Sunday, December 4, 2011

മുല്ലപ്പെരിയാര്‍ : കേരളം ആവശ്യപ്പെടുന്നത്

ഈ വരികള്‍ എഴുതുന്നത്, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടുന്നതിന് ബന്ധപ്പെട്ടവരുടെയെല്ലാം അനുമതി ഉടനടി നേടിത്തരണമെന്ന അപേക്ഷയുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കാണാന്‍പോകുന്നു എന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ്. പുതിയ അണ എത്രയും വേഗം പണിയണമെന്ന കാര്യത്തില്‍ കേരളീയര്‍ രാഷ്ട്രീയ-ജാതി-മത-പ്രാദേശിക ഭേദമെന്യെ ഒറ്റക്കെട്ടാണ്. അതിനുവേണ്ടി ജനങ്ങളാകെ ഒറ്റക്കെട്ടായി ഒരേസ്വരത്തില്‍ തീരുമാനിച്ചിരിക്കുന്നു, കേന്ദ്രത്തോടും തമിഴ്നാട്ടിലെ ഗവണ്‍മെന്‍റിനോടും ജനങ്ങളോടും അതിനോട് യോജിക്കാന്‍ അഭ്യര്‍ഥിക്കുന്നു.

മുല്ലപ്പെരിയാറിലെ 116 വര്‍ഷം പഴക്കമുള്ള അണ ബലക്ഷയംമൂലം പൊട്ടിത്തകരുമോ എന്നാണ് ഭയം. അടുത്ത കാലത്തായി ചെറിയ തോതിലാണെങ്കിലും അടിക്കടി ഭൂകമ്പം അണക്കെട്ടിന്റെ ചുറ്റുമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ ഭയത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനുവദിച്ചിരിക്കുന്ന ഉയരത്തിന്റെ പരമാവധിയായ 136 അടിയിലേറെ വെള്ളം ഇപ്പോള്‍ ഉള്ളത് ഈ ഭയതീവ്രതയെ മൂര്‍ഛിപ്പിക്കുന്നു. ഏതെങ്കിലും കാരണത്താല്‍ അണ പൊട്ടിയാല്‍ ഇടുക്കി ജില്ലയില്‍ ജീവനും സ്വത്തിനും അത് വന്‍ നാശം വിതയ്ക്കും. ആ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്താണ് മുല്ലപ്പെരിയാര്‍ അണ. അതാണ് ആപത്തിന്റെ വ്യാപ്തിയും തീവ്രതയും വര്‍ധിപ്പിക്കുന്നത്. അതിലെ വെള്ളം പൊട്ടിയൊഴുകുന്നതിന്റെ ദിശ അനുസരിച്ച് ഇടുക്കിക്കു പുറമെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും നാശം വ്യാപകമായി ഉണ്ടാകും. ഇടുക്കി, ചെറുതോണി, കുളമാവ് അണകള്‍ ഇതുമൂലം തകരാന്‍ ഇടയായാല്‍ ഇടുക്കിക്കു പുറമെ കോട്ടയം, എറണാകുളം ജില്ലകളിലും വ്യാപകമായ ജീവന്‍ -സ്വത്ത് നാശങ്ങള്‍ ഉണ്ടാകും. ഈ വിപത്ത് ഉണ്ടാകും എന്നല്ല, ഉണ്ടാകാന്‍ നല്ല സാധ്യതയുണ്ട് എന്നേ കൃത്യമായി പറയാന്‍ കഴിയൂ. ഉണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം. ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ റിയാക്ടര്‍ സുനാമിമൂലം പൊട്ടിത്തകരാനുള്ള സാധ്യത ഒരു കോടിയിലോ പത്തു കോടിയിലോ ഒന്ന് ആയിരുന്നു. പക്ഷേ, അത് സംഭവിച്ചപ്പോള്‍ പ്രതിവിധികള്‍ പലതും ചെയ്യാന്‍ ജപ്പാന്‍ ഒരുങ്ങിയിരുന്നില്ല. ഇതാണ് മുല്ലപ്പെരിയാറിലെയും ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടാണ് ആപത്ത് ഒഴിവാക്കാന്‍ ഏറ്റവും നല്ലത് ഭൂകമ്പങ്ങളെക്കൂടി നേരിടാന്‍ കഴിയുന്ന തരത്തില്‍ പുതിയ അണക്കെട്ട് പണിയുകയാണ് എന്ന അഭിപ്രായത്തിലേക്ക് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പരിസ്ഥിതിവാദികളുമൊക്കെ എത്തിച്ചേര്‍ന്നത്.

