Monday, November 14, 2011

എന്‍ജിനീയറിംഗ് വിദ്യാഭ്യാസ നിലവാരം കൂപ്പുകുത്തുന്നു

സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുടെ അതിപ്രസരം സംസ്ഥാനത്തെ എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ സംസ്ഥാന എന്‍ജിനിയറിംഗ് കോളജ് പരീക്ഷാഫലം ഇതാണ് വ്യക്തമാക്കുന്നത്.

ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിംഗ് കോളജുകളിലുമായി 40000 ബി ടെക് സീറ്റുകളാണുള്ളത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ അഡ്മിഷന്‍ കാലാവധി കഴിഞ്ഞാല്‍പോലും  ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ച് പ്രത്യേക അനുമതി വാങ്ങി യോഗ്യതയില്ലാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതാണ് മാനേജുമെന്റുകള്‍ ഇപ്പോള്‍ പിന്‍തുടരുന്ന രീതി.

മിനിമം യോഗ്യതപോലുമില്ലാത്ത വിദ്യാര്‍ഥികളെയാണ് സര്‍ക്കാരിന്റെ പ്രത്യേക അനുവാദത്തിന്റെ മറപിടിച്ച് കോളജ് മാനേജ്‌മെന്റുകള്‍ പ്രവേശിപ്പിക്കുന്നത്. ഇതിന്റെ ഫലമായി ദേശദേശാന്തര തലത്തിലുള്ള മത്സര പരീക്ഷകളില്‍ വിജയിക്കാനും കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയുന്നില്ല. കാമ്പസ് റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിലും കമ്പനികള്‍ സ്വാശ്രയ കോളജുകളെ ഒഴിവാക്കുന്നു. വേണ്ടത്ര പശ്ചാത്തല സൗകര്യങ്ങള്‍ ഇല്ലാതെയാണ് ഭൂരിഭാഗം സ്വാശ്രയ കോളജുകളും പ്രവര്‍ത്തിക്കുന്നത്.

കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളും പഠന സൗകര്യങ്ങളും സംബന്ധിച്ച അഫിലിയേഷന്‍ നല്‍കുന്ന സര്‍വകലാശാല അധികൃതര്‍ പരിശോധന നടത്തണമെന്നാണ് ചട്ടം. ഇതും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതിന്റെ ഫലമായി വിദ്യാഭ്യാസ നിലവാരത്തില്‍ തകര്‍ച്ചയാണ് സംഭവിക്കുന്നതെന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ നിരവധി തവണ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായിട്ടില്ല. കരിക്കുലം പരിഷ്‌കരണവും ദേശീയ നിലവാരത്തിലുള്ളതല്ല. സ്വാശ്രയ കോളജുകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നത്  വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

വിവിധ സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 56 മുതല്‍ 90 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളില്‍ 60 മുതല്‍ 90 ശതമാനം വരെയാണ് വിദ്യാര്‍ഥികളുടെ തോല്‍വി. കേരള സര്‍വകലാശാലയുടെ കീഴില്‍ ഇത് 56 മുതല്‍ 81 ശതമാനം വരെയാണ്. 2004–ല്‍ കേരള സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളിലെ ബി ടെക് വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 54.6 ആയിരുന്നെങ്കില്‍ 2009–ല്‍ അത് 28 ശതമാനമായി കുറഞ്ഞു.

മഹാത്മഗാന്ധി സര്‍വകലാശാലയില്‍ 2004–ലെ വിജയശതമാനം 89 ആയിരുന്നു. ഇത് 2010ല്‍ 64 ശതമാനമായി താഴ്ന്നു. 2004 മുതല്‍ 2010 വരെ കാലയളവില്‍ കൊച്ചി സര്‍വകലാശാലയുടെ അഫിലിയേഷനുള്ള സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥികളുടെ വിജയശതമാനം ശരാശരി 40ന് മുകളില്‍ ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല.
 എന്‍ജിനിയറിംഗ്, പോളിടെക്‌നിക്, ഐ ടി ഐ, ഐ ടി സി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും സംസ്ഥാനത്ത് ഗുരുതരമായ പൊരുത്തക്കേടാണുള്ളത്.

ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 14000 എന്‍ജിനിയറിംഗ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ഇതേ വിഭാഗത്തില്‍ പോളിടെക്‌നിക്കുകളില്‍ 3200 സീറ്റുകളും ഐ ടി ഐ വിഭാഗത്തില്‍ 1231 സീറ്റുകളുമാണുള്ളത്. തൊഴില്‍ വകുപ്പിന്റെ ചട്ടങ്ങള്‍ പ്രകാരം ഏഴ് ഐ ടി ഐ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് രണ്ട് ഡിപ്ലോമ യോഗ്യതയുള്ളവരും ഒരു എന്‍ജിനിയറിംഗ് ബിരുദ യോഗ്യതയുള്ളവരുമാണ് ആവശ്യം. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇത് നേരെ തിരിച്ചാണ്.
എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്ര വിഷയത്തില്‍ ഏറെ പ്രാവീണ്യം ആവശ്യമാണ്. എന്നാല്‍ സ്വാശ്രയ കോളജുകളില്‍ ഇതൊന്നും പരിശോധിക്കാതെ മിനിമം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക്  വന്‍തുക കോഴ വാങ്ങി പ്രവേശനം നല്‍കുന്ന രീതിയാണ് പിന്‍തുടരുന്നത്. ഇതിന്റെ ഭാഗമായി എന്‍ജിനിയറിംഗിന് പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണവും ഗണ്യമായ തോതില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 18 ശതമാനം വിദ്യാര്‍ഥികളാണ് പാതിവഴിയില്‍ പഠനം അവസാനിപ്പിച്ചത്.

സംസ്ഥാന പൊലീസിന്റെ കണക്കുകള്‍ പ്രകാരം വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളുടെ എണ്ണവും കൂടിവരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

janayugom 141111

2 comments:

  1. സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുടെ അതിപ്രസരം സംസ്ഥാനത്തെ എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ സംസ്ഥാന എന്‍ജിനിയറിംഗ് കോളജ് പരീക്ഷാഫലം ഇതാണ് വ്യക്തമാക്കുന്നത്.

    ReplyDelete
  2. മിനിമം യോഗ്യതപോലുമില്ലാത്ത വിദ്യാര്‍ഥികളെയാണ് സര്‍ക്കാരിന്റെ പ്രത്യേക അനുവാദത്തിന്റെ മറപിടിച്ച് കോളജ് മാനേജ്‌മെന്റുകള്‍ പ്രവേശിപ്പിക്കുന്നത്. ഇതിന്റെ ഫലമായി ദേശദേശാന്തര തലത്തിലുള്ള മത്സര പരീക്ഷകളില്‍ വിജയിക്കാനും കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയുന്നില്ല!!!

    so whats your problem?

    ReplyDelete