Sunday, November 20, 2011

പരവന്‍ സമുദായത്തിനെതിരായ യുഡിഎഫ് നീക്കം അപഹാസ്യം

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ ജാതിപ്പേര് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന എ കെ ബാലന്റെ പരാതി മറികടക്കാന്‍ ബാലന്‍ ഉള്‍പ്പെടുന്ന പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍നിന്ന് മാറ്റാന്‍ യുഡിഎഫ് നടത്തുന്ന നീക്കം പരിഹാസ്യം. ഒരു സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ അതേക്കുറിച്ച് പഠനം നടത്താന്‍ ഉത്തരവാദപ്പെട്ട കേരളത്തിലെ ഏക സ്ഥാപനം കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്സ് ആണ്. പരവന്‍ സമുദായത്തിന്റെ വിവരങ്ങള്‍ തേടി ഏതാനും ദിവസമായി ഇവിടേക്ക് യുഡിഎഫ് നേതാക്കള്‍ ഇടതടവില്ലാതെ ബന്ധപ്പെടുന്നുണ്ട്. പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് കേരള പട്ടികജാതി-വര്‍ഗ അവകാശസംരക്ഷണ സമിതിയാണ് ഇപ്പോള്‍ രംഗത്തുവന്നത്. എ കെ ബാലനെ പട്ടികജാതി ലിസ്റ്റില്‍നിന്ന് താന്‍ മാറ്റിക്കുമെന്ന പി സി ജോര്‍ജിന്റെ "ഭീഷണി" വന്നതിനു തൊട്ടുപിന്നാലെയാണ് ഇതുവരെ കേരളം കേള്‍ക്കാത്ത ആവശ്യവുമായി സംരക്ഷണ സമിതി വാര്‍ത്താസമ്മേളനം വിളിച്ചത്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കും മുഖ്യമന്ത്രിക്കുമെല്ലാം ബാലന്‍ പരാതി നല്‍കിയിട്ടുണ്ട്. ദേശീയ പട്ടികജാതി കമീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. നിയമപ്രകാരം, ജാമ്യം കിട്ടാത്ത വകുപ്പനുസരിച്ചാണ് കേസെടുക്കേണ്ടത്. ഇത് യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു.

ഭരണഘടനയുടെ 341-ാം വകുപ്പനുസരിച്ചാണ് പട്ടികജാതി ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നത്. 342 പ്രകാരം പട്ടികവര്‍ഗ ലിസ്റ്റും. 1950 ലാണ് ആദ്യലിസ്റ്റ് വന്നത്. അന്ന് കേരളം രൂപപ്പെട്ടിരുന്നില്ല. തിരു-കൊച്ചി ലിസ്റ്റും മലബാര്‍ ലിസ്റ്റുമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതില്‍ തിരു-കൊച്ചി ലിസ്റ്റില്‍ പരവന്‍ സമുദായം പട്ടികജാതിയില്‍ ഉള്‍പ്പെട്ടിരുന്നു. 1965ലെ ലോക്കൂര്‍ കമീഷന്‍ ഇന്ത്യയിലെ പട്ടികജാതി- വര്‍ഗങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് 1976 ല്‍ പരിഷ്കരിച്ച ലിസ്റ്റ് പുറത്തിറക്കി. അതുപ്രകാരം പരവന്‍ ഉള്‍പ്പെടെ കേരളത്തിലെ 68 സമുദായങ്ങള്‍ പട്ടികജാതി ലിസ്റ്റിലായി. ഇതിനുശേഷം വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങളെ തുടര്‍ന്ന് 2002 ലാണ് പട്ടികയില്‍ നിന്ന് ചില സമുദായങ്ങളെ ഒഴിവാക്കിയത്. പരവന്‍ ഉള്‍പ്പെടെ 53 സമുദായങ്ങള്‍ അടങ്ങിയ ആ പട്ടികയാണ് ഇപ്പോള്‍ നിലവിലുള്ളത്. വ്യക്തികളോ സംഘടനയോ ആവശ്യപ്പെട്ടാലൊന്നും ഒരു സമുദായത്തെ മാറ്റാനുള്ള അന്വേഷണം കിര്‍ത്താഡ്സ് നടത്തില്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് എതിരാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് റജിസ്ട്രാര്‍ ജനറലിനും പിന്നീട് പട്ടികജാതി ദേശീയ കമീഷനും നല്‍കും. തുടര്‍ന്ന്, പാര്‍ലമെന്റ് അംഗീകരിച്ചാല്‍ സമുദായത്തെ ഒഴിവാക്കാനാവും. ജോര്‍ജിനെ രക്ഷിക്കാനായി ഒരു സമുദായത്തിന്റെയാകെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനും അവരെ അവഹേളിക്കാനുമാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നത്.
(കെ പ്രേമനാഥ്)

