വയനാട്ടില്‍ അഞ്ച് കര്‍ഷകരാണ് കടബാധ്യതയില്‍ ആത്മഹത്യചെയ്തത്. ആഗസ്ത് ആറിന് മാനന്തവാടി താലൂക്കില്‍ എടവക പഞ്ചായത്തില്‍ തോണിച്ചാലിലെ ജോസ് (50) ആണ് ആദ്യം വിഷം കഴിച്ചുമരിച്ചത്. കടബാധ്യതകൊണ്ടാണ് വിഷം കഴിച്ചുമരിച്ചതെന്ന് എല്ലാ മാധ്യമങ്ങളും ആഗസ്ത് ഏഴിന് റിപ്പോര്‍ട്ട്ചെയ്തതാണ്. തുടര്‍ന്ന് നവംബര്‍ രണ്ടിനാണ് വെള്ളമുണ്ട പഞ്ചായത്തിലെ മല്ലിശേരിക്കുന്നില്‍ ശശിധരന്‍ ആത്മഹത്യചെയ്തത്. നാലിന് പുല്‍പ്പള്ളി ഐശ്വര്യകകവലയില്‍ അശോകന്‍ , എട്ടിന് മേപ്പാടി നെടുമ്പാല പള്ളിക്കവലയില്‍ വര്‍ഗീസ് എന്ന രാജു, 12ന് അമ്പലവയല്‍ പോത്തുകട്ടിയില്‍ പൈലി എന്നിവരും ആത്മഹത്യചെയ്തു. അശോകന് ഒരുതുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ല. ശശിധരന് 30ഉം പൈലിക്ക് 50ഉം ജോസിന് ആറരയും സെന്റ് ഭൂമി മാത്രമാണുള്ളത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ് ഇവര്‍ .
വില്ലേജ് ഓഫീസര്‍മാരില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ആത്മഹത്യ സംബന്ധിച്ച് നവംബര്‍ ഒമ്പതിന് സംസ്ഥാനസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചതായി കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് പറഞ്ഞു. ഫാക്സിലും തപാലിലും നല്‍കി. മരിച്ചവരുടെ കടബാധ്യതകള്‍ , മരണത്തിന്റെ സ്വഭാവം എന്നിവയുള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ശശിധരന്‍ , അശോകന്‍ , വര്‍ഗീസ് എന്നിവരുടെ മരണം കടബാധ്യതമൂലമാണ്. തോണിച്ചാലിലെ ജോസിന്റെ മരണം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കൃഷി, റവന്യൂ വകുപ്പുകള്‍ക്കാണ് റിപ്പോര്‍ട്ട് അയച്ചത് - കലക്ടര്‍ പറഞ്ഞു.
നവംബര്‍ ഒമ്പതിന് കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള പ്രധാന ജനപ്രതിനിധികളൊന്നും പങ്കെടുത്തിരുന്നില്ല. ഇതേദിവസംതന്നെയാണ് അഡീഷണല്‍ ചീഫ്സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ വയനാട്ടിലേക്ക് അയക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത്. ഒരാഴ്ചയ്ക്കകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കമ്മിറ്റി തിങ്കളാഴ്ചയേ വയനാട്ടില്‍ എത്തൂ. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കര്‍ഷകരുടെ ആത്മഹത്യ കടക്കെണിമൂലമല്ലെന്ന്് പറഞ്ഞ മുഖ്യമന്ത്രി വയനാട് ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. ഡിസിസിയും ഇത്തരം റിപ്പോര്‍ട്ടാണ് കെപിസിസിക്ക് നല്‍കിയത്.
