Saturday, November 5, 2011

സഭ പിരിഞ്ഞു, ഇനി പിറവത്തുകാണാം...

പിറവത്ത് കാണാന്‍ പോകുന്ന പൂരം വാക്കുകളില്‍ ഒതുങ്ങില്ലെന്ന് തീര്‍ച്ച. കോടിയേരി ബാലകൃഷ്ണനാണ് ആദ്യവെടിയുതിര്‍ത്തത്. "ഞങ്ങള്‍ അഭിമാനപൂര്‍വം പിറവത്തേക്ക് പോവുകയാണ്. അവിടെ കാണാം". കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള നിയോഗം മന്ത്രി കെ എം മാണിക്കായിരുന്നു. "പിറവത്തെ കുരുക്ഷേത്രത്തില്‍ ഞങ്ങള്‍ കാണിച്ചുതരാം." ഇരുപക്ഷവും കച്ചമുറുക്കി പടകാഹളം മുഴക്കി സഭയുടെ പടിയിറങ്ങി.

പെട്രോള്‍ വിലവര്‍ധനയെക്കുറിച്ച് അടിയന്തര പ്രമേയ ചര്‍ച്ച, ധനഉത്തരവാദിത്ത ബില്‍ , ധനവിനിയോഗ ബില്‍ , ശിക്ഷാ ഇളവ് നല്‍കിയതിനെതിരെ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്... പതിമൂന്നാം സഭയുടെ രണ്ടാം സമ്മേളനത്തിന് കൊടിയിറങ്ങിയത് സക്രിയമായ സഭാദിനം സമ്മാനിച്ചാണ്. പെട്രോള്‍ വിലവര്‍ധനയില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ പ്രമേയം സഭ ഏകകണ്ഠമായാണ് അംഗീകരിച്ചത്. ധനഉത്തരവാദിത്ത ബില്‍ , ധനവിനിയോഗ ബില്‍ എന്നിവയിന്മേല്‍ നടന്ന വോട്ടെടുപ്പ് ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും കഷ്ടിച്ച് പാസാക്കിയെടുത്തു. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം ഉപക്ഷേപത്തിലൂടെ ഉന്നയിച്ചത്. പെട്രോള്‍ വിലവര്‍ധന സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേരാന്‍ തീരുമാനിച്ചു.

