സംസ്ഥാനത്ത് കോണ്‍ക്രീറ്റ് റോഡുകള്‍ വരുന്നു. ടാര്‍ ചെയ്ത റോഡുകള്‍ ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടിപ്പൊളിയുന്ന സാഹചര്യത്തിലാണ് പുതിയ ആശയത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് ചിന്തിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ടെക്‌നോളജിയിലൂടെ 25 കി മി ദൈര്‍ഘ്യമുള്ള റോഡാണ് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്. ഇത് സംബന്ധിച്ച് സിമന്റ്‌സ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ മുന്നോട്ടുവച്ച വാഗ്ദാനം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും സൗജന്യമായി 25 കി മി ദൈര്‍ഘ്യത്തിലുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ച് നല്‍കാമെന്ന അസോസിയേഷന്റെ വാഗ്ദാനം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞത് 25 വര്‍ഷത്തെ ഗ്യാരന്റിയാണ് ഈ റോഡുകള്‍ക്ക് പറയുന്നത്. റോഡുകള്‍ ടാര്‍ ചെയ്ത ഉടന്‍ തന്നെ പൊട്ടിപ്പൊളിയുന്നുവെന്ന പരാതി ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. പ്രധാനമായും വെള്ളം കെട്ടിനില്‍ക്കുന്നതാണ് റോഡുകള്‍ പൊട്ടിപ്പൊളിയുന്നതിന്റെ കാരണം. ടാറിന്റെ പ്രധാന ശത്രു വെള്ളം തന്നെയാണെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കവിഞ്ഞ വര്‍ഷം അവസാനത്തോടെ 1,700 കോടി രൂപയുടെ സഹായമാണ് റോഡ് വികസനത്തിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
പുതിയ കോണ്‍ക്രീറ്റ് റോഡുകള്‍ പഴയ റോഡിന് മുകളിലൂടെ ചെയ്ത് കഴിഞ്ഞാല്‍ അത് ഗതാഗതത്തിന് ഏതുതരത്തില്‍ ഗുണകരമാകുമെന്നതിനെ കുറിച്ച് ഉറപ്പ് നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ നിലവിലെ റോഡുകള്‍ നാല് ഇഞ്ച് താഴ്ചയില്‍ കുഴിച്ച ശേഷം ആറ് ഇഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് പുതിയ രീതി. സംസ്ഥാനത്തിന് ഏറ്റവും ഗുണകരമായ രീതിയാണിതെന്നാണ് നിര്‍മ്മാതാക്കളും, പൊതുമരാമത്ത് അധികൃതരും അവകാശപ്പെടുന്നത്. നിലവില്‍ പ്രധാനപ്പട്ട റോഡുകളുടെ വശങ്ങളിലെല്ലാം വെള്ളം ഒഴുകി പോകാനായി ഓടകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മിക്കവാറും എല്ലാ സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. മേല്‍ത്തരം ടാറാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍പോലും രണ്ട് മാസത്തില്‍ കൂടുതല്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ടാര്‍ പൊട്ടിപ്പൊളിയും.
ഗുണനിലവാരം കുറഞ്ഞ ടാര്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ വെള്ളം കെട്ടിനിന്ന് പിറ്റേന്ന് മുതല്‍ തന്നെ ടാര്‍ പൊട്ടിപ്പൊളിഞ്ഞ് തുടങ്ങും. ഇത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ടാര്‍ ചെയ്ത റോഡുകളുടെ കുറഞ്ഞ കാലാവധി 10 വര്‍ഷം ആയിരിക്കെ കോണ്‍ക്രീറ്റ് റോഡുകള്‍ 20 മുതല്‍ 25 വര്‍ഷം വരെ ഈടുനില്‍ക്കും. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതില്ലാത്തതിനാല്‍ ഇത് മൂലം ഉണ്ടാകുന്ന ഗതാഗത തടസങ്ങളും കുറയും. വെള്ളം, ഓയില്‍ തുടങ്ങിയവ മൂലം റോഡ് തകരാറിലാകുന്ന അവസ്ഥ കോണ്‍ക്രീറ്റ് റോഡില്‍ ഉണ്ടാകില്ല. ചരക്ക് വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ 15 മുതല്‍ 20 ശതമാനം വരെ ഇന്ധനവും ഈ റോഡുകളില്‍ ലാഭിക്കാന്‍ സാധിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായുള്ള ചിലവും 10 മുതല്‍ 15 ശതമാനം വരെ കണ്ട് കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതിയെക്കുറിച്ച് നേരില്‍ കണ്ട് കൂടുതല്‍ പഠനം നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഒരു സ്‌പെഷ്യല്‍ ടീം മുബൈക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
janayugom news
സംസ്ഥാനത്ത് കോണ്‍ക്രീറ്റ് റോഡുകള്‍ വരുന്നു. ടാര്‍ ചെയ്ത റോഡുകള്‍ ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടിപ്പൊളിയുന്ന സാഹചര്യത്തിലാണ് പുതിയ ആശയത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് ചിന്തിക്കുന്നത്.
ReplyDelete