കൃഷി നാശം 29 കോടിയുടേത് സര്‍ക്കാര്‍ സഹായം മൂന്നര കോടി
കല്‍പ്പറ്റ: കാര്‍ഷിക വിളകള്‍ നശിക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന സഹായം പരിമിതം. നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറ്റാതെ ഈ സഹായം വര്‍ധിപ്പിക്കാനാകില്ല. ഇക്കഴിഞ്ഞ കാലവര്‍ഷത്തിലും ഇടവപ്പാതിയിലുമായി ജില്ലയില്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണുണ്ടയതെന്ന് കൃഷിവകുപ്പിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നു. മെയ്, ഒക്ടോബര്‍ മാസങ്ങളിലായി ജില്ലയില്‍ 29 കോടിയുടെ കൃഷിനാശമാണുണ്ടായത്. സര്‍ക്കാര്‍ നല്‍കുക 3.54 കോടി മാത്രമാണ്. ബാക്കി നഷ്ടം മുഴുവന്‍ കര്‍ഷകര്‍ സഹിക്കണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും പാട്ടകൃഷി നടത്തുകയുംചെയ്യുന്ന കര്‍ഷകര്‍ക്കാണ് ഈ ഗതി. കൃഷി വകുപ്പിന്റെ കണക്ക് അനുസരിച്ചാണിത്. യഥാര്‍ഥ നാശം ഇതിലും എത്രയോ കൂടുതലായിരിക്കും. ഈ രണ്ടു കാലത്തുമായി 1350 ഏക്കറിലേറെ സ്ഥലത്തെ വാഴക്കൃഷിയാണ് നശിച്ചത്. 13.21 ലക്ഷം വാഴകള്‍ നിലംപൊത്തി. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 18,72,53,000 രൂപയുടെ നഷ്ടം. സര്‍ക്കാരിന്റെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് കര്‍ഷകര്‍ക്ക് ലഭിക്കുക 3,04,99,730 രൂപ മാത്രം.
നെല്‍കൃഷി ലാഭകരമല്ലാത്ത സമയത്താണ് കര്‍ഷകര്‍ കൂട്ടത്തോടെ വാഴയിലേക്ക് തിരിഞ്ഞത്. സ്വന്തമായി സ്ഥലമില്ലാത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വായ്പയും നല്‍കിയില്ല. പാട്ടത്തിനെടുത്ത ഭൂമിയില്‍ വ്യക്തികളില്‍നിന്നും ബ്ലേഡുകാരില്‍നിന്നും സ്വാശയ്ര സംഘങ്ങളില്‍നിന്നുമായി കടം വാങ്ങിയും മറ്റുമായിരുന്നു കൃഷി. കൂനിന്‍മേല്‍ കുരുപോലെ രാസവളത്തിന്റെ വിലയും ഇരട്ടിയായി. സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ കമ്പനികള്‍ തോന്നിയപടി വിലകൂട്ടി. വിളത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. കഴിഞ്ഞകുറച്ചുകാലത്തിനുള്ളില്‍ വിവിധതലങ്ങളിലായി വയനാട്ടിലെ കര്‍ഷകര്‍ നേരിട്ട ഏറ്റവും വലിയ കെടുതികളായിരുന്നു ഇവ രണ്ടും. കര്‍ഷകര്‍ക്ക് അനുവദിച്ച തുച്ഛമായ നഷ്ടപരിഹാരംപോലും കൃത്യസമയത്തു വിതരണംചെയ്യുന്നില്ല. കെടുതിയും വിലയില്ലായ്മയും നേരിടുന്ന കര്‍ഷകര്‍ വായ്പ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലായപ്പോഴും സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എന്നിട്ടും കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.