ക്രൂഡ് ഓയില്‍ വിലയുടെ പേരില്‍ പെട്രോള്‍വില വര്‍ധിപ്പിച്ച നടപടി ജനങ്ങളെ കൊള്ളയടിക്കലാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാര്‍ 16 തവണയാണ് വില വര്‍ധിപ്പിച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് ഇഷ്ടംപോലെ വില നിശ്ചയിക്കുന്നതിന് കേന്ദ്രം പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡീസലിന് വില കൂട്ടിയില്ലെന്ന ആശ്വാസമാണ് വി ഡി സതീശന്. കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് തീവെട്ടിക്കൊള്ള നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നതായി എസ് ശര്‍മ ചൂണ്ടിക്കാട്ടി. പണ്ട് ഒരു പിടി പണവുമായി ചന്തയില്‍ പോയാല്‍ ഒരു ചാക്ക് സാധനം കിട്ടുമായിരുന്നു. ഇന്ന് മറിച്ചാണ് സ്ഥിതിയെന്ന് ശര്‍മ. കുംഭകോണംവഴി നഷ്ടമായ തുകയുണ്ടെങ്കില്‍ പെട്രോളിന് വില വര്‍ധിപ്പിക്കേണ്ടിവരില്ലെന്ന് എളമരം കരീം വ്യക്തമാക്കി. റിലയന്‍സിന് സൗകര്യം ചെയ്തുകൊടുത്തത് കഴിഞ്ഞ സര്‍ക്കാരാണെന്ന വാദമാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി ഉയര്‍ത്തിയത്. വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതിനോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോജിച്ചു. പക്ഷേ, വിലവര്‍ധന അനിവാര്യമാണെന്ന നിലപാടിലായിരുന്നു അദ്ദേഹം. വിലവര്‍ധനയക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി ദിവാകരനും രംഗത്തെത്തി. തോമസ് ഉണ്ണിയാടന്‍ , എന്‍ ഷംസുദീന്‍ , സി കെ നാണു, എ എ അസീസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പെട്രോള്‍ വിലവര്‍ധന വഴിയുള്ള അധിക നികുതി ഒഴിവാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വില നിയന്ത്രണാധികാരം കേന്ദ്രം ഏറ്റെടുക്കണമെന്ന പ്രമേയം അദ്ദേഹം അവതരിപ്പിച്ചപ്പോള്‍ വര്‍ധിപ്പിച്ച തുക പിന്‍വലിക്കണമെന്ന ഭേദഗതി കോടിയേരി നിര്‍ദേശിച്ചു. ഭേദഗതി വോട്ടിനിട്ട് തള്ളിയെങ്കിലും പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തില്ല. ധനസംബന്ധമായ ഉത്തരവാദിത്ത ബില്ലിന്മേല്‍ ചര്‍ച്ച തുടങ്ങിയ തോമസ് ഐസക് മന്ത്രി മാണിയുടെ വാദഗതികളെ അരിഞ്ഞുവീഴ്ത്തി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ധവളപത്രം ഇറക്കിയതിനെ വിമര്‍ശിച്ച ഐസക് "നാല് മാസംകൊണ്ട് പ്രതിസന്ധി ആവിയായിപ്പോയോയെന്ന്" ആരാഞ്ഞു. മന്ത്രി യുഡിഎഫുകാരെ പറഞ്ഞുപറ്റിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കര്‍ഷക ആത്മഹത്യ സര്‍ക്കാരിന്റെ നയം മാറിയതിന് തെളിവാണെന്ന് മുല്ലക്കര രത്നാകരന്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രി പുറത്തിറക്കിയ ധവളപത്രത്തെ "തവള പത്രം" എന്ന് വിശേഷിപ്പിക്കാനാണ് വി ചെന്താമരാക്ഷന് ഇഷ്ടം. ഗണേശനും പി സി ജോര്‍ജിനും നല്ല തല്ല് കൊടുത്ത് വളര്‍ത്തിയിരുന്നെങ്കില്‍ പത്തനാപുരം പ്രസംഗം നടത്തുമായിരുന്നില്ലെന്ന് അയിഷ പോറ്റിക്ക് ഉറപ്പ്. ഇരുവരുടെയും അമ്മയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇമ്മാതിരി പ്രസംഗം നടത്തിയാല്‍ നല്ല തല്ല് കൊടുത്ത് വീട്ടിന് പുറത്ത് നിര്‍ത്തുമായിരുന്നെന്നും അയിഷ പോറ്റി പറഞ്ഞു. പൊളിറ്റിക്കല്‍ എത്തിക്സിന്റെ കുറവാണ് ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച തുടങ്ങിയ എം എ വാഹിദ് കണ്ടെത്തിയത്. 108 ആംബുലന്‍സ് വാങ്ങിയത് വലിയ ധൂര്‍ത്തായിപ്പോയെന്ന് എം ഉമ്മര്‍ നിരീക്ഷിച്ചു. പ്രസംഗിക്കുമ്പോള്‍ വാക്ക് ഉപയോഗിക്കുന്നതില്‍ എല്ലാവരും ആത്മനിയന്ത്രണം പാലിക്കണമെന്നാണ് ബെന്നി ബഹനാന്റെ നിലപാട്. പി സി ജോര്‍ജിനെയും ഗണേശനെയുമാണ് ബഹനാന്‍ ഉദ്ദേശിച്ചതെന്ന് കോടിയേരി. കോണ്‍ഗ്രസില്‍ നല്ല ഭാവിയുള്ള "ചെറുപ്പക്കാരനെയാണ്" ബെന്നി ബഹനാനില്‍ കോടിയേരി ദര്‍ശിച്ചത്. പക്ഷേ, ബെന്നി ചെറുപ്പക്കാരനല്ലെന്ന് കോണ്‍ഗ്രസുകാര്‍തന്നെ തിരുത്തി. കോടിയേരിയുടെ പരാമര്‍ശം രേഖയില്‍നിന്ന് നീക്കണോയെന്ന് സ്പീക്കര്‍ ആരാഞ്ഞു.

കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് ധൃതരാഷ്ട്രാലിംഗനത്തിന് വിധേയമായിരിക്കുകയാണെന്ന് കോടിയേരി. 1977ല്‍ 20 എംഎല്‍എമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒമ്പതായി. ഉപ്പുവച്ച കലംപോലെയാണ് കേരള കോണ്‍ഗ്രസിന്റെ അവസ്ഥ. ലീഗിന് കേന്ദ്രമന്ത്രി. മാണിയുടെ മകന് ചവിട്ടുംകുത്തും. എന്നിട്ടും മാണി കേന്ദ്രനയത്തെ മുറുകെ പിടിച്ചിരിക്കുന്നതിലാണ് കോടിയേരി അത്ഭുതംകൂറിയത്. കോടിയേരിക്ക് ഇത്രയും സ്നേഹമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് കെ എം മാണി. ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ നമുക്ക് സര്‍വകക്ഷി ഡെലിഗേഷന്‍ പോകാമെന്നായി മാണി. ആ പൂതി മനസ്സിലിരിക്കട്ടെയെന്ന് കോടിയേരി തിരിച്ചടിച്ചു. പതിമൂന്നാം സഭയുടെ രണ്ടാം സമ്മേളനം 25 ദിവസമാണ് നീണ്ടുനിന്നത്. മന്ത്രി ടി എം ജേക്കബ്ബിന്റെ വിയോഗം സഭയുടെ വേദനയായി. സമ്മേളനം വിജയിപ്പിച്ചതിന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നന്ദി അറിയിച്ചു. അംഗങ്ങള്‍ക്ക് അദ്ദേഹം നന്മയും പുതുവത്സരാംശസകളും നേര്‍ന്നു.
(കെ ശ്രീകണ്ഠന്‍)

വില നിയന്ത്രണാധികാരം കേന്ദ്രം തിരിച്ചെടുക്കണം: നിയമസഭ

എണ്ണവില നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാരില്‍ നില നിര്‍ത്തണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. വിലക്കയറ്റത്തിന് വഴിവച്ച് പെട്രോള്‍വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്ന നടപടിയില്‍ സഭ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. പെട്രോള്‍വില 1.82 രൂപ വര്‍ധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളായ തോമസ് ഐസക്, സി ദിവാകരന്‍ എന്നിവര്‍ അവതരിപ്പിച്ച പ്രമേയം ഭരണപക്ഷഎതിര്‍പ്പിനെത്തുടര്‍ന്ന് വോട്ടിനിട്ടു തള്ളി. വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭേദഗതിയും തള്ളി.

പെട്രോള്‍വില വീണ്ടും കുത്തനെ ഉയര്‍ത്തിയ നടപടിക്കെതിരെ വെള്ളിയാഴ്ച സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. ഉച്ചകഴിഞ്ഞ് പ്രമേയം ചര്‍ച്ചക്കെടുത്തു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പതിനാറ് തവണ പെട്രോള്‍ , വില വര്‍ധിപ്പിച്ചതായി പ്രമേയം അവതരിപ്പിച്ച തോമസ് ഐസക് പറഞ്ഞു. റിലയന്‍സ് പോലെയുള്ള കുത്തകകള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ് വില വര്‍ധനയ്ക്ക് കേന്ദ്രം അനുമതി നല്‍കിയത്. ക്രൂഡോയില്‍ വിലയുടെയും രൂപയുടെ മൂല്യത്തിന്റെയും പേരില്‍ കള്ളപ്രചാരണം നടത്തി വിലവര്‍ധനയെ ന്യായീകരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് കള്ളമാണ്. 40,000 കോടിയാണ് കമ്പനികളുടെ ലാഭം. നികുതിയിനത്തില്‍ ഇതുവഴി കേന്ദ്രത്തിന് അഞ്ച് ലക്ഷം കോടിയിലധികമാണ് ലഭിച്ചത്. വിലനിയന്ത്രണാവകാശം കമ്പനികള്‍ക്ക് നല്‍കുക വഴി മാസംതോറും വില കയറുന്ന അവസ്ഥയാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ദ്രോഹത്തിനെതിരെ ജനങ്ങള്‍ സ്വമേധയാ രംഗത്തു വരികയാണെന്നും ഐസക് പറഞ്ഞു.

