Monday, December 12, 2011

ഔഷധ ബോര്‍ഡ് നോക്കുകുത്തി; കോടികള്‍ പാഴാകുന്നു

കൊച്ചി: ഔഷധസസ്യങ്ങള്‍ സംരക്ഷിക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള ഔഷധസസ്യബോര്‍ഡ് നോക്കുകുത്തിയാകുന്നു. വംശനാശഭീഷണി നേരിടുന്ന അമൂല്യമായ പല പച്ചമരുന്നുകളും ഇതുമൂലം സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്. ബോര്‍ഡിന്റെ മറവില്‍ കോടികള്‍ ചെലവഴിക്കുമ്പോഴാണിത്. ദേശീയ ഔഷധസസ്യബോര്‍ഡിനു കീഴില്‍ 2001 ആഗസ്തില്‍ നിലവില്‍വന്ന സംസ്ഥാന ഔഷധസസ്യബോര്‍ഡിന് 2010-11 സാമ്പത്തികവര്‍ഷം ലഭിച്ചത് 1.28 കോടി രൂപയാണെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ , ഈ തുക സര്‍ക്കാര്‍ -സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിനും ഔഷധസസ്യോദ്യാനം നിര്‍മിക്കുന്നതിനുമായാണ് ചെലവഴിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ആലങ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ മുടക്കുമ്പോഴും ഔഷധകൃഷിക്കുനേരെ ഇവര്‍ കണ്ണടയ്ക്കുന്നു. ഔഷധവ്യവസായത്തിന് തുണയാകുംവിധം ഔഷധസസ്യക്കൃഷിക്ക് സഹായം നല്‍കാനോ കൃഷി മെച്ചപ്പെടുത്താനോ ഒരു നടപടിയും ബോര്‍ഡിന്റെ ഭാഗത്തുനിന്നില്ല. ധനസഹായമോ സാങ്കേതികസഹായമോ നല്‍കാനും തയ്യാറാകുന്നില്ല.

അമൂല്യമായ പല പച്ചമരുന്നുകള്‍ക്കും സംസ്ഥാനത്ത് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലതും വംശനാശഭീഷണിയിലുമാണ്. ഓരില, മൂവില, പയ്യാനി, കാതിരിവേര്, കുമിഴ്, കൂവളം, കണ്ടഹാരി, കുറുന്തോട്ടി, കൊടുത്തൂവ തുടങ്ങിയവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ദശപുഷ്പങ്ങളായ പൂവാംകുരുന്നില, പവിഴപുല്ല്, വള്ളി ഉഴിഞ്ഞ, വിഷ്ണുകാന്തി, മുയല്‍ചെവിയന്‍ , നിലപ്പന, തിരുതാളി, ചെറൂള, കൈയോന്നി, മുക്കുറ്റി എന്നിയവയില്‍ പലതും സംരക്ഷണമില്ലാതെ നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു. ഇക്കാര്യത്തില്‍ ഇനിയും ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ബോര്‍ഡിനു കഴിയുന്നില്ല. ഔഷധമൂല്യമേറിയ ഗോമൂത്രംപോലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദേശങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നു. ലിറ്ററിന് 30 രൂപ നിരക്കില്‍ ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് ഇവ കടല്‍കടക്കുന്നത്. ഇവിടെ അതിനും നടപടിയില്ല.

കൊച്ചി കേന്ദ്രീകരിച്ച് ചില കയറ്റുമതി ഏജന്‍സികള്‍ ആരോഗ്യപ്പച്ചപോലുള്ള മരുന്നുകള്‍ കയറ്റുമതിചെയ്യുന്നുണ്ട്. പാട്ടത്തിനെടുത്ത സ്ഥലങ്ങളിലെ ഔഷധക്കൃഷിപോലും മറ്റു സംസ്ഥാനങ്ങളിലെ ബോര്‍ഡ് പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇവിടെ അധികൃതര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് ഈ മേഖലയിലുള്ളവര്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളും സാധ്യതയും കണ്ടെത്തി പ്രവര്‍ത്തിക്കാന്‍ ബോര്‍ഡിനാവുന്നില്ല. 2011-12 വര്‍ഷത്തെ പദ്ധതികള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കാനും ഇതുവരെ ബോര്‍ഡ് തയ്യാറായിട്ടില്ല. സംസ്ഥാന ബോര്‍ഡിന്റെ ഇത്തരം സമീപനങ്ങളില്‍ മാറ്റംവരുത്തണമെന്ന് കേരള ആയുര്‍വേദ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി കല്ലറ മോഹനദാസ് ആവശ്യപ്പെട്ടു. പച്ചമരുന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കൊപ്പം ശേഖരണം, സംഭരണം എന്നീ മേഖലയിലും ബോര്‍ഡ് ശ്രദ്ധയൂന്നണം. ചെറുകിടവ്യവസായ, തൊഴിലാളി പ്രതിനിധികളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ഷഫീഖ് അമരാവതി)

deshabhimani 121211

1 comment:

  1. ഔഷധസസ്യങ്ങള്‍ സംരക്ഷിക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള ഔഷധസസ്യബോര്‍ഡ് നോക്കുകുത്തിയാകുന്നു. വംശനാശഭീഷണി നേരിടുന്ന അമൂല്യമായ പല പച്ചമരുന്നുകളും ഇതുമൂലം സംരക്ഷണമില്ലാത്ത അവസ്ഥയിലാണ്. ബോര്‍ഡിന്റെ മറവില്‍ കോടികള്‍ ചെലവഴിക്കുമ്പോഴാണിത്. ദേശീയ ഔഷധസസ്യബോര്‍ഡിനു കീഴില്‍ 2001 ആഗസ്തില്‍ നിലവില്‍വന്ന സംസ്ഥാന ഔഷധസസ്യബോര്‍ഡിന് 2010-11 സാമ്പത്തികവര്‍ഷം ലഭിച്ചത് 1.28 കോടി രൂപയാണെന്ന് വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

    ReplyDelete