വിളകള്‍ സംഭരിക്കാനും തറവില ഏര്‍പ്പെടുത്താനും തയ്യാറാകണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. വാഴക്കൃഷിക്ക് മാത്രമല്ല ഈ നാശവും നഷ്ടവും. മെയ് 18 വശരയുള്ള കാലത്ത് 62 ഹെക്ടറിലെ പച്ചക്കറിയാണ് നശിച്ചത്. 25 ലക്ഷത്തിന്റെ നഷടമെന്ന് ഔദ്യോഗിക കണക്ക്. നഷ്ടപരിഹാരമായി ലഭിക്കുക 77500 രൂപ മാത്രവും. ഇടവപ്പാതിയില്‍ 946.4 ഹെക്ടറിലെ നെല്‍കൃഷിയാണ് വെള്ളത്തിലായത്. 1743 കര്‍ഷകരെ ഇതുബാധിച്ചു. 5.6 കോടിയുടെ നഷ്ടം. 38 ലക്ഷം മാത്രമാണ് നഷടപരിഹാരമായി ലഭിക്കാന്‍ അധികൃതരുടെ ശുപാര്‍ശ. മെയ്മാസത്തിലെ കാലവര്‍ഷഷത്തില്‍ 43.5 ലക്ഷത്തിന്റെ നെല്‍കൃഷി നശിച്ചതായാണ് കണക്ക്. ഇവിടെ ലഭിക്കുക 2.76 ലക്ഷമാണ്. കൃഷിനശിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരിന് പദ്ധതികളില്ലാത്തതാണ് കര്‍ഷകരെ കെടുതിയിലാക്കുന്നത്. സംഭരണത്തിനും നടപടികളില്ല. തിങ്കളാഴ്ച ആഭ്യന്തര വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കല്‍പ്പറ്റയില്‍ എത്തുമ്പോള്‍ ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച് എന്തു റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിക്കുക എന്നതറിയാന്‍ കര്‍ഷകര്‍ ആകാംക്ഷാഭരിതരാണ്.
പാക്കേജ് നടപ്പാക്കാത്തത് കര്‍ഷക ആത്മഹത്യക്ക് കാരണമായി: കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: കാര്‍ഷിക പാക്കേജ് നടപ്പാക്കാത്തതാണ് കര്‍ഷക ആത്മഹത്യക്കു കാരണമെന്ന് സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് കെ കൃഷ്ണന്‍കുട്ടി. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ കൃഷിവകുപ്പിനോട് ചിറ്റമ്മനയമാണ് പുലര്‍ത്തുന്നത്. കാര്‍ഷിക പാക്കേജ് നടപ്പാക്കിയിരുന്നെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. കാര്‍ഷികമേഖലക്ക് അനുകൂലമായ ഒന്നുംതന്നെ നടക്കുന്നില്ല. കൃഷിവകുപ്പ് ഡയറക്ടറെയും കാര്‍ഷികോല്‍പ്പാദന കമീഷണറെയും ഇതുവരെ നിയമിച്ചിട്ടില്ല. ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പങ്കിട്ടതില്‍ എസ്ജെഡിക്ക് തൃപ്തിയില്ല. . അടുത്തദിവസം തിരുവനന്തപുരത്ത് ചേരുന്ന എസ്ജെഡി സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും- കൃഷ്ണന്‍കുട്ടി പറഞ്ഞു.
കമീഷന്‍ വയനാട്ടില്‍ : കര്‍ഷകയോഗത്തില്‍ സംഘര്‍ഷം
വയനാട്: കര്‍ഷക ആത്മഹത്യകള്‍ ചര്‍ച്ചചെയ്യാനായി വയനാട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷം. കര്‍ഷകരില്‍ നിന്ന് ഗവണ്‍മെന്റ് നിയോഗിച്ച കമീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സംഘര്‍ഷം തുടങ്ങിയത്. ആത്മഹത്യ ചെയ്തവരാരും കര്‍ഷകരല്ലെന്ന ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്റെ പ്രസ്താവനയെ തുടര്‍ന്നാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. കാര്‍ഷിക പ്രതിസന്ധി രൂക്ഷമാണെന്ന് വയനാട് സന്ദര്‍ശിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ വന്‍ പലിശയീടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണമെന്നും വിളകള്‍ സംഭരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികള്‍ പലതും താഴെതട്ടിലേക്ക് എത്തുന്നില്ല. തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക രംഗത്ത് പ്രയോജനപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യങ്ങളുയര്‍ന്നു. റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കും.
deshabhimani 141111
വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞു.വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ കടക്കെണിമൂലമെന്ന് കഴിഞ്ഞ ഒമ്പതിനു തന്നെ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചാണ് കര്‍ഷക ആത്മഹത്യ കടബാധ്യതകൊണ്ടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇക്കാര്യത്തില്‍ വയനാട് ഡിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ അതേപടി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ReplyDelete