ജോര്‍ജിനുവേണ്ടി ചേര്‍ന്ന യോഗം അലസി

കൊച്ചി: പരവന്‍ സമുദായത്തെ പട്ടികജാതിവിഭാഗത്തില്‍നിന്നു നീക്കാന്‍ യുഡിഎഫ് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി എറണാകുളത്തു നടത്തിയ യോഗം രൂക്ഷമായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് അലസിപ്പിരിഞ്ഞു. പട്ടികജാതി-വര്‍ഗ അവകാശസംരക്ഷണസമിതിയെന്ന പേരില്‍ വിളിച്ച യോഗമാണ് രൂക്ഷമായ അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കമ്മിറ്റിപോലും രൂപീകരിക്കാന്‍കഴിയാതെ അവസാനിപ്പിച്ചത്. പി സി ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്ന് ചിലര്‍ യോഗത്തില്‍ തുറന്നു പറഞ്ഞു.

പട്ടികജാതിവിഭാഗത്തില്‍ ഉള്‍പ്പെടാന്‍ പരവന്‍ സമുദായത്തിന് അര്‍ഹതയില്ലെന്നും അവരെ പുറത്താക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന വാദവുമായിട്ടാണ് യോഗം ആരംഭിച്ചതെങ്കിലും എറണാകുളത്തുനിന്നുള്ള പരവന്‍സമുദായ പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ മലബാറിലുള്ള പരവന്‍സമുദായത്തില്‍പ്പെട്ടവരാണ് പട്ടികജാതിയില്‍പ്പെടാത്തവരെന്നും തൃശൂര്‍മുതല്‍ തെക്കോട്ടുള്ളവര്‍ പട്ടികജാതിക്കാരാണെന്നും സംഘാടകര്‍ വാദംമാറ്റി. മുന്‍മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടുന്ന പരവന്‍വിഭാഗത്തെ പട്ടികജാതിയില്‍നിന്ന് ഒഴിവാക്കി ജാതിപ്പേരു വിളിച്ച് അപമാനിച്ചതിന്റെപേരില്‍ ബാലന്‍ നല്‍കിയ കേസില്‍നിന്ന് ജോര്‍ജിനെ രക്ഷിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് സംശയമുയര്‍ന്നതോടെ പങ്കെടുത്തവരില്‍ പലരും കടുത്ത വിമര്‍ശമുയര്‍ത്തി. ജോര്‍ജ് ആവശ്യപ്പെട്ടിട്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് ഒരു പ്രതിനിധി പരസ്യമായി വിളിച്ചുപറഞ്ഞു. ജോര്‍ജ് എഴുതിയതെന്നു പറഞ്ഞ് ഒരു കുറിപ്പും ഉയര്‍ത്തിക്കാണിച്ചു.

മുഖ്യസംഘാടകന്‍ പന്തളം രാജേന്ദ്രന്‍ എ കെ ബാലനെ വിമര്‍ശിക്കാനാണ് മുഴുവന്‍സമയവും ചെലവഴിച്ചത്. പരവന്‍സമുദായത്തിന് പട്ടികജാതിക്കാരുടെ ഒരു സംവരണത്തിനും അര്‍ഹതയില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. മുന്‍മന്ത്രി എ കെ ബാലനോടുള്ള വ്യക്തിവിദ്വേഷത്തിന്റെപേരില്‍ പരവന്‍സമുദായത്തിനെതിരെ ഇത്തരം ഒരു നീക്കം നടത്തരുതെന്ന ചില പ്രതിനിധികളുടെ വാദം ചെവിക്കൊള്ളാനും സംഘാടകര്‍ തയ്യാറാകാതെവന്നതോടെ തര്‍ക്കമായി. അധ്യാപക ഭവനിലായിരുന്നു യോഗം.

deshabhimani 201111

1 comment:

  1. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ ജാതിപ്പേര് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന എ കെ ബാലന്റെ പരാതി മറികടക്കാന്‍ ബാലന്‍ ഉള്‍പ്പെടുന്ന പരവന്‍ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍നിന്ന് മാറ്റാന്‍ യുഡിഎഫ് നടത്തുന്ന നീക്കം പരിഹാസ്യം.

    ReplyDelete