Saturday, November 19, 2011

മുഖ്യമന്ത്രിയുടെ കണ്‍കെട്ട് വിദ്യ

അടുത്ത ഒരു വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുകയുണ്ടായി. ജനങ്ങളെ വിഡ്ഢികളാക്കാന്‍ അദ്ദേഹം നടത്താറുള്ള പതിവുകസര്‍ത്തുകള്‍ക്കപ്പുറം ഇതിന് പ്രസക്തിയില്ലെന്ന് കരുതുന്നവരാണ് ഏറെയും. അതിവേഗം ബഹുദൂരം, ജനസമ്പര്‍ക്കം, നൂറുദിന കര്‍മപരിപാടി മുഖ്യമന്ത്രി കസേര 24 മണിക്കൂറും വെബ്സൈറ്റില്‍ , കാള്‍സെന്റര്‍ ... ഇങ്ങനെ എത്രയെത്ര പ്രചാരണത്തട്ടിപ്പുകളാണ് ഉമ്മന്‍ചാണ്ടിയുടെ അക്കൗണ്ടിലുള്ളത്. നാടോടിക്കാറ്റ് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രം തന്റെ കൈവശമുള്ള ആയുധങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് പൊങ്ങച്ചം പറയുന്ന ഒരു രംഗമുണ്ട്. പക്ഷേ, ആ ആയുധങ്ങളൊന്നും ഉപയോഗിക്കാന്‍ കഴിയാതെ വില്ലന്‍ നാശത്തിലേക്ക് പോകുന്നു. ഉമ്മന്‍ചാണ്ടിയുടെ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ ഓര്‍മിപ്പിക്കുന്നത് ഈ സിനിമാരംഗമാണ്. സപ്തധാരാ പദ്ധതികള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിച്ച കര്‍മപരിപാടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുന്ന വിപത്തുകളുടെ സൂചനകളാണ് നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മാത്രമല്ല, കേരളം നേരിടുന്ന അടിയന്തരമായ ചില പ്രശ്നങ്ങളെക്കുറിച്ച് പുലര്‍ത്തുന്ന നിശബ്ദതയും ശരാശരി കേരളീയനെ ആശങ്കപ്പെടുത്തുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കടബാധ്യതയും കാരണം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കടക്കെണിയില്‍ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് അഭയവും ആത്മവിശ്വാസവും നല്‍കിയത്. എല്‍ഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷം കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. എന്നാല്‍ , കഴിഞ്ഞ ആറുമാസമായി യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനങ്ങള്‍ കര്‍ഷകരെ വീണ്ടും ആത്മഹത്യയിലേക്കു തള്ളിവിടുന്നു. ഈ സ്ഥിതിക്ക് അറുതിവരുത്താനുള്ള ഒരു നിര്‍ദേശവും കര്‍മപരിപാടിയിലില്ല. മുന്‍ഗണനാമേഖലയില്‍പ്പെടുത്തി കാര്‍ഷികമേഖലയ്ക്ക് നിര്‍ബന്ധമായും നല്‍കേണ്ട വായ്പാതുക കാര്‍ഷികവായ്പയായി നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ജനങ്ങള്‍ എല്ലാ സേവനങ്ങള്‍ക്കും ഇനിമുതല്‍ പണം നല്‍കേണ്ടിവരും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. കുടിവെള്ളം, ശുചീകരണം, മാലിന്യനിര്‍മാര്‍ജനം, എന്തിന് വെയ്റ്റിങ് ഷെഡ് നിര്‍മാണവും നടത്തിപ്പുപോലും സ്വകാര്യവല്‍ക്കരിക്കുകയാണ്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുമത്രേ! പറയുമ്പോള്‍ എത്ര ലളിതം. പക്ഷേ, യഥാര്‍ഥ വസ്തുതയെന്താണ്?

ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് സിയാല്‍ . സര്‍ക്കാരിന് ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുണ്ടെങ്കിലും പൂര്‍ണമായ നിസ്വാര്‍ഥ സേവനമല്ല കമ്പനിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കുടിവെള്ളവിതരണംപോലുള്ള മേഖലകളില്‍ സിയാല്‍ മാതൃക കൊണ്ടുവരും എന്ന പ്രഖ്യാപനം കേരളത്തെ ഞെട്ടിച്ചിരിക്കുന്നു. ഇതുകൂടാതെ പൊതുസ്ഥലങ്ങളില്‍ ടോയ്ലറ്റുകള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും നാല്‍ക്കവലകളില്‍ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനും നാമമാത്രമായ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലളിതമായി പറഞ്ഞാല്‍ മഴനനയാതെ ബസ് കാത്തുനില്‍ക്കാന്‍പോലും ഭാവിയില്‍ പണം കൊടുക്കേണ്ടിവരും എന്നര്‍ഥം. മാലിന്യനിര്‍മാര്‍ജനവും കുടിവെള്ളവിതരണവും പോലുള്ള മേഖലകളില്‍നിന്നുപോലും സര്‍ക്കാര്‍ പിന്‍വലിയുന്നു. 12-ാം ധന കമീഷന്റെ സമീപനരേഖയിലും ഇതേ കാഴ്ചപ്പാടാണുള്ളത്. ഇത് ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമാണ്. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും നടപ്പാക്കിയ രാജ്യങ്ങളില്‍ ദേശീയ സമ്പദ്വ്യവസ്ഥകള്‍ തകര്‍ന്നടിഞ്ഞു. ഈ നയങ്ങള്‍ തിരുത്തുന്നതിനായി വന്‍ജനമുന്നേറ്റങ്ങള്‍ നടക്കുന്ന കാലത്താണ് ഉമ്മന്‍ചാണ്ടി സ്വകാര്യവല്‍ക്കരണത്തിന് അതിരുകളുണ്ടാകില്ലെന്നും മുതലാളിമാര്‍ക്ക് ചൂഷണംചെയ്യാന്‍ കേരളജനതയെ എറിഞ്ഞുകൊടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാവസായിക മേഖലയെയും വിദ്യാഭ്യാസത്തെയും കുറിച്ചുമുള്ള സമീപനത്തിലും ഈ നയം പ്രകടമാണ്. യുഡിഎഫ് അധികാരത്തില്‍ വരുന്ന കാലത്തെല്ലാം പൊതുമേഖലാ സംരംഭങ്ങള്‍ നഷ്ടത്തിലാകാറുണ്ട്. എന്നാല്‍ , എല്‍ഡിഎഫ് കാലത്ത് നഷ്ടം നികത്തി ലാഭത്തിലാകും. ഇപ്പോഴത്തെ ഒരു വര്‍ഷ കര്‍മപരിപാടിയിലും സ്വകാര്യമേഖലയ്ക്കുള്ള പ്രോത്സാഹനമില്ലാതെ മറ്റൊന്നുമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നടത്തുമെന്ന് അറിയിക്കാനുള്ള ഔദാര്യം കാട്ടിയിട്ടുണ്ടെന്ന് മാത്രം. അപേക്ഷ നല്‍കിയ സിബിഎസ്ഇ സ്കൂളുകള്‍ക്കെല്ലാം അംഗീകാരം നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍ ആവേശം കാട്ടിയ മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള നടപടി വിസ്മരിക്കുന്നു. കര്‍മപരിപാടിയിലെ ബഹുഭൂരിപക്ഷം ഇനങ്ങളും സംസ്ഥാനബജറ്റിലും ഉപധനാഭ്യര്‍ഥനകളുടെ ഭാഗമായി നിയമസഭയില്‍ അറിയിച്ചതുമൊക്കെയാണ്. മറ്റ് ചിലതാകട്ടെ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ തുടങ്ങിവച്ചതോ പൂര്‍ത്തികരണഘട്ടത്തിലുള്ളതോ ആണ്. ഉദാഹരണത്തിന് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ രൂപീകരണം.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണിത്. സിബിഐ മാതൃകയിലുള്ള പുതിയ സേന ഉണ്ടാകണമെന്നത് ഹൈക്കോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കര്‍ശന നിര്‍ദേശമാണ്. അത് നടപ്പാക്കിയേ തീരൂ. അതുപോലെ തന്നെയാണ് ഫ്രണ്ട്സ് ജനസേവനകേന്ദ്രം വഴി പൊലീസിന് പരാതിനല്‍കാമെന്ന നിര്‍ദേശം. ഇ-മെയില്‍ വഴിപോലും പരാതി നല്‍കാനുള്ള സംവിധാനം എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. പൊലീസ്സ്റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്ക് കൊണ്ടുവരുമെന്നാണ് മറ്റൊരു വാഗ്ദാനം. ഇപ്പോള്‍ തന്നെ എല്ലായിടത്തും വനിതാപൊലീസുകാരുടെ ചുമതലയില്‍ റിസപ്ഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടതുമുന്നണി നടപ്പാക്കിയ റിസപ്ഷന്‍ കൗണ്ടറിനെ ഉമ്മന്‍ചാണ്ടിക്ക് ഹെല്‍പ് ഡെസ്ക് എന്ന് വിളിക്കണമെങ്കില്‍ ആയിക്കോട്ടെ. പക്ഷേ, അത് ഇത്രത്തോളം കൊട്ടിഘോഷിക്കേണ്ട കാര്യമുണ്ടോ? ഫയലുകളുടെ നീക്കം നിരീക്ഷിക്കാന്‍ ഐഡിയാസ് എന്ന സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ സംവിധാനം നിലവില്‍വന്നിട്ട് വര്‍ഷം കുറച്ചായെന്ന് അദ്ദേഹത്തിന് അറിയാത്തതാണോ?