അഞ്ചു രൂപ പോക്കറ്റടിച്ചശേഷം ഒരു രൂപ മടക്കിക്കൊടുക്കുന്ന രീതിയാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് എസ് ശര്‍മ പറഞ്ഞു. അയല്‍രാജ്യങ്ങളിലെല്ലാം പെട്രോള്‍ , ഡീസല്‍ വില ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് എളമരം കരീം പറഞ്ഞു. യുപിഎ ഭരണത്തില്‍ ഇന്ധനവില ആയിരം ശതമാനത്തിലേറെയാണ് വര്‍ധിപ്പിച്ചതെന്നും കരീം ചൂണ്ടിക്കാട്ടി. ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാല്‍ ചില ഇഷ്ടമില്ലാത്ത തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് എടുക്കേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോള്‍ വിലവര്‍ധന ജനങ്ങള്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കിയതായി മന്ത്രി കെ എം മാണി പറഞ്ഞു. വില നിര്‍ണയാവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്നതാണ് തന്റെ സര്‍ക്കാര്‍നയമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എ എ അസീസ്, എ കെ ശശീന്ദ്രന്‍ , ജമീലാപ്രകാശം, തോമസ് ഉണ്ണിയാടന്‍ , എ ഷംസുദീന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പെട്രോള്‍ വില: ഉത്തരംമുട്ടി ഭരണപക്ഷം

പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും ശ്രമം. പെട്രോള്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസില്‍ നടന്ന ചര്‍ച്ചയിലാണ് ഭരണപക്ഷത്തിന്റെ നിലപാട് തെളിഞ്ഞത്. ഭരണപക്ഷത്തിന്റെ ഇരട്ടത്താപ്പ് പ്രകടമാക്കുന്നതായിരുന്നു ചര്‍ച്ച. അധികാരത്തിലിരിക്കുമ്പോള്‍ ചില അപ്രിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നായിരുന്നു പെട്രോള്‍ വില വര്‍ധനവിനെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ ഒരു മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. അതിനെ അനുകൂലിക്കണമെന്ന് താന്‍ പറയില്ല. എന്നാല്‍ , വില വര്‍ധനവിനെ രാഷ്ട്രീയമായി കണ്ട് എതിര്‍ക്കുന്ന പ്രതിപക്ഷ നിലപാടിനോട് യോജിക്കാനാകില്ല. വരാന്‍ പോകുന്ന സമരങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദമുണ്ടാകുമെന്നും ഇഷ്ടമില്ലാത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല ചര്‍ച്ചയില്‍ പറഞ്ഞു. വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചെന്നിത്തില പറഞ്ഞു. എണ്ണ വില വര്‍ധിപ്പിക്കാന്‍ പറ്റില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് എടുക്കാനാകില്ലെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. നയപരമായ പ്രശ്നമല്ലിത്. വര്‍ധനവ് നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും മാണി പറഞ്ഞു.

deshabhimani 051111

2 comments:

  1. പിറവത്ത് കാണാന്‍ പോകുന്ന പൂരം വാക്കുകളില്‍ ഒതുങ്ങില്ലെന്ന് തീര്‍ച്ച. കോടിയേരി ബാലകൃഷ്ണനാണ് ആദ്യവെടിയുതിര്‍ത്തത്. "ഞങ്ങള്‍ അഭിമാനപൂര്‍വം പിറവത്തേക്ക് പോവുകയാണ്. അവിടെ കാണാം". കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള നിയോഗം മന്ത്രി കെ എം മാണിക്കായിരുന്നു. "പിറവത്തെ കുരുക്ഷേത്രത്തില്‍ ഞങ്ങള്‍ കാണിച്ചുതരാം." ഇരുപക്ഷവും കച്ചമുറുക്കി പടകാഹളം മുഴക്കി സഭയുടെ പടിയിറങ്ങി.

    ReplyDelete
  2. https://www.facebook.com/MJ.Jacob.Piravam

    ReplyDelete