Tuesday, November 1, 2011

പലസ്തീന് യുനെസ്കോ അംഗത്വം

പാരീസ്: സ്വതന്ത്ര രാഷ്ട്രപദവിക്കും ഐക്യരാഷ്ട്ര സംഘടനയില്‍ പൂര്‍ണ അംഗത്വത്തിനും അപേക്ഷ നല്‍കിയ പലസ്തീന് യുഎന്നിന്റെ സാംസ്കാരിക-വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്കോയില്‍ അംഗത്വം. തിങ്കളാഴ്ച യുനെസ്കോ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ അമേരിക്കന്‍ ഭീഷണി തള്ളിയാണ് ഭൂരിപക്ഷം രാഷ്ട്രങ്ങളും പലസ്തീനെ പുതിയ അംഗമായി തെരഞ്ഞെടുത്തത്. പലസ്തീന് അംഗത്വം നല്‍കിയാല്‍ യുനെസ്കോയ്ക്ക് വാര്‍ഷിക സാമ്പത്തിക സഹായമായി എട്ടു കോടി ഡോളര്‍ നല്‍കിവരുന്നത് നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. യുനെസ്കോയുടെ ഫണ്ടില്‍ 22 ശതമാനവും നല്‍കുന്നത് അമേരിക്കയാണ്.

അമേരിക്ക, ജര്‍മനി, കനഡ തുടങ്ങി 14 രാജ്യം പലസ്തീന് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ, റഷ്യ, ചൈന, ക്യൂബ, ബ്രസീല്‍ , ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ് തുടങ്ങി 107 രാജ്യം അനുകൂലിച്ച് വോട്ട് ചെയ്തു. ബ്രിട്ടനടക്കം 52 രാജ്യം വിട്ടുനിന്നു. യുനെസ്കോ യോഗത്തില്‍ സന്നിഹിതരായ 173 രാഷ്ട്രങ്ങളുടെ പ്രതിനിധികളില്‍ 81 വോട്ടാണ് പലസ്തീന് അംഗത്വത്തിന് വേണ്ടിയിരുന്നത്.

പലസ്തീന് യുനെസ്കോ അംഗത്വം നല്‍കിയത് ഒരു ദുരന്തമാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. അപക്വവും വിപരീതഫലമുളവാക്കുന്നതുമായ നടപടിയായിരിക്കും അംഗത്വം നല്‍കുന്നതെന്ന് അമേരിക്ക നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍ ഗാസയില്‍ മൂന്നാം ദിവസവും തുടര്‍ന്ന വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടു. മൂന്നു ദിവസത്തിനിടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 12 ആയി. ഒരു ഇസ്രയേലുകാരന്‍ പലസ്തീന്‍ പോരാളികളുടെ പ്രത്യാക്രമണത്തില്‍ മരിച്ചിരുന്നു. ഇസ്രയേലിനോട് പരമാവധി സംയമനം പാലിക്കാന്‍ അഭ്യര്‍ഥിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പലസ്തീന്‍ പോരാളികളുടെ റോക്കറ്റാക്രമണങ്ങളെ അപലപിച്ചു. എന്നാല്‍ , 12 പേരെ കൊന്ന ഇസ്രയേലി വ്യോമാക്രമണത്തെ അപലപിക്കാന്‍ മൂണ്‍ തയ്യാറായില്ല.

