Sunday, November 20, 2011

മുല്ലപ്പെരിയാര്‍ ഭീഷണിയില്‍ ; ആശങ്ക കനക്കുമ്പോഴും ചലനമില്ലാതെ സര്‍ക്കാര്‍


മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കവര്‍ധിപ്പിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിന് അനക്കമില്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പരിഹാരം നിര്‍ദേശിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. തമിഴ്നാട് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും ജാഗ്രതയോടെ നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരിടപെടലും നടത്തുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിന് അനുകൂലമാക്കുന്ന രീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ നിലച്ച അവസ്ഥയാണ്. അണക്കെട്ടിനുണ്ടാകുന്ന ഏതൊരപകടാവസ്ഥയും മധ്യകേരളത്തിലെ അരക്കോടി ജീവനുകള്‍ക്ക് ഭീഷണിയാണെന്ന യാഥാര്‍ഥ്യം യുഡിഎഫ് സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണ്. അണക്കെട്ടിന്റെ ബലക്ഷയവും മേഖലയില്‍ ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നതും കണക്കിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി പഠനസംഘങ്ങളെ നിയോഗിച്ചു. തമിഴ്നാടുമായി നടക്കുന്ന കേസില്‍ സുപ്രീംകോടതിയെ പ്രശ്നത്തിന്റെ ഗൗരവം കൃത്യമായി അറിയിക്കാന്‍ ഇതുവഴി സാധിച്ചു. ഇതു കണക്കിലെടുത്താണ് ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ സുപ്രീംകോടതി തയ്യാറായത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന കോ-ഓര്‍ഡിനേഷന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിരന്തരം കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ , യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അത് ഇല്ലാതായി. മന്ത്രി പി ജെ ജോസഫിന്റെ ജലവിഭവ വകുപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ റവന്യൂ വകുപ്പും ഇക്കാര്യത്തില്‍ പരസ്പരം കുറ്റപ്പെടുത്തലുകളുമായി തര്‍ക്കത്തിലാണ്. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഉദ്യോഗസ്ഥതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നേയില്ല. അതിനാല്‍ ഉന്നതാധികാര സമിതിയെ സര്‍ക്കാരിന്റെ നിലപാടുകള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുന്നു. തൊടുപുഴ കേന്ദ്രീകരിച്ച് ദുരന്തനിവാരണ സംവിധാനം രൂപീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പത്തുകോടിയോളം രൂപ അനുവദിച്ച് പ്രാരംഭ നടപടികള്‍ തുടങ്ങിയതാണ്. ദുരന്തനിവാരണ സേനയുടെ താമസത്തിനടക്കം സൗകര്യമൊരുക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറായതുമാണ്. എന്നാല്‍ , ഇപ്പോള്‍ ഇതേക്കുറിച്ച് ഒരു വിവരവും ഇല്ല. ഭരണമാറ്റത്തിനു തൊട്ടുപിന്നാലെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാന ചുമതല വഹിച്ചിരുന്ന എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോണ്‍ ഡാനിയലിനെ സ്ഥലംമാറ്റിയതും പ്രവര്‍ത്തനങ്ങളെ ബാധിച്ചു.

ജൂലൈ 26ന് മുല്ലപ്പെരിയാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചു. പഠനത്തിനായി ഐഐടി ടീമിനെ നിയോഗിക്കുമെന്നും മുന്നുമാസത്തിനകം അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുമെന്നും പറഞ്ഞു. എന്നാല്‍ , ഇത് പാഴ്വാക്കായി. മേഖലയിലെ ഭൂകമ്പമാപിനികളെ ബന്ധിപ്പിക്കുമെന്നും പഴയ ഭൂകമ്പമാപിനികള്‍ മാറ്റി ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. ഇവിടം സന്ദര്‍ശിച്ച തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്) ഉദ്യോഗസ്ഥര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ചും മറ്റും വിശദമായ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അവഗണിച്ചു.

ജസ്റ്റിസ് എ എസ് ആനന്ദ് ചെയര്‍മാനും കേരളത്തിന്റെയും തമിഴ്നാടിന്റെയും ഓരോ പ്രതിനിധിയും സാങ്കേതികവിദഗ്ധരും ഉള്‍പ്പെട്ട അഞ്ചംഗ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് 2010ലാണ്. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ പഠിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ , പഠനം എങ്ങും എത്തിയിട്ടില്ല. അണക്കെട്ട് നിര്‍മിച്ച സുര്‍ക്കി മിശ്രിത പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനായി കൂടുതല്‍ സമയം ചെലവഴിച്ച് നടത്തേണ്ട "കോര്‍" പരിശോധനയും എങ്ങുമെത്തിയില്ല. അണക്കെട്ടിലെ വിവിധ ബ്ലോക്കുകളിലായി ഒന്‍പത് "ഹോള്‍" പരിശോധനയും കൂടാതെ വിദഗ്ധരില്‍നിന്നും അല്ലാതെയും തെളിവുകള്‍ ശേഖരിക്കുകയും വേണം. പരിശോധന ഒക്ടോബറില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. ഇതെല്ലാം ഇനി ഒരുമാസംകൊണ്ട് പൂര്‍ത്തീകരിച്ച് ജനുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാര്യം സംശയമാണ്.
(കെ ടി രാജീവ്)

ഇടുക്കിയില്‍ 6.5 തീവ്രതയുള്ള ഭൂചലനങ്ങള്‍ക്ക് സാധ്യത

ഇടുക്കി: ഇടുക്കിയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ . ജില്ല സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്നതിനാലാണിത്. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞദിവസം ഭൂചലനം ഉണ്ടായ മേഖലകള്‍ സന്ദര്‍ശിച്ച സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(സെസ്) സംഘത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞു.

ഭൗമപാളികളിലുള്ള സമ്മര്‍ദ്ദവ്യത്യാസമാണ് ഇപ്പോഴുള്ള ചലനങ്ങള്‍ക്ക് കാരണം. റിക്ടര്‍സ്കെയിലില്‍ പരമാവധി ആറ് വരെ ഭൂചലനം വന്നാലും അതിജീവിക്കാവുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആധുനിക ഡാമുകള്‍ നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ , ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഇടുക്കിയിലെ പതിമൂന്നോളം പ്രധാന അണക്കെട്ടുകള്‍ക്കും കടുത്ത ഭീഷണിയായിരിക്കും. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള മുല്ലപ്പെരിയാറും ഈ മേഖലയില്‍ ഉള്‍പ്പെടുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

പ്രധാന അണക്കെട്ടുകളില്‍ ആകെ ഏകദേശം 100 ചതുരശ്രകിലോമീറ്റര്‍ ഭൂഭാഗം വെള്ളം നിറഞ്ഞുനില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2000 അടിയിലധികം ഉയരത്തിലാണ് ഈ ഭീമന്‍ ജലസംഭരണികളെല്ലാം. പത്തുവര്‍ഷത്തിനുള്ളില്‍ ഈ അണക്കെട്ടുകളുടെ 50 കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍സ്കെയിലില്‍ അഞ്ചു വരെ തീവ്രതയുള്ള ചലനങ്ങളുണ്ടായി. അണക്കെട്ടുകളുടെ ആധിക്യമാണ് ഭൂകമ്പം കൂടാന്‍ കാരണമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
(കെ ജെ മാത്യു)

deshabhimani 201111

1 comment:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കവര്‍ധിപ്പിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിന് അനക്കമില്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പരിഹാരം നിര്‍ദേശിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. തമിഴ്നാട് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും ജാഗ്രതയോടെ നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരിടപെടലും നടത്തുന്നില്ല.

    ReplyDelete