Monday, November 14, 2011

തദ്ദേശ സ്വയംഭരണ സര്‍വീസും ഇല്ലാതാക്കി

വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് തദ്ദേശസ്വയംഭരണ സര്‍വീസ് രൂപീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലെ ഗ്രാമവികസനം, നഗരകാര്യം, പഞ്ചായത്ത്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എന്‍ജിനിയറിങ് വിങ്, എന്നിവയ്ക്കെല്ലാം പൊതുസര്‍വീസ് രൂപീകരിച്ചുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പൊതുസര്‍വീസ് രൂപീകരണത്തിന്റെ ഭാഗമായി പ്രത്യേക ചട്ടങ്ങള്‍ ക്രമപ്പെടുത്താന്‍ തദ്ദേശവകുപ്പിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ നടപടിയും പുതിയ സര്‍ക്കാര്‍ മരവിപ്പിച്ചു. തദ്ദേശവകുപ്പിനെ വെട്ടിമുറിച്ച് ചുമതല മൂന്നു മന്ത്രിമാര്‍ക്ക് നല്‍കിയതോടെയാണ് തദ്ദേശസ്വയംഭരണ സര്‍വീസും വേണ്ടെന്നുവച്ചത്.

തദ്ദേശസ്ഥാപനങ്ങളുടെ ഏകീകൃത പ്രവര്‍ത്തനത്തിന് വിവിധ തലത്തിലുള്ള അധികാരകേന്ദ്രങ്ങള്‍ തടസ്സമാകുന്നത് പരിഗണിച്ചാണ് പൊതുസര്‍വീസ് രൂപീകരിക്കാന്‍ മുന്‍സര്‍ക്കാര്‍ തീരുമാനിച്ചത്. പഞ്ചായത്തുകളെ നിയന്ത്രിക്കുന്നത് പഞ്ചായത്ത് ഡയറക്ടറേറ്റും മുനിസിപ്പാലിറ്റികളെയും കോര്‍പറേഷനുകളെയും നിയന്ത്രിക്കുന്നത് നഗരകാര്യ ഡയറക്ടറേറ്റുമാണ്. ബ്ലോക്ക് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്നത് ഗ്രാമവികസന കമീഷണറേറ്റുമാണ്. ജില്ലാപഞ്ചായത്തുകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും. ഏകീകൃത സര്‍വീസിലൂടെ ഈ അധികാരകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനായിരുന്നു തീരുമാനം. പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ പൊതുസര്‍വീസ് സാധ്യമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നവീകരണം.

പൊതുസര്‍വീസ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വി ജെ തങ്കപ്പന്‍ ചെയര്‍മാനായ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഏകീകൃത സര്‍വീസിന് ആവശ്യമായ പൊതു ചട്ടങ്ങളുടെ കരടും തയ്യാറാക്കി. ഇതു പരിശോധിച്ച് പൊതുചട്ടം രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം വകുപ്പു മേധാവികളോട് നിര്‍ദേശിച്ചു. ഭരണമാറ്റം വന്നതോടെ ഈ നടപടിയെല്ലാം നിര്‍ത്തിവച്ചു. തദ്ദേശ സ്വയംഭരണ സര്‍വീസിന്റെ രൂപീകരണം വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരുടെ പരസ്പരമുള്ള സ്ഥലംമാറ്റത്തിന് അവസരമുണ്ടാക്കുമായിരുന്നു. നഗരസഭാജീവനക്കാര്‍ക്ക് പഞ്ചായത്തുകളിലേക്കും മറിച്ചും സ്ഥലംമാറ്റം ലഭിക്കും.

മറ്റു വകുപ്പുകളില്‍ നിന്ന് പുനര്‍വിന്യസിച്ച ജീവനക്കാരുടെമേല്‍ തദ്ദേശസ്വയംഭരണവകുപ്പിന് ഇപ്പോള്‍ പൂര്‍ണനിയന്ത്രണമില്ല. ഇവര്‍ ചുമതല നിര്‍വഹിക്കാത്തത് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണത്തെ ബാധിക്കുന്നു. പൊതുസര്‍വീസ് തദ്ദേശസ്വയംഭരണ സര്‍വീസിലെ ഇരട്ട നിയന്ത്രണം ഒഴിവാക്കും. ജീവനക്കാരുടെ സംഘടനകളും പൊതുസര്‍വീസ് രൂപീകരണത്തെ അംഗീകരിച്ചിരുന്നു. തദ്ദേശ സ്വയംഭരണവകുപ്പിന്റെ കീഴില്‍ പൊതുവായ ചുമതലകള്‍ വഹിച്ചിരുന്ന സ്ഥാപനങ്ങളുടെ സ്ഥിതിയും ഇപ്പോള്‍ പരിതാപകരമാണ്. സംസ്ഥാന ശുചിത്വ മിഷന്‍ , കിലെ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് തങ്ങള്‍ ഏതു മന്ത്രിയുടെ വകുപ്പിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയാതെ ഉഴലുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍ , കോര്‍പറേഷന്‍ മേഖലകളില്‍ പൊതുവായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ നിന്നുള്ള ഫയലില്‍ മുഖ്യമന്ത്രി അടക്കം നാലു മന്ത്രിമാരുടെ തീരുമാനം വരേണ്ട സ്ഥിതിയാണ്. ഗ്രാമവികസനം, നഗരകാര്യം, പഞ്ചായത്ത് മന്ത്രിമാരുടെ തീരുമാനം വരുന്ന ഫയലിനുമേല്‍ മുഖ്യമന്ത്രിയും ഒപ്പിടേണ്ട അവസ്ഥ പദ്ധതി പ്രവര്‍ത്തനങ്ങളെയെല്ലാം അവതാളത്തിലാക്കുന്നു.
(ജി രാജേഷ്കുമാര്‍)

deshabhimani 141111

1 comment:

  1. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് തദ്ദേശസ്വയംഭരണ സര്‍വീസ് രൂപീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. തദ്ദേശസ്വയംഭരണവകുപ്പിനു കീഴിലെ ഗ്രാമവികസനം, നഗരകാര്യം, പഞ്ചായത്ത്, മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എന്‍ജിനിയറിങ് വിങ്, എന്നിവയ്ക്കെല്ലാം പൊതുസര്‍വീസ് രൂപീകരിച്ചുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവാണ് യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. പൊതുസര്‍വീസ് രൂപീകരണത്തിന്റെ ഭാഗമായി പ്രത്യേക ചട്ടങ്ങള്‍ ക്രമപ്പെടുത്താന്‍ തദ്ദേശവകുപ്പിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഈ നടപടിയും പുതിയ സര്‍ക്കാര്‍ മരവിപ്പിച്ചു. തദ്ദേശവകുപ്പിനെ വെട്ടിമുറിച്ച് ചുമതല മൂന്നു മന്ത്രിമാര്‍ക്ക് നല്‍കിയതോടെയാണ് തദ്ദേശസ്വയംഭരണ സര്‍വീസും വേണ്ടെന്നുവച്ചത്.

    ReplyDelete