Saturday, October 1, 2011

ജനകീയ പോരാട്ടങ്ങള്‍ക്ക് മാതൃകയായി ഡിവൈഎഫ്ഐ

ജനകീയ പോരാട്ടങ്ങള്‍ക്ക് മാതൃകയായി ഡിവൈഎഫ്ഐ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഉജ്വല വിജയമാണ് ഡിവൈഎഫ്ഐയുടെ ഹര്‍ജിയിലൂടെ ഉണ്ടായത്. ജില്ലയിലെ ജനങ്ങള്‍ എണ്ണമറ്റ സമരങ്ങളാണ് ഇതിനായി നടത്തിയത്. അതിലെല്ലാം വന്‍ ജനപങ്കാളിത്തത്തോടെ ഡിവൈഎഫ് നടത്തിയ സമരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ 2001ല്‍ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചതിന് ശേഷമാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ജനകീയ പോരാട്ടമായി മാറിയത്. ജില്ലയിലെ കോണ്‍ഗ്രസ് ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ടികള്‍ ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയും നിരന്തര സമരവുമായി രംഗത്തുണ്ടായിരുന്നു. പി കരുണാകരന്‍ എംപിയാണ് ജില്ലയുടെ പ്രതിഷേധം രാജ്യത്തെ അറിയിക്കാന്‍ നേതൃത്വം നല്‍കിയത്. നിരവധി തവണ പാര്‍ലമെന്റിനകത്തും പുറത്തും സമരത്തിന് എം പി നേതൃത്വം നല്‍കി.

ഡിവൈഎഫ്ഐയാണ് ഈ സമരത്തെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചത്. ബോവിക്കാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് തുടങ്ങിയ സമരം കേരളം ശ്രദ്ധിച്ച നിരവധി പ്രക്ഷോഭങ്ങളിലേക്ക് വളര്‍ന്നു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ അതീജീവന സന്ദേശയാത്ര സമരത്തെ കൂടുതല്‍ ജനകീയമാക്കി. സംസ്ഥാനത്തെ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരുള്‍പ്പെടെ ഇതില്‍ പങ്കാളിയായി. എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്രമന്ത്രിമാരുടെ കോലം കത്തിച്ചും ചക്രസ്തംഭന സമരം നടത്തിയും പ്രതിഷേധം ആളിക്കത്തിച്ചു. ഇതിന്റെ ഭാഗമായാണ് ഈ മാരക കീടനാശിനി രാജ്യത്താകെ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും ഒടുവിലായി ദുരന്തബാധിതരെ സഹായിക്കാന്‍ സംസ്ഥാനത്താകെ ഹുണ്ടിക പിരിവ് നടത്തിയ ഡിവൈഎഫ്ഐക്ക് ജനങ്ങള്‍ നല്‍കിയത് 88 ലക്ഷം രൂപയാണ്. സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തിയ സമരങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു ഇത്. ഇതുപയോഗിച്ചുള്ള ദുരിതാശ്വാസ പദ്ധതി രൂപം നല്‍കാനുള്ള അവസാനഘട്ടത്തിലാണ്.

ഇഴകീറിയ വാദം ഇരകള്‍ക്ക് തുണയായി

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും ഉപയോഗവും രാജ്യവ്യാപകമായി നിരോധിച്ച ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി വ്യക്തിമാക്കിയതോടെ വലിയൊരു പോരാട്ടത്തിന്റെ ഒരുഘട്ടം പിന്നിടുകയാണ്. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജി ഏതുവിധേനയും തള്ളുന്നതിന് യുപിഎ സര്‍ക്കാരും കീടനാശിനി കമ്പനികളും കിണഞ്ഞുശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. കാസര്‍കോട്ടെ സാധാരണജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ചിത്രം പരമോന്നത നീതിപീഠം മുമ്പാകെ അതേ രീതിയില്‍ അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനും ഡിവൈഎഫ്ഐക്ക് കഴിഞ്ഞു. പഠനറിപ്പോര്‍ട്ടുകള്‍ക്കപ്പുറം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യാവസ്ഥ ബോധ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ കോടതിയുടെ കണ്ണുതുറപ്പിച്ചു. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21-ാം വകുപ്പാണ് കോടതി പ്രധാനമായും പരിഗണിച്ചത്. മറ്റെന്തിനേക്കാളും മനുഷ്യജീവന് വിലകല്‍പ്പിക്കണമെന്ന ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ വാക്കുകളെ പ്രതിരോധിക്കാന് കീടനാശിനി കമ്പനികള്‍ക്ക് കഴിഞ്ഞില്ല.

കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതലേ കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായി നിലപാടായിരുന്നു സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്റെ അടിയന്തര നിരോധനം വേണ്ടെന്ന വാദത്തിലാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായിരുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഊന്നിയത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ 11 വര്‍ഷത്തെ സാവകാശം നല്‍കുന്നുണ്ടെന്നും അതുവരെ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രം വാദിച്ചു. എന്‍ഡോസള്‍ഫാന് സമാനമായി വിലകുറഞ്ഞതും വീര്യം കൂടിയതുമായ കീടനാശിനി വിപണിയില്‍ ലഭ്യമല്ലെന്നും അതുകൊണ്ട് അടിയന്തര നിരോധനം ഏര്‍പ്പെടുത്തുന്നത് കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും കേന്ദ്രം പറഞ്ഞു.