ഇവിടെ ഒരു പ്രശ്നമുണ്ട്. കേരളത്തിനകത്ത്, ഇവിടെ മാത്രം ഒഴുകുന്ന നദിയിലെ വെള്ളം പൂര്‍ണമായി അയല്‍ സംസ്ഥാനത്തിനു കൊടുക്കാന്‍ സ്വാതന്ത്ര്യത്തിനുമുമ്പേ ഒരു കരാര്‍ ഉണ്ടാക്കപ്പെട്ടു. 41 വര്‍ഷം മുമ്പ് അത് പുതുക്കപ്പെട്ടു. കരാര്‍ അനുസരിച്ച് തമിഴ്നാടിന് അവകാശപ്പെടാവുന്നത് കിട്ടിക്കൊണ്ടിരിക്കുന്ന വെള്ളം തുടര്‍ന്നും കിട്ടണമെന്നാണ്. 999 വര്‍ഷത്തേക്കുള്ളതാണ് കരാര്‍ . ആ കാലയളവ് മുഴുവന്‍ ഇപ്പോഴത്തെ അണതന്നെ നിലനിര്‍ത്തണമെന്ന് അവര്‍ക്ക് ആവശ്യപ്പെടാനാവില്ല. പ്രത്യേകിച്ച് അണക്കെട്ട് ദുര്‍ബലമായിരിക്കുമ്പോള്‍ . തിരുച്ചിക്കടുത്ത് കാവേരിയില്‍ നിരവധി നൂറ്റാണ്ടുകള്‍ക്കുമുമ്പ് പണിത അണക്കെട്ട് കേടുകൂടാതെ നില്‍ക്കുമ്പേള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരും എന്ന കേരളത്തിെന്‍റ ഭീതി അടിസ്ഥാനരഹിതമാണ് എന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഈ രണ്ട് അണക്കെട്ടുകളും തമ്മില്‍ ഒരു സാമ്യവുമില്ല എന്നതാണ് അതിന് ഉത്തരം. പുതിയ അണക്കെട്ട് സ്വന്തം ചെലവില്‍ പണിയാന്‍ അനുവദിക്കണം എന്ന കേരളത്തിന്റെ അപേക്ഷ അംഗീകരിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ നല്‍കുന്നത്ര വെള്ളം തുടര്‍ന്നും കൊടുക്കുമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ കേരളം തയ്യാറാണ്. ഇപ്പോഴത്തെ അണക്കെട്ട് തമിഴ്നാട്ടിന്റെ നിയന്ത്രണത്തിലാണ്. പുതിയത് കേരളം പണിയുമ്പോള്‍ നിയന്ത്രണം കേരളത്തിനാകും. അക്കാരണത്താല്‍ ഇപ്പോള്‍ പുതിയ അണക്കെട്ട് ആവശ്യമില്ല എന്നു പറയാന്‍ തമിഴ്നാടിന് അവകാശമില്ല. അവിടെയാണ് കേന്ദ്രം ഇടപെടേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുചെയ്യാനുള്ള ഭരണഘടനാപരമായ ബാധ്യത സംസ്ഥാന ഗവണ്‍മെന്‍റിനു മാത്രമല്ല, കേന്ദ്രത്തിനുമുണ്ട്. അതുകൊണ്ട് പുതിയ അണക്കെട്ട് പണിയാന്‍ യഥാര്‍ത്ഥത്തില്‍ കേന്ദ്രമാണ് മുന്‍കയ്യെടുക്കേണ്ടത്. അല്ലെങ്കില്‍ അതില്‍ പങ്കാളിയാകുകയെങ്കിലും വേണം. അതില്‍ തീരുമാനമെടുക്കാന്‍ കാലതാമസം വരുന്നെങ്കില്‍ , കേന്ദ്രം സാമ്പത്തികമായി സഹകരിച്ചില്ലെങ്കിലും അനുമതി നല്‍കുകയെങ്കിലും വേണം എന്ന് കേരളം നിര്‍ദ്ദേശിച്ചത് ഒരു തീരുമാനം അടിയന്തിരമായി വേണ്ടതുകൊണ്ടാണ്.

