Sunday, January 15, 2012

തദ്ദേശവാസികളെ ഒഴിവാക്കും ദേശീയപാത ടോള്‍ പിരിവ് 17ന് അര്‍ദ്ധരാത്രിമുതല്‍

അങ്കമാലി- മണ്ണുത്തി ദേശീയ പാതയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ ടോള്‍പിരിവ് ആരംഭിക്കും. ജില്ലാ അധികാരികളും ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുമായി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ആലുവയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ടോളില്‍ നിന്ന് തദ്ദേശവാസികളെ പൂര്‍ണമായി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചായത്തുകളേയും കോര്‍പറേഷന്‍ ഡിവിഷനുകളേയുമാണ് ഒഴിവാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളേയും ഒഴിവാക്കും.

കഴിഞ്ഞ ഡിസംബര്‍ ആദ്യം ഏകപക്ഷീയമായി ടോള്‍ പിരിവ് ആരംഭിച്ചെങ്കിലും സിപിഐ എം നേതൃത്വത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ടോള്‍ നിര്‍ത്തുകയായിരുന്നു. ദേശീയപാതയിലൂടെ പത്ത് കിലോ മീറ്റര്‍ ഓടുന്ന ലോക്കല്‍ ബസുകള്‍ക്ക് പ്രതിമാസം 525 രൂപയും 20 കി മീ ഓടുന്ന ബസുകള്‍ക്ക് 1050 രൂപയും ടോള്‍ നല്‍കണം. ഇരുചക്ര- മുച്ചക്ര വാഹനങ്ങളെ ടോളില്‍ നിന്ന് ഒഴിവാക്കി. ടോള്‍ പ്ലാസയ്ക്ക് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കുള്ള സൗജന്യ പാസ് ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിന് ആര്‍സി ബുക്കിന്റേയും വിലാസം തെളിയിക്കുന്ന രേഖയുടേയും പകര്‍പ്പ് പ്ലാസയില്‍ കൊണ്ടുവരണം. 29 ബസ്വേകളില്‍ 12 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവക്ക് സ്ഥലമെടുപ്പ് നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പുതുക്കാടും ചാലക്കുടിയിലും അണ്ടര്‍പാസ് നിര്‍മിക്കും. അതുവരെ സിഗ്നല്‍ സിസ്റ്റം നടപ്പാക്കും. പോട്ട ആശ്രമം ജങ്ഷനിലും കാരായംപറമ്പ് ജങ്ഷനിലും അണ്ടര്‍ പാസ് നിര്‍മിക്കണമെന്ന് കേന്ദ്രത്തെ അറിയിക്കും. 26 കിലോമീറ്ററില്‍ സര്‍വീസ് റോഡ് പുതുതായി നിര്‍മിക്കാന്‍ ദേശീയ പാത അതോറിറ്റിയെ അറിയിക്കും. പേരാമ്പ്ര ജങ്ഷനില്‍ പെഡസ്ട്രിയില്‍ അണ്ടര്‍ പാസ് വേണമെന്ന നിര്‍ദേശം നിലവിലുണ്ട്. കൊരട്ടി ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് ഏര്‍പ്പെടുത്തും.

ആലുവ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി ധനപാലന്‍ എംപി, പി സി ചാക്കോ എംപി, എംഎല്‍എമാരായ ബി ഡി ദേവസി, പ്രൊഫ. സി രവീന്ദ്രനാഥ്, തൃശൂര്‍ കലക്ടര്‍ പി എം ഫ്രാന്‍സിസ്, എസ്പി പി എച്ച് അഷറഫ്, ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani 150112

2 comments:

  1. അങ്കമാലി- മണ്ണുത്തി ദേശീയ പാതയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ ടോള്‍പിരിവ് ആരംഭിക്കും. ജില്ലാ അധികാരികളും ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുമായി പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ആലുവയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ടോളില്‍ നിന്ന് തദ്ദേശവാസികളെ പൂര്‍ണമായി ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള പഞ്ചായത്തുകളേയും കോര്‍പറേഷന്‍ ഡിവിഷനുകളേയുമാണ് ഒഴിവാക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളേയും ഒഴിവാക്കും

    ReplyDelete
  2. ഇടപ്പള്ളി-മണ്ണുത്തി റോഡില്‍ ആറു മാസത്തിനകം സര്‍വീസ് റോഡ് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വീസ് റോഡ് ടോള്‍ രഹിതമാക്കണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാത്തതിനാല്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞു. സമരം തുടരാനാണ് തീരുമാനം. സര്‍വീസ് റോഡ് ആറുമാസത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ ശേഷമേ ടോള്‍പിരിവ് ആരംഭിക്കുകയുള്ളു.

    27.6 കിലോമീറ്റര്‍ സര്‍വീസ് റോഡിന്റെ നിര്‍മാണത്തിന് മന്ത്രിസഭായോഗം അനുമതി കൊടുത്തു. റോഡിന്റെ നിര്‍മാണത്തിന് 42 കോടി വകയിരുത്തി. ഈ തുക പിന്നീട് ദേശീയപാത അതോറിട്ടിയില്‍ നിന്നും അനുവദിച്ചുകിട്ടും. ഏഴു പാലങ്ങള്‍ക്ക് നടപ്പാതയും നിര്‍മ്മിക്കും. വയനാട്ടിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് കൃഷിമന്ത്രിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

    ReplyDelete