പുല്ലുമേട് ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ശബരിമല വികസനത്തിനുള്ള വനഭൂമി ലഭ്യമാക്കാനോ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച ശബരിമലയില്‍ അവശ്യം വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. പുല്ലുമേട് ദുരന്തം നടന്നപ്പോള്‍ കേരള മോചനയാത്ര നടത്തുകയായിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഇന്ന് മുഖ്യമന്ത്രിക്കസേരയിലിരുന്ന് ജനസമ്പര്‍ക്ക പരിപാടി നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. കഴിഞ്ഞവര്‍ഷത്തെ മകരവിളക്ക് ദിവസം അവിചാരിതമായി പുല്ലുമേട്ടിലുണ്ടായ ദുരന്തത്തില്‍ 102 പേരുടെ ജീവനാണ് പൊലിഞ്ഞത്. അന്ന് ഉമ്മന്‍ചാണ്ടി ദുരന്തബാധിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം പകരുന്നതിന് പകരം എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ , അതേ ഉമ്മന്‍ചാണ്ടി ഇന്ന് മുഖ്യമന്ത്രിയായിട്ടും ശബരിമല വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. 2002 ഡിസംബര്‍ 26ന് അന്ന് ദേവസ്വംമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍ ശബരിമലയിലെത്തി വാര്‍ത്താസമ്മേളനം നടത്തി സീസണ്‍ കഴിഞ്ഞാലുടന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം ചേരുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല.
2005 ഏപ്രില്‍ 21ലെ മാതൃഭൂമി പത്രത്തില്‍ "ശരവേഗത്തിന്റെ നാളുകള്‍" എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വിസ്മരിക്കാനാകില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകളായിരുന്നു അതില്‍ . "ശബരിമല വികസനം ഞാന്‍ എക്കാലവും മനസ്സില്‍ സൂക്ഷിച്ച സ്വപ്നങ്ങളില്‍ ഒന്നാണ്. ശബരിമലയുടെ പ്രത്യേകതയും പ്രാധാന്യവും എനിക്ക് നന്നായി അറിയാം. ഇവിടെയെത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്ക് സൗകര്യം ഒരുക്കുകയെന്നത് എക്കാലവും വലിയ വെല്ലുവിളിതന്നെ. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍ ആദ്യമായി ഉന്നയിച്ച വിഷയം ശബരിമല വികസനമായിരുന്നു. ശബരിമല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഇക്കോ-സ്മാര്‍ട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്"- ഇങ്ങനെ പോകുന്നു ഉമ്മന്‍ചാണ്ടിയുടെ അന്നത്തെ ഗീര്‍വാണം. ഇപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോഴും "വാക്കുകള്‍കൊണ്ട് വികസനം" നടത്തുകയാണ് ഉമ്മന്‍ചാണ്ടി. ശബരിമല വികസനത്തിന് വനഭൂമി കൈമാറാന്‍ കേന്ദ്രം തയ്യാറായപ്പോള്‍ അതിന് തടയിട്ട് വനഭൂമി ദേവസ്വം ബോര്‍ഡിനെക്കൊണ്ട് വാങ്ങിപ്പിക്കാമെന്ന് പറഞ്ഞതും ഉമ്മന്‍ചാണ്ടിയാണ്. ബോര്‍ഡിന്റെ കോടിക്കണക്കിന് രൂപ ചെലവിട്ട് പകരം വനഭൂമി വാങ്ങിപ്പിച്ച് അഴിമതി നടത്തുകയായിരുന്നു ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍തന്നെ വനഭൂമി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് നടയില്‍ ഉപവാസം കിടന്നതും മുഖ്യമന്ത്രിയെക്കൊണ്ട് തീരുമാനം മാറ്റിച്ചതും ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷനാണ്.