ധാരാളം ജലം ഒഴുകുന്ന കേരളത്തിലെ പ്രധാന നദിയാണ് പെരിയാര്‍ . അത് കടലില്‍ ചെന്നുചേരുന്ന പ്രദേശത്താണ് കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രങ്ങള്‍ -കൊച്ചിയിലും ചുറ്റുവട്ടത്തും. അവയ്ക്ക് ആവശ്യമായ ജലത്തിെന്‍റ- വ്യവസായങ്ങള്‍ക്കു മാത്രമല്ല, അവയില്‍ പണിയെടുക്കുന്നവര്‍ക്കും-അളവ് ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. അതോടൊപ്പം ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് ശുദ്ധജലം നല്‍കുക മുതലായി പുതിയ ബാധ്യതകള്‍ വര്‍ധിച്ചുവരുന്നുമുണ്ട്. ഇത് കാണിക്കുന്നത്, 50 വര്‍ഷം മുമ്പ് കരുതിയിരുന്നതുപോലെ, കേരളത്തിന് മറ്റുള്ളവര്‍ക്ക് കൊടുക്കാനായി അധികജലം ഇല്ല എന്നാണ്. എങ്കിലും, നേരത്തെ ഏര്‍പ്പെട്ട ഒരു കരാര്‍ പാലിക്കണം എന്ന ബോധം ഉള്ളതുകൊണ്ടും തമിഴ്നാടിന്റെ മഴനിഴല്‍ (ജല ദുര്‍ലഭ)ജില്ലകളിലെ ജനങ്ങളുടെ ആവശ്യം നിറവേറ്റണമെന്ന ദേശീയ ബോധം ഉള്ളതുകൊണ്ടും ഇനിയും ആ ബാദ്ധ്യത നിറവേറ്റാം എന്ന് കേരളം സൗമനസ്യത്തോടെ പറയുന്നതിനെ തമിഴ്നാടോ കേന്ദ്രമോ ദൗര്‍ബല്യമായി കണ്ടുകൂട. അല്ലെങ്കില്‍ , ഈ പ്രശ്നം താനും തന്റെ ഗവണ്‍മെന്‍റും ഗൗരവത്തോടെയും അനുഭാവത്തോടെയും വീക്ഷിക്കുന്നു, പ്രശ്നം പരിഹരിക്കാന്‍ ഗവണ്‍മെന്‍റുമായി ഉടന്‍ ചര്‍ച്ചചെയ്യുന്നതാണ് എന്ന് പ്രധാനമന്ത്രി, തന്നെ വന്നു കണ്ട സംസ്ഥാനത്തെ എംപിമാരോട് പറയാത്തതെന്ത്? തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കിട്ടുന്ന വെള്ളത്തിന്റെ അളവില്‍ കുറവുവരുത്തില്ല എന്ന ഉറപ്പ് ലഭിക്കലല്ലേ പ്രധാനം? അത് നല്‍കപ്പെട്ടശേഷവും പുതിയ അണക്കെട്ട് ഉടനെ പണിയുന്നതിന് അവര്‍ തടസ്സം നില്‍ക്കുന്നെങ്കില്‍ അതിന് ഒറ്റക്കാരണമേയുള്ളു. കേരളത്തിനകത്തുള്ള ഒരു നദിയിലെ അണക്കെട്ടില്‍ പണ്ട് ഒരു പ്രത്യേക സാഹചര്യത്തില്‍ ലഭിച്ച നിയന്ത്രണം നിലനിര്‍ത്താന്‍ തമിഴ്നാട് ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നു. അതിെന്‍റ പേരില്‍ കേരളത്തിലെ ജനങ്ങള്‍ ആശങ്കപ്പെടുന്ന അണക്കെട്ടിന്റെ ഭദ്രതയെയും ജനങ്ങളുടെ സുരക്ഷിതത്വത്തെയും അവര്‍ അലസമായി വീക്ഷിക്കുന്നു. ഇങ്ങനെയൊരുആശങ്ക പരക്കുന്നത് ദൂരീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ചെയ്യേണ്ടത് പുതിയ അണക്കെട്ട് പണിയുന്നതിന് എത്രയുംവേഗം സമ്മതം നല്‍കലാണ്.