ഇതരവാദങ്ങള്‍ ഇങ്ങനെയായിരുന്നു- കാസര്‍കോട് മാത്രമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്നം സൃഷ്ടിച്ചത്. ആകാശത്തുനിന്നും തളിച്ചതാണ് അവിടെ പ്രശ്നമായത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് സി ഡി മായി സമിതിയടക്കം പല വിദഗ്ധസമിതികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബദല്‍കീടനാശിനി കണ്ടെത്തുന്നത് വരെ സമയം അനുവദിക്കണം. കീടനാശിനി കമ്പനികള്‍ക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് വക്താവ് അഭിഷേക്സിങ്വിയും ഹരീഷ് സാല്‍വെയും ഇതേ വാദങ്ങള്‍ തന്നെയാണ് നിരത്തിയത്.

എന്നാല്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത ഡിവൈഎഫ്ഐയ്ക്ക് വേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും ദീപക്ക് പ്രകാശും തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തി. വിഷം വിറ്റ് ലാഭം നേടാനുള്ള സാധ്യതകള്‍ അടയുകയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കീടനാശിനി കമ്പനികള്‍ കയറ്റുമതിയെന്ന വഴി തേടിയത്. കേന്ദ്രം ഇതിനെയും പിന്തുണച്ചു. നേരത്തെ രൂപീകരിച്ചിരുന്ന വിദഗ്ധസമിതിയോട് ഇക്കാര്യം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. കയറ്റുമതി ആകാമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. ദരിദ്രരാജ്യങ്ങളിലേക്കായിരിക്കും കയറ്റുമതി ഉണ്ടാവുകയെന്നും മറ്റ് രൂപത്തില്‍ കീടനാശിനി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ഇവിടെ നിരോധിച്ച കീടനാശിനി മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിലെ അനൗചിത്യവും തുറന്നുകാട്ടി. കീടനാശിനി ശാസ്ത്രീയമായി സംസ്ക്കരിക്കുക എളുപ്പമല്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതോടെ ഉപാധികളോടെ കയറ്റുമതിയെന്ന നിലപാടിലേക്ക് കോടതി എത്തുകയായിരുന്നു. ഡിവൈഎഫ്ഐയുടെ വാദം സ്വീകരിച്ച കോടതി കയറ്റുമതി ചെയ്യുമ്പോള്‍ അങ്ങേയറ്റത്തെ ജാഗ്രതയുണ്ടാവണമെന്ന് പ്രത്യേകം നിര്‍ദേശിച്ചു. പായ്ക്ക് ചെയ്യുന്നത് മുതല്‍ തുറമുഖത്തെത്തി കപ്പല്‍ കയറി പോകുന്നത് വരെ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകണമെന്ന നിര്‍ദേശവും നല്‍കി.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണം

കാസര്‍കോട്: സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിച്ചതിനെ തുടര്‍ന്ന് ദുരിതബാധിത കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര- സംസഥാന സര്‍കാരും കീടനാശിനി കമ്പനിയും തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് നിരോധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. മരണത്തിന്റെ വ്യാപാരികളായ എന്‍ഡോസള്‍ഫാനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി എന്‍ഡോസള്‍ഫാന്റെ സമ്പൂര്‍ണ നിരോധനത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി മാരക കീടനാശിനിക്ക് നിരോധമേര്‍പ്പെടുത്തിയത്. ഈ കീടനാശിനി പ്രയോഗത്തിന്റെ ഫലമായി നരകയാതന അനുഭവിക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് രോഗികളുടെ ദുരിതാവസ്ഥ മനസിലാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധി വന്നെങ്കിലും ദുരിതബാധിതരുടെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്ഐ തുടര്‍ന്നും നേതൃത്വം നല്‍കും. അതിന് മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

ഡിവൈഎഫ്ഐ ചെയ്തത് നല്ല കാര്യം: വി എം സുധീരന്‍

തൃശൂര്‍ : എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേസ് നടത്തിയ ഡിവൈഎഫ്ഐ ചെയ്തത് നല്ല കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് സുപ്രീംകോടതി വിധി വന്നശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുധീരന്‍ . വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ , കയറ്റുമതി അനുവദിച്ചതില്‍ ആശങ്കയുണ്ട്. എന്‍ഡോസള്‍ഫാന്‍ ലോബിക്ക് അനുകൂലമായാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിനുകീഴിലെ ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എടുത്ത നിലപാടും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ഇതിന് തെളിവാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കണം. ഇരകള്‍ക്ക് ദുരിതാശ്വാസം തീരുമാനിക്കാനും നടപ്പാക്കാനും വിപുലമായ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.

deshabhimani 011011

1 comment:

  1. ജനകീയ പോരാട്ടങ്ങള്‍ക്ക് മാതൃകയായി ഡിവൈഎഫ്ഐ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഉജ്വല വിജയമാണ് ഡിവൈഎഫ്ഐയുടെ ഹര്‍ജിയിലൂടെ ഉണ്ടായത്. ജില്ലയിലെ ജനങ്ങള്‍ എണ്ണമറ്റ സമരങ്ങളാണ് ഇതിനായി നടത്തിയത്. അതിലെല്ലാം വന്‍ ജനപങ്കാളിത്തത്തോടെ ഡിവൈഎഫ് നടത്തിയ സമരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

    ReplyDelete