2005ല്‍ ആവശ്യമായ വനഭൂമിക്ക് സുപ്രീം കോടതി അനുവാദം കൊടുത്തപ്പോള്‍ വനഭൂമിയുടെ നെറ്റ് പ്രസന്റീവ് മൂല്യമായ എട്ടുകോടിക്ക് പകരം കമ്പക്കല്ലില്‍ അനുവദിച്ച വനഭൂമിയില്‍ മരം വച്ച് പിടിപ്പിക്കുന്നതിന് ഒരു കോടി രൂപ ദേവസ്വം ബോര്‍ഡിനെക്കൊണ്ട് അടപ്പിച്ചതും ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. എന്നാല്‍ , പിന്നീട് ഒന്നും നടന്നില്ല. 2006ല്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പമ്പയിലും ശബരിമലയിലും നിലയ്ക്കലും വനഭൂമി അനുവദിച്ചത്. 1998ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേവസ്വം മന്ത്രി സി കെ നാണുവും ബോര്‍ഡ് പ്രസിഡന്റ് വി ജി കെ മേനോനുമായിരുന്നു. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം ലോക്സഭാ സ്പീക്കറായിരുന്ന ജി എം സി ബാലയോഗി ശബരിമല സന്ദര്‍ശിക്കുകയും പ്രശ്നങ്ങള്‍ മനസിലാക്കുകയുംചെയ്തു. അതിന് ശേഷമാണ് വനഭൂമി സംബന്ധിച്ച് ക്രിയാത്മകമായ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചതെന്നത് വിസ്മരിക്കാനാകില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 500 ഏക്കര്‍ വനഭൂമി വിട്ടുകിട്ടുന്നതിനായി പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നിവേദനം സമര്‍പ്പിച്ചു. ചര്‍ച്ചയും നടത്തി. തുടര്‍ന്ന് പിഎസി ചെയര്‍മാന്‍ ബൂട്ടാ സിങ്ങടക്കം 20 എംപിമാര്‍ ശബരിമലയില്‍ വരികയും അന്വേഷണം നടത്തുകയുംചെയ്തു.
പെരിയാര്‍ കടുവ സംരക്ഷണമേഖലയില്‍ വനഭൂമി വിട്ടുകിട്ടാന്‍ താമസിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് പാര്‍ലമെന്റ് സമിതിതന്നെ പറഞ്ഞിരുന്നു. നിലയ്ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിനു സമീപം ഫാമിങ് കോര്‍പറേഷന്‍ വക 110 ഹെക്ടര്‍ റബര്‍മരങ്ങളോട് ചേര്‍ന്ന സ്ഥലമാണ് ശബരിമല വികസനത്തിനായി നല്‍കിയത്. 110 ഏക്കര്‍ പ്രഖ്യാപിച്ചെങ്കിലും 60 ഹെക്ടറിന്റെ രേഖമാത്രമാണ് ബോര്‍ഡിന് ആദ്യം നല്‍കിയത്. വനഭൂമിയുടെ നെറ്റ് പ്രസന്റീവ് മൂല്യം എന്ന നിലയില്‍ എട്ട് കോടി രൂപ ബോര്‍ഡിനെക്കൊണ്ട് അടപ്പിച്ചു. പകരം റബര്‍ തോട്ടങ്ങളാണ് നല്‍കിയത്. അതിനാല്‍ വനഭൂമിക്കായി അടച്ച എട്ടു കോടി രൂപ തിരികെ നല്‍കേണ്ടതാണ്. അത് ഇതുവരെ നല്‍കിയിട്ടില്ല. വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന തീര്‍ഥാടനകേന്ദ്രത്തിന്റെ വികസനത്തിന് ചെലവാകുന്ന തുകയുടെ ഗണ്യമായ ശതമാനം നല്‍കേണ്ടത് സര്‍ക്കാരാണ്. ക്ഷേത്രത്തിന്റെ അനുബന്ധ പാതകളുടെ വികസനത്തിനു വേണ്ട എല്ലാ തീരുമാനവും എടുക്കേണ്ടത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ്. എന്നാല്‍ , ഈ സീസണില്‍ റോഡ് വികസന കാര്യത്തില്‍ പ്രസ്താവനയല്ലാതെ ഒന്നും നടന്നിട്ടില്ല. സാധാരണ പമ്പ മുതല്‍ ചാലക്കയംവരെയുള്ള റോഡ് എല്ലാ വര്‍ഷവും കോടികള്‍ ചെലവാക്കി സഞ്ചാരയോഗ്യമാക്കാറുണ്ട്. ഇത്തവണ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ റോഡ് കുണ്ടുംകുഴിയുമായ നിലയിലാണ്. മണ്ണാര്‍കുളങ്ങര- ടോള്‍ഗേറ്റ് റോഡും തഥൈവ.
