Sunday, January 15, 2012

നയങ്ങള്‍ തിരുത്തിക്കാനുള്ള പ്രക്ഷോഭത്തില്‍ അണിചേരുക

ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ പെന്‍ഷന്‍ സംവിധാനം ഇല്ലാതാക്കുന്ന പിഎഫ്-ആര്‍ഡിഎ ബില്‍ നിയമമാക്കുന്നതിനായി കേന്ദ്ര യുപിഎ സര്‍ക്കാര്‍ തീവ്രപരിശ്രമത്തിലാണ്. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ പിന്തുണ ഉറപ്പാക്കി, പെന്‍ഷന് മരണവാറണ്ട് എഴുതുന്ന ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനാണ് യുപിഎ ശ്രമിക്കുന്നത്. ജീവനക്കാരുടെ വാര്‍ധക്യകാല ജീവിതം കോര്‍പറേറ്റുകളുടെയും ഓഹരിക്കമ്പോളത്തിന്റെയും ദയാദാക്ഷിണ്യങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുന്ന പിഎഫ്-ആര്‍ഡിഎ ബില്‍ പിന്‍വലിക്കണം. അതിശക്തമായ പ്രക്ഷോഭത്തിലൂടെയും പ്രതിരോധത്തിലൂടെയും മാത്രമേ വിനാശകരമായ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും സര്‍ക്കാരിനെ പിന്‍തിരിപ്പിക്കാന്‍ കഴിയൂ. അതിനായി എല്ലാ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂടുതല്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഹരിയാനയിലെ ഹിസാറില്‍ നടന്ന അഖിലേന്ത്യ സ്റ്റേറ്റ് എംപ്ലോയീസ് ഫെഡറേഷന്റെ 14-ാം ദേശീയ സമ്മേളനം ആഹ്വാനംചെയ്തിട്ടുണ്ട്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം രാജ്യവ്യാപകമായി ഓഫീസ് ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി.

1960ല്‍ വിവിധ സംസ്ഥാന ജീവനക്കാരുടെ സംഘടനകളെ യോജിച്ച് അണിനിരത്തിയാണ് ഹൈദരാബാദില്‍ അഖിലേന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ രൂപീകരിച്ചത്. ഭരണസംവിധാനത്തിന്റെ ഭാഗമായി നിലകൊണ്ട്, ജീവനക്കാര്‍ക്ക് വ്യക്തമായ ദിശാബോധം പകര്‍ന്നുനല്‍കുന്നതിന് അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നടപ്പാക്കിവരുന്ന നവഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ജീവനക്കാരെ സമരസജ്ജരാക്കുന്നതിനും ഫെഡറേഷന്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന എല്ലാ ദേശീയ പണിമുടക്കുകളിലും ഇതര തൊഴിലാളിസംഘടനകളോടൊപ്പം ജീവനക്കാരെ അണിനിരത്തുന്നതിന് സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വേഷം, ഭാഷ, സംസ്കാരം, ദേശീയത ഇത്യാദി വൈജാത്യങ്ങള്‍ക്കിടയിലും ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ അവകാശബോധവും സംഘബോധവും സൃഷ്ടിച്ചുകൊണ്ട് പ്രവര്‍ത്തനപന്ഥാവില്‍ സുവര്‍ണജൂബിലി പിന്നിട്ട പ്രസ്ഥാനമാണിത്.

കര്‍ഷകസമരങ്ങളുടെ ചരിത്രമുറങ്ങുന്ന ഹരിയാന ഇതാദ്യമായാണ് ഫെഡറേഷന്റെ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. 15ന് രാവിലെ ചെയര്‍മാന്‍ ആര്‍ ജി കാര്‍ണിക് പതാക ഉയര്‍ത്തി. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമുള്ള രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവം തപന്‍ സെന്‍ വിശദീകരിച്ചു. വന്‍കിട കോര്‍പറേറ്റുകളും ഭരണനേതൃത്വവും ചേര്‍ന്ന് രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ പട്ടിണിയകറ്റുന്നതിന് ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കോര്‍പറേറ്റുകള്‍ക്കായി ഖജനാവ് തുറന്നുവയ്ക്കുമ്പോഴും ആളിക്കത്തുന്ന വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനോ, ഭക്ഷ്യ സബ്സിഡിക്ക് പണം അനുവദിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവരുടെ അവകാശങ്ങള്‍ക്കുമേല്‍ കടുത്ത ആക്രമണമാണ് നവ ഉദാരവല്‍ക്കരണനയങ്ങള്‍ സൃഷ്ടിക്കുന്നത്. പെന്‍ഷന്‍ അടക്കമുള്ള എല്ലാ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളെയും ആഗോളവല്‍ക്കരണം ഇല്ലാതാക്കുകയാണ്. എല്ലാ വിഭാഗം തൊഴിലാളികളെയും അണിനിരത്തിക്കൊണ്ടുമാത്രമേ ഈ നയങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് തപന്‍സെന്‍ ചൂണ്ടിക്കാട്ടി.

പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. ഡി ആര്‍ ചൗധരി, ജഗ്മതി സഗ്വാന്‍ (വൈസ്പ്രസിഡന്റ് എഐഡിഡബ്ല്യുഎ), പ്രദീപ് ബിശ്വാസ് (ബിഇഎഫ്ഐ), അനില്‍ ഭട്നഗര്‍ (എഐഐഇഎ സോണല്‍ സെക്രട്ടറി), സുരിന്ദര്‍ മാലിക് (സിഐടിയു സംസ്ഥാന സെക്രട്ടറി), സുകോമള്‍ സെന്‍ , ആര്‍ മുത്തുസുന്ദരം എന്നിവരും പങ്കെടുത്തു. ആര്‍ മുത്തുസുന്ദരം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് രണ്ടുദിവസങ്ങളിലായി റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ആറ് വനിതകള്‍ ഉള്‍പ്പെടെ 42 പേര്‍ പങ്കെടുത്തു. 17ന് നടന്ന വനിതാസമ്മേളനം ജഗ്മതി സഗ്വാന്‍ ഉദ്ഘാടനംചെയ്തു. വിലക്കയറ്റം, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ , കാര്യക്ഷമമായ സിവില്‍ സര്‍വീസ്, നവലിബറല്‍ സാമ്പത്തികനയങ്ങള്‍ , സംഘടനാഫണ്ട്, പണിമുടക്ക് അവകാശം, പൊതുവിതരണസമ്പ്രദായം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെ 18 പ്രമേയങ്ങള്‍ അംഗീകരിച്ചു. 2012 ഫെബ്രുവരി 28 ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക എന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. 17ന് വൈകുന്നേരം സുകോമള്‍ സെന്‍ നയപരിപാടി ഭേദഗതി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി മറുപടി പറഞ്ഞു. ആര്‍ ജി കാര്‍ണിക് സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സോവനീര്‍ പ്രകാശനംചെയ്തു.

ഇരുപത് സംസ്ഥാനങ്ങളിലെ ഇരുപത്തിനാല് സംഘടനകളെ പ്രതിനിധാനംചെയ്ത് 196 വനിതകള്‍ ഉള്‍പ്പെടെ 1364 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നാലുനാള്‍ നീണ്ട സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ശ്രദ്ധേയമായ തയ്യാറെടുപ്പുകളാണ് ഹരിയാനയിലെ ജീവനക്കാരുടെ സംഘടിതപ്രസ്ഥാനം നടത്തിയത്. സിഐടിയു, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ , എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും സമ്മേളനവിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തിയ പ്രതിനിധികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വാഗതസംഘത്തിന് കഴിഞ്ഞു. ഹരിയാനയുടെ മണ്ണില്‍ ഉദിച്ചുയരുന്ന പുരോഗമനപ്രസ്ഥാനത്തിന്റെ ശക്തിയും സൗന്ദര്യവും സമ്മേളനത്തിന്റെ സംഘാടനത്തിലും ഉള്ളടക്കത്തിലും പ്രതിഫലിച്ചിരുന്നു.

നവഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഒന്നടങ്കം സംഘടനാ ഭേദമന്യേ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇത്തരം പോരാട്ടങ്ങളില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം കണ്ണിചേരാന്‍ ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരോടും അഭ്യര്‍ഥിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ 2012 ഫെബ്രുവരി 28ന് ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഒന്നടങ്കം ദേശീയപണിമുടക്ക് നടത്തുകയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിന് നടത്തുന്ന ഈ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ ജീവനക്കാരോടും സമ്മേളനം ആഹ്വാനംചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത അഭിപ്രായമുള്ള ജീവനക്കാരെ ഏകോപിപ്പിക്കുന്നതിനും ഇന്ത്യയിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ത്തിയെടുക്കുന്നതിനും അഞ്ചുപതിറ്റാണ്ടിന്റെ ഉജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ അഖിലേന്ത്യാ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന് കഴിഞ്ഞിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും നവലിബറല്‍ നയങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതിന് 14-ാം ദേശീയസമ്മേളനത്തിന് കഴിഞ്ഞു. സമത്വത്തിലധിഷ്ഠിതമായ, ചൂഷണരഹിത ലോകം സാക്ഷാത്കരിക്കാനുള്ള പോരാട്ടങ്ങളെ ഹൃദയത്തിലാവഹിച്ച്, സമ്മേളനം പകര്‍ന്നുനല്‍കിയ അവബോധത്തിന്റെ പുത്തന്‍ കരുത്തുമായാണ് പ്രതിനിധികള്‍ ഹരിയാനയില്‍നിന്ന് മടങ്ങിയത്.

എ ശ്രീകുമാര്‍ deshabhimani 140112

1 comment:

  1. ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ പെന്‍ഷന്‍ സംവിധാനം ഇല്ലാതാക്കുന്ന പിഎഫ്-ആര്‍ഡിഎ ബില്‍ നിയമമാക്കുന്നതിനായി കേന്ദ്ര യുപിഎ സര്‍ക്കാര്‍ തീവ്രപരിശ്രമത്തിലാണ്. മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ പിന്തുണ ഉറപ്പാക്കി, പെന്‍ഷന് മരണവാറണ്ട് എഴുതുന്ന ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനാണ് യുപിഎ ശ്രമിക്കുന്നത്. ജീവനക്കാരുടെ വാര്‍ധക്യകാല ജീവിതം കോര്‍പറേറ്റുകളുടെയും ഓഹരിക്കമ്പോളത്തിന്റെയും ദയാദാക്ഷിണ്യങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുന്ന പിഎഫ്-ആര്‍ഡിഎ ബില്‍ പിന്‍വലിക്കണം. അതിശക്തമായ പ്രക്ഷോഭത്തിലൂടെയും പ്രതിരോധത്തിലൂടെയും മാത്രമേ വിനാശകരമായ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും സര്‍ക്കാരിനെ പിന്‍തിരിപ്പിക്കാന്‍ കഴിയൂ. അതിനായി എല്ലാ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂടുതല്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഹരിയാനയിലെ ഹിസാറില്‍ നടന്ന അഖിലേന്ത്യ സ്റ്റേറ്റ് എംപ്ലോയീസ് ഫെഡറേഷന്റെ 14-ാം ദേശീയ സമ്മേളനം ആഹ്വാനംചെയ്തിട്ടുണ്ട്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം രാജ്യവ്യാപകമായി ഓഫീസ് ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കി.

    ReplyDelete