പലസ്തീന് അംഗത്വം: യുനെസ്കോക്കുള്ള സഹായം അമേരിക്ക നിര്‍ത്തി

വാഷിങ്ങ്ടണ്‍ : പാലസ്തീന് പൂര്‍ണ്ണ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് അമേരിക്ക അന്താരാഷ്ട്ര ഏജന്‍സിയായ യുനെസ്കോക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തി. ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സമിതികളില്‍ വോട്ടവകാശമുള്ള പൂര്‍ണ്ണഅംഗത്വം നല്‍കുന്നതിനെതിരെ നേരത്തെ തന്നെ അമേരിക്ക രംഗത്തുവന്നു. രണ്ടു വര്‍ഷത്തേക്കാണ് സഹായങ്ങള്‍ വിലക്കിയത്. നവംബറില്‍ നല്‍കാന്‍ നിശ്ചയിച്ച 60 ദശലക്ഷം കോടി ഡോളര്‍ നല്‍കില്ലെന്ന് അമേരിക്കന്‍ വക്താവ് വിക്ടോറിയ നൗലന്റ് വാര്‍ത്താലേഖകരോട് പറഞ്ഞു. അമേരിക്കയുടെ അടുത്ത കക്ഷിയും പാലസ്തീന്‍ രാഷ്ട്രത്തിന്റെ മുഖ്യ എതിരാളിയുമായ ഇസ്രയേലിന്റെ താല്‍പര്യത്തിനനുസരിച്ച് 1990 മുതല്‍ തന്നെ അമേരിക്ക പാലസ്തീനുള്ള ഐക്യരാഷ്ടസംഘടന ഏജന്‍സികളുടെ സഹായം തടഞ്ഞതാണ്. യുനസ്കോയുടെ ഫണ്ടില്‍ 22 ശതമാനവും അമേരിക്കയാണ് നല്‍കുന്നത്. പ്രതിവര്‍ഷം നല്‍കിയിരുന്ന 80 ദശലക്ഷം കോടിയില്‍ നിന്നാണ് നവംബറിലെ വിഹിതം വെട്ടിക്കുറച്ചത്.

deshabhimani 011111

2 comments:

  1. സ്വതന്ത്ര രാഷ്ട്രപദവിക്കും ഐക്യരാഷ്ട്ര സംഘടനയില്‍ പൂര്‍ണ അംഗത്വത്തിനും അപേക്ഷ നല്‍കിയ പലസ്തീന് യുഎന്നിന്റെ സാംസ്കാരിക-വിദ്യാഭ്യാസ ഏജന്‍സിയായ യുനെസ്കോയില്‍ അംഗത്വം. തിങ്കളാഴ്ച യുനെസ്കോ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ അമേരിക്കന്‍ ഭീഷണി തള്ളിയാണ് ഭൂരിപക്ഷം രാഷ്ട്രങ്ങളും പലസ്തീനെ പുതിയ അംഗമായി തെരഞ്ഞെടുത്തത്. പലസ്തീന് അംഗത്വം നല്‍കിയാല്‍ യുനെസ്കോയ്ക്ക് വാര്‍ഷിക സാമ്പത്തിക സഹായമായി എട്ടു കോടി ഡോളര്‍ നല്‍കിവരുന്നത് നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. യുനെസ്കോയുടെ ഫണ്ടില്‍ 22 ശതമാനവും നല്‍കുന്നത് അമേരിക്കയാണ്

    ReplyDelete
  2. അമേരിക്ക സാമ്പത്തികസഹായം നിര്‍ത്തിയതോടെ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുനസ്കോയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പലസ്തീന് സ്ഥിരാംഗത്വം നല്‍കിയതിന്റെ പേരില്‍ അമേരിക്ക യുനസ്കോക്ക് നല്‍കിവന്ന സഹായങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങളവസാനിപ്പിക്കാന്‍ കാരണമായത്. ഈ വര്‍ഷം അവസാനം വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികളും വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന സാമ്പത്തികസഹായങ്ങളും ഇതോടെ മുടങ്ങി. 6.5 കോടി ഡോളറിന്റെ കുറവാണ് സംഘടന നേരിടുന്നതെന്ന് യുനസ്കോ ഡയറക്ടര്‍ ജനറല്‍ ഇറീന ബൊകോവ അറിയിച്ചു. അമേരിക്കയുടെ സഹായമില്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്നും അവര്‍ പറഞ്ഞു. വര്‍ഷാവസാനമാണ് അമേരിക്ക സാധാരണ പണം കൈമാറുന്നത്. മുന്നറിയിപ്പില്ലാതെ വെട്ടിക്കുറച്ചതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു. ഇസ്രയേലും യുനസ്കോ ഫണ്ട് നിര്‍ത്തി.

    ReplyDelete