ശബരിമല മാസ്റ്റര്‍പ്ലാന്‍ മെച്ചപ്പെടുത്തി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സി കെ ഗുപ്തന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോഴാണ്. ചന്ദ്രാനന്ദന്‍ റോഡിന് ഏഴുമീറ്റര്‍ വീതികൂട്ടി വൃത്തിയാക്കി കോണ്‍ക്രീറ്റ് ചെയ്തു. ഇരുമ്പ് കൈവരിയും സ്ഥാപിച്ചു. 380 ടോയ്ലറ്റുകള്‍ , 20 ലക്ഷം ലിറ്റര്‍ വീതം വെള്ളം കൊള്ളുന്ന രണ്ട് ജലസംഭരണി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അന്ന് നടത്തി. ദുരന്തമുണ്ടായ പുല്ലുമേട് ശബരിമലയില്‍നിന്ന് ഒമ്പത് കിലോമീറ്ററോളം അകലെയാണ്. ശബരിമലയിലേക്ക് വണ്ടിപ്പെരിയാര്‍വഴി പുല്ലുമേട്ടിലെത്തുന്ന വനം, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് ആയി മാറ്റിയിട്ടുണ്ട്. ഈ പ്രദേശം കേന്ദ്ര വനംവകുപ്പിന്റെ അധീനതയിലാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു വികസനവും നടത്താനാകില്ല. മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് പാതയോരത്ത് വീതി കൂട്ടുന്നതിനും വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ഇടത്താവളങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്രം വനഭൂമി അനുവദിച്ചേ മതിയാകൂ. വരുന്ന തീര്‍ഥാടന കാലത്തിന് മുമ്പെങ്കിലും അത് ചെയ്യണം.
ഈ അവസരത്തില്‍ ബെയ്ലി പാലത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല. ഏകദേശം നാലുമീറ്റര്‍ വീതിയും 94 ഇരുമ്പു ഷീറ്റോടുകൂടിയതുമായ ജോഗ്പുരില്‍ ഉപയോഗശൂന്യമായി കിടന്ന പാലമാണിത്. ശബരിമലയില്‍ കൊണ്ടുവന്നതിന് ബോര്‍ഡിന് ചെലവ് 15 ലക്ഷം രൂപ. അപ്രോച്ച് റോഡ് നിര്‍മാണത്തിന് ചെലവായത് രണ്ടു കോടി രൂപ. സര്‍ക്കാരിന് പാലം നിര്‍മാണത്തിന് ഒന്നും ചെലവായില്ലെന്നതാണ് വസ്തുത. ശബരിമലയില്‍ സര്‍ക്കാര്‍ വികസനം നടത്തിയെന്ന് പറയുമ്പോള്‍ അതിന്റെ ചെലവ് വഹിച്ചതൊക്കെയും ദേവസ്വംബോര്‍ഡാണെന്ന് ചുരുക്കം. ശബരിമല സീസണില്‍ ബോര്‍ഡിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് സര്‍ക്കാരിനാണ്. റോഡ് ടാക്സ്, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം, ഗതാഗതം തുടങ്ങിയ ഇനങ്ങളില്‍ കോടികളുടെ വരുമാനം ലഭിക്കുന്ന കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളാണ് ദേവസ്വംബോര്‍ഡിനെ ഞെക്കിപ്പിഴിയുന്നത്. നിലവില്‍ കേരളത്തില്‍നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാരാണുള്ളത്. ഇവര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ആവശ്യമായ എല്ലാ സഹായവും വാങ്ങിനല്‍കി ഇനിയും ഒരു ദുരന്തം ഉണ്ടാകാത്ത രീതിയില്‍ ശബരിമല വികസനം സാധ്യമാക്കണം.
ആര്‍ ഷാജി ശര്‍മ (തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
deshabhimani 140112
പുല്ലുമേട് ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ശബരിമല വികസനത്തിനുള്ള വനഭൂമി ലഭ്യമാക്കാനോ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച ശബരിമലയില്‍ അവശ്യം വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.
ReplyDelete