അതോ അറിഞ്ഞുകൊണ്ട് ജനങ്ങളെ കളിയാക്കിയതോ? ഇതൊക്കെ നൂറുദിനം, ഒരുവര്‍ഷം, ഒരുനൂറ്റാണ്ട് എന്നൊക്കെ പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തുന്നത് ആരെ പറ്റിക്കാനാണ്. മാര്‍ക്കറ്റിങ് വിദഗ്ധരുടെ "പാക്കേജിങ്" രീതിയെയാണ് ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിക്കുന്നത്; ജനങ്ങള്‍ക്കു വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയെയല്ല. ഗുണ്ടാനിയമത്തില്‍ മാറ്റം വരുത്തി ശക്തമാക്കുമെന്ന പ്രഖ്യാപനത്തില്‍ യാതൊരു ആത്മാര്‍ഥതയുമില്ലെന്നതിന് സര്‍ക്കാര്‍ നടപടികള്‍ സാക്ഷ്യം പറയും. രണ്ട് ദിവസംമുമ്പ് മനോരമ ന്യൂസ് ചാനല്‍ പുറത്തുവിട്ട ഒരു വാര്‍ത്തയില്‍ തിരുവനന്തപുരം ജില്ലയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രയോഗിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നതായി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തും പരിസരത്തും പരസ്പരം പോരടിച്ചും സാധാരണക്കാരെ ആക്രമിച്ചും ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ഇത് ഗുണ്ടകളുടെ സ്വന്തം സര്‍ക്കാരായി മാറിക്കഴിഞ്ഞു. ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ബജറ്റിലാണ് അവതരിപ്പിക്കുക. ശേഷിക്കുന്നവ ഉപധനാഭ്യര്‍ഥനകളായി കൊണ്ടുവരണം. എന്നാല്‍ , ഇതുരണ്ടിലുമില്ലാത്ത ചില പദ്ധതികളും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത ബജറ്റുവരെയുള്ള പദ്ധതിച്ചെലവുകള്‍ നിശ്ചയിച്ചുകഴിഞ്ഞ സ്ഥിതിക്ക് തന്റെ പ്രഖ്യാപനങ്ങളുടെ പ്രസക്തി യെന്തെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കേണ്ടതുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 191111

1 comment:

  1. നാടോടിക്കാറ്റ് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രം തന്റെ കൈവശമുള്ള ആയുധങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് പൊങ്ങച്ചം പറയുന്ന ഒരു രംഗമുണ്ട്. പക്ഷേ, ആ ആയുധങ്ങളൊന്നും ഉപയോഗിക്കാന്‍ കഴിയാതെ വില്ലന്‍ നാശത്തിലേക്ക് പോകുന്നു. ഉമ്മന്‍ചാണ്ടിയുടെ പബ്ലിസിറ്റി ഗിമ്മിക്കുകള്‍ ഓര്‍മിപ്പിക്കുന്നത് ഈ സിനിമാരംഗമാണ്. സപ്തധാരാ പദ്ധതികള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിച്ച കര്‍മപരിപാടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുന്ന വിപത്തുകളുടെ സൂചനകളാണ് നല്‍കുന്നത്.

    ReplyDelete