്തീകരിച്ച് നശിപ്പിച്ച കാലഘട്ടത്തില്‍ ഇന്ത്യാരാജ്യത്ത് വിഭജനം നടത്താതെ പൊതുമേഖലയില്‍ നിലനിര്‍ത്തിയ ഒരേയൊരു സ്ഥാപനം കേരളത്തിലെ വൈദ്യുതി ബോര്‍ഡാണ്.

    ReplyDelete