ഏതെങ്കിലും കാരണവശാല്‍ ഈ സമ്മതം ലഭിക്കാന്‍ കാലതാമസം നേരിടുന്നെങ്കില്‍ , കേരള ഗവണ്‍മെന്‍റ് ചെയ്യേണ്ടത് അണക്കെട്ട് സുരക്ഷിതത്വത്തിന്റെപേരില്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം നിയമസഭയെക്കൊണ്ട് ചെയ്യിക്കലാണ്. ആ നിയമം ഉടന്‍ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹകരണം തേടുകയും വേണം. അതിന് ആവശ്യമായ ഊര്‍ജ്ജസ്വലതയും ലക്ഷ്യബോധവും സംസ്ഥാന സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഇപ്പോള്‍ ജനങ്ങള്‍ക്കുള്ള ഉല്‍ക്കണ്ഠകള്‍ അതിശയോക്തിപരമാകാം. അവയ്ക്ക് ആധാരമായി ഉന്നയിക്കപ്പെടുന്ന വസ്തുതകളും വാദങ്ങളും പൂര്‍ണ്ണമായി യുക്തിസഹമാകണമെന്നില്ല. പക്ഷേ, മറ്റുള്ളവര്‍ക്ക് വെള്ളം നല്‍കാനായി സ്വന്തം തലയ്ക്കുമുകളില്‍ കെട്ടിവെച്ച ഇപ്പോഴത്തെ അണക്കെട്ടിന്റെ നിലനില്‍പില്‍ വിശ്വാസമില്ല, അത് തങ്ങള്‍തന്നെ ചെയ്തുകൊള്ളാം എന്ന് ഒരു ജനതയും അതിന്റെ ഗവണ്‍മെന്‍റും പറഞ്ഞാല്‍ അവരോട് വിശ്വാമിത്രനെയോ വീണവായിക്കുന്ന നീറോവിനെപ്പോലെയോ പെരുമാറാന്‍ ഒരു ജനാധിപത്യ ഗവണ്‍മെന്‍റിനും അവകാശമില്ല-അത് കേന്ദ്ര ഗവണ്‍മെന്‍റായാലും അയല്‍ സംസ്ഥാന ഗവണ്‍മെന്‍റായാലും ശരി. ജനാധിപത്യ മര്യാദകള്‍ പാലിക്കേണ്ടത് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഏത് ഗവണ്‍മെന്‍റിന്റെയും രാഷ്ട്രീയ പാര്‍ടിയുടെയും കടമയാണ്. അത് ചെയ്യാനാണ് കേരളം ആവശ്യപ്പെടുന്നത്.

chintha editorial 091211

1 comment:

  1. പുതിയ അണ എത്രയും വേഗം പണിയണമെന്ന കാര്യത്തില്‍ കേരളീയര്‍ രാഷ്ട്രീയ-ജാതി-മത-പ്രാദേശിക ഭേദമെന്യെ ഒറ്റക്കെട്ടാണ്. അതിനുവേണ്ടി ജനങ്ങളാകെ ഒറ്റക്കെട്ടായി ഒരേസ്വരത്തില്‍ തീരുമാനിച്ചിരിക്കുന്നു, കേന്ദ്രത്തോടും തമിഴ്നാട്ടിലെ ഗവണ്‍മെന്‍റിനോടും ജനങ്ങളോടും അതിനോട് യോജിക്കാന്‍ അഭ്യര്‍ഥിക്കുന്നു.

    ReplyDelete