Tuesday, September 18, 2012

പിള്ള-ഗണേശ് തെരുവുപോര്: കേസെടുക്കാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും


വനംമന്ത്രി കെ ബി ഗണേശ്കുമാറിനു സ്വീകരണം നല്‍കുന്നതിനു എത്തിയ മന്ത്രിയുടെ അനുയായികളും സ്വീകരണം തടയാന്‍ ശ്രമിച്ച കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും കൂട്ടരും കൊട്ടാരക്കര തെരുവില്‍ മണിക്കൂറുകളോളം സംഘര്‍ഷം സൃഷ്ടിച്ചിട്ടും അതിനെതിരെ കേസ് എടുക്കേണ്ടെന്നു നിര്‍ദേശിച്ചത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആണെന്നു വ്യക്തമായി. മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പിള്ളയ്ക്കും മന്ത്രിയുടെ ആളുകള്‍ക്കുമെതിരെ കേസെടുക്കാത്തതെന്നാണ് ഇതുസംബന്ധിച്ചു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊട്ടാരക്കര നിസ ഓഡിറ്റോറിയത്തില്‍ മന്ത്രിക്കു സ്വീകരണം നിശ്ചയിച്ചിരുന്നത്. മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയവരും സ്വീകരണം തടയാന്‍ പിള്ളയുടെ നേതൃത്വത്തില്‍ സംഘടിച്ചവരും കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മൂന്നുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെടുത്തി. വഴിപോക്കരും വാഹനയാത്രികരും അക്ഷരാര്‍ഥത്തില്‍ ഭയത്തില്‍ മുങ്ങിയ മണിക്കൂറുകളായിരുന്നു അവ. വിദ്യാലയങ്ങള്‍ വിട്ടുവന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമയമത്രയും പാതകളില്‍ കുടുങ്ങി. സാമാന്യം തിരക്കേറിയ കൊട്ടാരക്കരയും പരിസരപ്രദേശങ്ങളും ആ സമയമത്രയും എന്തും സംഭവിക്കാവുന്ന നിലയിലായിരുന്നു. ക്രമസമാധാനത്തിനു ഭീഷണിയാകുകയും ജനങ്ങളുടെ സൈ്വരജീവിതം ഭീഷണമായ നിലയിലേക്കു എടുത്തെറിയപ്പെടുകയും ചെയ്ത മണിക്കൂറുകള്‍. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടയുകയായിരുന്നു പിള്ളയുടെയും മന്ത്രിയുടെയും ആളുകള്‍. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും നിര്‍ഭയരായി പണിസ്ഥലങ്ങളില്‍ ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെട്ടു ആ ദിവസം. പിള്ളയുടെ കുടുംബപ്രശ്നം മൂര്‍ച്ഛിച്ച് തെരുവില്‍ എത്തി. അതിന്റെ പേരില്‍ ജനജീവിതം സ്തംഭിപ്പിച്ചു. പൊലീസിനെ അനങ്ങാന്‍ സമ്മതിച്ചില്ല. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും അതിനെതിരെ നിയമനടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനും എടുത്ത നിലപാട്. അതുകൊണ്ടാണ് കേസ് എടുക്കാത്തതെന്നും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.

നാടിന്റെയും ജനങ്ങളുടെയും നീറുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും ബഹുജനമുന്നേറ്റങ്ങളും അടിച്ചമര്‍ത്താന്‍ മിടുക്കുകാട്ടുന്ന പൊലീസാണ് പിള്ളയേയും മന്ത്രിയുടെ അനുയായികളെയും കണ്ടപ്പോള്‍ കവാത്തു മറന്നത്. ജനങ്ങളുടെ ഭക്ഷ്യപ്രശ്നം ഉന്നയിച്ച് ആഗസ്ത് 22നു സിപിഐ എം നടത്തിയ കലക്ടറേറ്റുവളയല്‍ സമരത്തില്‍ കൊല്ലത്ത് 5000 പേര്‍ക്കെതിരെയാണ് ഇതേ പൊലീസ് കേസെടുത്തത്. നടുറോഡില്‍ കുടുംബവഴക്കിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കി ജനജീവിതത്തിനു ഭീഷണിയായ ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ സര്‍ക്കാരിനു പലപ്രകാരത്തിലും കടുത്ത എതിര്‍പ്പു നേരിടേണ്ടിവരും. അതൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരിനും മുന്നിലുള്ള ഏകമാര്‍ഗം കേസ് ഒഴിവാക്കുക എന്നതു മാത്രമാണ്. അതാണിപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നു പുറത്തുവരുന്നത്.
(എം സുരേന്ദ്രന്‍)

deshabhimani

1 comment:

  1. നാടിന്റെയും ജനങ്ങളുടെയും നീറുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചു നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും ബഹുജനമുന്നേറ്റങ്ങളും അടിച്ചമര്‍ത്താന്‍ മിടുക്കുകാട്ടുന്ന പൊലീസാണ് പിള്ളയേയും മന്ത്രിയുടെ അനുയായികളെയും കണ്ടപ്പോള്‍ കവാത്തു മറന്നത്.

    ReplyDelete