Sunday, November 20, 2011

സര്‍ക്കാരിന്റെ ചെയ്തികള്‍ പിറവത്ത് തിരിച്ചടിയാകും: സുധീരന്‍

ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനം നല്‍കിയതും മദ്യനയവും പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . പാര്‍ടിവേദികളില്‍ പറഞ്ഞിട്ട് ഫലമില്ലെന്ന് കണ്ടതിനാലാണ് പരസ്യവിമര്‍ശനം-വാര്‍ത്താലേഖകരോട് സുധീരന്‍ പറഞ്ഞു.

തച്ചങ്കരിയുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരിന്റെ നയഏകോപനസമിതിയുടെ ആദ്യയോഗം ചര്‍ച്ച ചെയ്തതാണ്. നിയമനം നല്‍കരുതെന്നാണ് എല്ലാ നേതാക്കളും പറഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ സാങ്കേതികത്വമോ നിയമപ്രശ്നമോ ഊന്നിയാകരുത് തീരുമാനം. സര്‍ക്കാരിനാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയാണ്. ട്രാക്ക് റെക്കോഡ് തെറ്റായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നുവെന്ന തെറ്റായ സന്ദേശമാണ് തച്ചങ്കരി നിയമനം ജനങ്ങള്‍ക്ക് നല്‍കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. മദ്യനയത്തില്‍ ഉടന്‍ തിരുത്തലാണാവശ്യം. മന്ത്രി കെ ബാബു പറയുന്നത് ഉപസമിതി റിപ്പോര്‍ട്ട് കിട്ടിയശേഷം പരിശോധിക്കാമെന്നാണ്. ത്രീസ്റ്റാര്‍ വിപ്ലവം അരങ്ങേറാനാണ് ഈ സാഹചര്യം വഴിയൊരുക്കുക. നേതാക്കള്‍ സ്വയം നിയന്തണം പാലിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തിന് പ്രതികരണമായി "പാര്‍ടിവേദികളില്‍ ചര്‍ച്ചചെയ്തശേഷമേ താന്‍ പുറത്ത് അഭിപ്രായം പ്രകടിപ്പിക്കാറുള്ളൂവെന്നും നിയന്ത്രണവും ഔചിത്യവും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും" സുധീരന്‍ പറഞ്ഞു.

മദ്യനയം മാറ്റണമെന്ന് ലീഗും

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മാറ്റണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. ആവശ്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ്ബഷീറും കെ പി എ മജീദും പറഞ്ഞു. ഇപ്പോഴത്തെ നയം മദ്യവ്യാപനം തടയാന്‍ ഫലപ്രദമല്ല. ടൂറിസത്തിന്റെ പേരില്‍ മദ്യവില്‍പന പ്രോല്‍സാഹിപ്പിക്കനും ബാര്‍ ലൈസന്‍സ് അനുവദിക്കാനും പാടില്ല. അഞ്ചാംമന്ത്രിപദം ലീഗിന് ഉറപ്പാണെന്ന് പറഞ്ഞ നേതാക്കള്‍ ഇതിനുള്ള കാലയളവ് വ്യക്തമാക്കാനാവില്ലെന്നും പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തകസമിതിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പിറവം വിധിയെഴുതും: പിണറായി

ചെമ്പ്: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും പിറവത്തുണ്ടാകുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിറവത്തെ ജനങ്ങള്‍ എന്താണ് സമ്മാനിക്കുകയെന്ന് യുഡിഎഫിന് നല്ല നിശ്ചയമുണ്ട്. അതിന്റെ വെപ്രാളവും യുഡിഎഫില്‍ തുടങ്ങിക്കഴിഞ്ഞു. സിപിഐ എം ചെമ്പ് ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരം (ഇഎംഎസ് മന്ദിരം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളില്‍ നിന്നും യുഡിഎഫ് തീര്‍ത്തും ഒറ്റപ്പെട്ടു. യുഡിഎഫിനെതിരെയുള്ള കേരളത്തിന്റെ പൊതു വികാരപ്രകടനമാകും പിറവത്തുണ്ടാകുക. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൂര്‍ണ പരാജയമായി യുഡിഎഫ് സര്‍ക്കാര്‍ മാറി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ അയ്യായിരം കോടിയില്‍പ്പരം രൂപയുടെ ക്ഷേമപദ്ധതികളാണ് യുഡിഎഫ് അട്ടിമറിച്ചത്. ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കിയതിനോടൊപ്പം കൂടുതല്‍ ഭാരം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതുവഴി വീണ്ടും നാട്ടില്‍ കര്‍ഷക ആത്മഹത്യയ്ക്ക് തുടക്കം കുറിക്കാനാണ് സര്‍ക്കാര്‍ നടപടി ഇടയാക്കിയത്. തങ്ങളെ സഹായിക്കാന്‍ ആരും ഇല്ലെന്ന തോന്നലാണ് കര്‍ഷകര്‍ക്ക് ഇന്നുള്ളത്. എല്‍ഡിഎഫ് നടപ്പാക്കിയ കര്‍ഷക കടാശ്വാസ കമീഷന്റെ പ്രവര്‍ത്തനം ഇല്ലാതാക്കി. സംസ്ഥാനത്തെ നിയമവാഴ്ചയും തകര്‍ന്നു. കോടതിക്കെതിരെയും ന്യായാധിപന്മാര്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചീഫ്വിപ്പ് പെരുമാറിയത്. ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും കേസ് വാദിക്കുന്നതില്‍ നിന്നുതന്നെ പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് സംസ്ഥാനത്തും യുഡിഎഫ് നടപ്പാക്കുന്നത്. ഇതിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും പിണറായി പറഞ്ഞു.

deshabhimani 201111

1 comment:

  1. ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനം നല്‍കിയതും മദ്യനയവും പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ . പാര്‍ടിവേദികളില്‍ പറഞ്ഞിട്ട് ഫലമില്ലെന്ന് കണ്ടതിനാലാണ് പരസ്യവിമര്‍ശനം-വാര്‍ത്താലേഖകരോട് സുധീരന്‍ പറഞ്ഞു.

    ReplyDelete